കുഴൂർ ∙ തെക്കൻ താണിശേരി – കള്ളിയാട് റോഡിന്റെ ടാറിങ് വീണ്ടും വൈകിയേക്കുമെന്ന് സൂചന. ടാറിന്റെ ലഭ്യത കുറഞ്ഞതാണ് നിർമാണ പൂർത്തീകരണം വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.
രണ്ടര കിലോമീറ്ററോളം ഇനിയും ടാറിങ് നടത്താനുണ്ട്. ഇതിനായി മൂന്നാഴ്ചകൾക്ക് മുൻപ് റോഡിൽ മെറ്റലും ടാക്ക് കോട്ടും വിരിക്കുകയും ചെയ്തു.
ടാക്ക് കോട്ട് (മെറ്റൽ ഇളകിമാറാതിരിക്കാനുള്ള മിശ്രിതം) വിരിച്ചതിനാൽ ഇതിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം 24 ദിവസത്തോളം നിരോധിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടു മുൻപാണ് റോഡ് താൽക്കാലികമായി ഗതാഗതത്തിനു തുറന്നത്.
മെറ്റൽ വിരിച്ചതിനെത്തുടർന്ന് റോഡ് ദിവസങ്ങളോളം അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
നിലവിൽ മെറ്റൽ വിരിച്ചത് തകർന്നുതുടങ്ങി. പലയിടത്തും ചെറിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
റോഡിന്റെ പ്രതലത്തിൽ വിരിച്ച മെറ്റൽ ഇളകി നിരതെറ്റിയതാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തിനാണ് റോഡിന്റെ നിർമാണ നിർവാഹണ ചുമതലയുള്ളത്.
തുടക്കത്തിലുണ്ടായിരുന്ന കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ നിയോഗിച്ചാണ് റോഡ് നവീകരണം നടപ്പാക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്ന റോഡിന്റെ നവീകരണം ഏതാനും മാസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്.
ഫെബ്രുവരി ആദ്യ ആഴ്ചയിൽ ടാറിങ് ആരംഭിച്ചുവെങ്കിലും അടുത്ത ദിവസങ്ങളിൽ നിലച്ചു. പൂർത്തിയായ നിർമാണ പ്രവൃത്തികൾക്കുള്ള ഫണ്ട് ലഭ്യമാകാത്തതിനെത്തുടർന്നാണ് ടാറിങ് നിർത്തിവച്ചത്.
തുടർന്ന് ജില്ലാ പഞ്ചായത്തും പഞ്ചായത്തും ഇടപെട്ട് അനുവദിച്ച കാലാവധികൾ പൂർത്തിയായെങ്കിലും ബാക്കിയുള്ള ഭാഗത്തെ ടാറിങ് ഉടനടി പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതിനിടയിലാണ് ടാറിന്റെ ലഭ്യത കുറഞ്ഞത് പ്രതിസന്ധിയിലായത്.
നാട്ടുകാർ നേരിടുന്ന ദുരിതം പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി പഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ അറിയിച്ചു. ടാർ ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തര പ്രാധാന്യത്തോടെ റോഡിന്റെ നവീകരണം പൂർത്തിയാക്കുമെന്നും വിഷു അടക്കമുള്ള അവധി ദിനങ്ങൾക്ക് ശേഷം അടുത്ത ആഴ്ചയെങ്കിലും ടാർ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

