വാൽപാറ ∙ ഹെയർപിൻ റോഡുകളിലെ ചില അശാസ്ത്രീയത ചൂണ്ടിക്കാട്ടി പാലക്കാട് നിന്നുള്ള വിദഗ്ധ സംഘം. മോട്ടർ വാഹന ഉദ്യോഗസ്ഥരടങ്ങുന്ന റോഡ് സുരക്ഷാ ഉദ്യോഗസ്ഥരാണു തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്കു വിവരങ്ങൾ കൈമാറിയത്.
മഴവെള്ളവും വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള വെള്ളവും ഒഴുകിപ്പോകാൻ റോഡിന്റെ വശങ്ങളിൽ ചാൽ നിർമിച്ചാൽ നന്നാകുമെന്നു മലയാളി സംഘം ചൂണ്ടിക്കാട്ടി. വെള്ളം റോഡിലേക്ക് ഒഴുകിയാൽ വാഹനം തെന്നിമാറാനുള്ള (Skid) സാധ്യത കൂടുതലാണെന്നും പറയുന്നു.
കേരളത്തിലെ നെല്ലിയാമ്പതയിൽ ഉൾപ്പെടെ ചുരം റോഡുകളിൽ മഴവെള്ളം കാരണം വാഹനം തെന്നി മാറി അപകടങ്ങളുണ്ടായിട്ടുണ്ടെന്നും ചാൽ ഒരുക്കിയതോടെ ഈ പ്രശ്നം പരിഹരിച്ചെന്നും മലയാളി സംഘം തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ചിലയിടത്തു മാത്രമാണു ചാൽ ഇല്ലാത്തതെന്നും ബാക്കിയുള്ളിടത്തു പഠനം നടത്തി സംവിധാനം ഒരുക്കുമെന്നും പൊള്ളാച്ചി ജോയിന്റ് ആർടിഒ ശശി കുമാർ അറിയിച്ചു.
വാൽപാറയിലെ അപകടത്തെ സംബന്ധിച്ചു മലയാളി ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ട് സർക്കാരിനു ഇന്നു കൈമാറും.
സുരക്ഷാഭിത്തിയുടെ വലുപ്പക്കുറവും അപകടകാരണം?
വാൽപാറ ചുരത്തിലെ വളവുകളിലെ സംരക്ഷണ ഭിത്തികൾക്കെല്ലാം ഉയരമുണ്ട്. പക്ഷേ കൊടുംവളവുകളായ ഒൻപതിലും 13ലും ഉൾപ്പെടെ ചിലയിടത്തു സംരക്ഷണ ഭിത്തികൾക്ക് ഉയരം വളരെ കുറവാണ്.
13ാം വളവിലാണ് അപകടമുണ്ടായത്. സംരക്ഷണ ഭിത്തിക്ക് ഉയരമില്ലാത്തതിനാൽ വാൻ ഇതിൽ തട്ടി താഴേക്കു മറിയുകയായിരുന്നു.
അതേസമയം, ഈ ഭാഗങ്ങളിൽ വെള്ളച്ചാട്ടങ്ങൾ ഉള്ളതിനാൽ സംരക്ഷണ ഭിത്തികൾ ഉയരം കൂട്ടി നിർമിക്കാൻ കഴിയില്ലെന്നു തമിഴ്നാട്ടിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം റോഡിൽ കെട്ടിനിൽക്കാതെ ഒഴുകി പോകാനാണു വെള്ളച്ചാട്ടമുള്ളയിടങ്ങളിൽ സംരക്ഷണ ഭിത്തികൾ ഉയരം കുറച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, സംരക്ഷണ ഭിത്തിയുടെ ഉയരം കൂട്ടി പകരം റോഡ് വശങ്ങളിൽ ചാലുകൾ നിർമിക്കണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
അപകടം മുൻപും
2012 നവംബർ 17നു പഴനിയിൽനിന്നു വാൽപാറയിലേക്കു പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് നിയന്ത്രണംവിട്ടു 200 അടിയോളം താഴ്ചയിലേക്കു മറിഞ്ഞ് 7 പേർ മരിച്ചിട്ടുണ്ട്.
43 പേർക്ക് പരുക്കേറ്റു. രാത്രി പത്തോടെ നാലാമത്തെ വളവിലായിരുന്നു അപകടം.
വളവ് തിരിയുന്നതിനിടെ ബസ് സുരക്ഷാ ഭിത്തിയിൽ തട്ടി താഴേക്ക് 200 അടിയോളം താഴ്ചയിലേക്കു പതിക്കുകയായിരുന്നു.
ബസ് മരത്തിൽ തട്ടി നിന്നതു കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാനായി. കഴിഞ്ഞ വർഷം ജൂലൈയിൽ എട്ടിനും ഒൻപതിനും ഇടയിലുള്ള വളവിൽ സംരക്ഷണ ഭിത്തിയിൽ തട്ടി വാൻ മറിഞ്ഞ് മൂന്നു തൊഴിലാളികൾ മരിച്ചിരുന്നു.
ഇതിനുശേഷം പലയിടത്തും വാഹനം ഡെലിനേറ്റർ (പ്രത്യേകതരം സംരക്ഷണഭിത്തി) സ്ഥാപിച്ചിരുന്നു. വാഹനം ഇടിച്ചാലും കേടുപാടുകൾ പറ്റാത്ത സംരക്ഷണ ഭിത്തിയാണു ഡെലിനേറ്റർ.
പക്ഷേ വലിയ വളവുകളായ 13ലും ഒൻപതിലും ഇതുമില്ല.
കേരളത്തിലും പഠനം
വാൽപാറയിലെ അപകടകാരണം കണ്ടെത്തി കേരളത്തിലെ ചുരം റോഡുകളിൽ എന്തെങ്കിലും സംവിധാനം ഒരുക്കേണ്ടതുണ്ടോയെന്നു കണ്ടെത്താൻ പഠനം നടത്താൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സംഘം വാൽപാറയിൽ അപകടം നടന്ന സ്ഥലം പരിശോധിച്ചു.
തമിഴ്നാട് ഉദ്യോഗസ്ഥരിൽ നിന്നുള്ള റിപ്പോർട്ട് കൂടി ലഭിച്ചശേഷം കൂടുതൽ പഠനം നടത്താനാണു തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

