ചങ്ങനാശേരി ∙ ആഡംബര കാറുകൾ, ബൈക്കുകൾ, എന്തു സംഭവിച്ചാലും ചോദിക്കാനും പറയാനും ആളുകൾ, കൈനിറയെ പണം, നൈറ്റ് പാർട്ടികൾ, നിരോധിത ലഹരി മരുന്നുകൾ, ത്രില്ലടിപ്പിക്കുന്ന കഥകൾ.. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെയടക്കം ‘ഹീറോ’കളാണ് ചങ്ങനാശേരി നഗരത്തിലെ ക്രിമിനലുകൾ.
ആരാധകരിൽ ആവേശം കൂടുതലുള്ളവർ ഇവരുടെ സംഘത്തിൽ ചേരും. ഒട്ടേറെ കേസുകളിൽ പ്രതിയായ ‘ആശാന്റെ’ നേതൃത്വത്തിൽ പരിശീലനം.
ഇത്തരത്തിൽ വടക്കേക്കര സ്വദേശിയുടെ ശിഷ്യത്വം സ്വീകരിക്കാൻ എത്തിയത് പ്ലസ്ടു പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർഥി !. മുളകുപൊടി വിതറി ആക്രമണം നടത്തുന്ന വിദ്യ ആശാൻ ശിഷ്യനു പകർന്നു.
ഒറ്റയ്ക്ക് ഏറ്റെടുത്ത ക്വട്ടേഷനിൽ അറസ്റ്റിലായി ആശാൻ ജയിലിൽ ആയെങ്കിലും ബൈക്കിന്റെ ക്രാഷ് ഗാർഡിൽ വടിവാൾ തിരുകിവച്ച് ശിഷ്യൻ നഗരത്തിൽ ഭീതി വിതച്ച് നടപ്പുണ്ട്.
2014ൽ നഗരത്തെ നടുക്കിയ കൊലപാതകശ്രമത്തിനു ജയിലിൽ പോയ ഇരുപത്തിരണ്ടുകാരൻ പുറത്തിറങ്ങിയത് വീരപരിവേഷത്തോടെയാണ്. ഒപ്പം ചേരാൻ സമപ്രായക്കാരെത്തിയതോടെ ചങ്ങനാശേരി കേന്ദ്രീകരിച്ച് ഗ്യാങ്ങുണ്ടാക്കി.
കളത്തിൽ തങ്ങളുമുണ്ടെന്ന് അറിയിക്കാൻ ഇടയ്ക്കിടെ പരസ്യമായ ആക്രമണങ്ങൾ. ശേഷിക്കുന്ന കാലത്ത് ജീവിക്കാൻ കഞ്ചാവുവിൽപന.
ഇപ്പോൾ സംസ്ഥാനത്ത് ഉടനീളം ലഹരി വിൽക്കുന്ന ഡ്രഗ് കാർട്ടലുകളിലൊന്നായി ഇവർ മാറിയെന്ന് പൊലീസ് പറയുന്നു.
ഗ്യാങ്ങില്ലാത്ത ഒറ്റയാന്മാർ
ചെറുതും വലുതുമായ പല ഗ്യാങ്ങുകളും നഗരത്തിലുണ്ടെങ്കിലും പലപ്പോഴും കേസുകളിൽ ഉൾപ്പെടുന്നത് ക്രിമിനൽ സംഘങ്ങളിൽ ഉൾപ്പെടാത്തവരാണ്. ആക്രമണ– ലഹരി വിൽപന കേസുകളിൽ അറസ്റ്റിലാകുന്നത് 16നും 27നും ഇടയിൽ പ്രായമുള്ളവരാണ്.
ലഹരി ഉപയോഗിച്ച ശേഷമുണ്ടാക്കുന്ന ആക്രമണങ്ങളാണ് കൂടുതലും.
പകൽ മുഴുവൻ ലഹരി ഉപയോഗിച്ചതിന്റെ മയക്കത്തിൽ കിടക്കുന്നവർ രാത്രി ഒറ്റയ്ക്കോ സംഘമായോ ആയുധങ്ങളുമേന്തി നഗരത്തിലേക്കിറങ്ങും. റോഡിലൂടെ പോകുന്നവരുടെ മേൽ തരിപ്പ് തീർക്കും.‘ഏണി വയ്ക്കുക’, ‘വള്ളിപിടിത്തം’ തുടങ്ങിയ പേരുകളിലാണ് ഈ കസർത്ത്.
പല സംഭവങ്ങളിലും നിരപരാധികൾക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാൽ ഭീഷണിയും തുടർന്ന് ആക്രമണമുണ്ടാകുമോയെന്ന ഭയവും കാരണം ആർക്കും പരാതിയില്ല.
ഇതാണോ നൈറ്റ് ലൈഫ് ?
അതിവേഗത്തിൽ വളരുന്ന നഗരമാണ് ചങ്ങനാശേരി.
നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങൾ ഒട്ടേറെ വരുന്ന സമയമാണ്. എന്നാൽ ആ സ്വപ്നങ്ങൾക്ക് വിഘാതമാകുകയാണ് ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവും ലഹരിവ്യാപനവും.
രാത്രി നഗരത്തിൽ നടക്കുന്നത് വൻ ലഹരി ഇടപാടുകളാണെന്ന് പൊലീസും എക്സൈസും പറയുന്നു. പലപ്പോഴും രാത്രി പ്രവർത്തിക്കുന്ന കടകളുടെ പരിസരത്താണ് ഇതു സംഭവിക്കുന്നത്.
പെൺകുട്ടികളും സംഘമായി തിരിഞ്ഞ് ഇടപാടിനെത്തുന്നു.
ഇവിടെ നിന്നുള്ള തർക്കം റോഡിലേക്ക് നീളും. പല സംഭവങ്ങളും അവഗണിക്കുകയാണെങ്കിലും രാത്രി പ്രവർത്തിക്കുന്ന കടകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇത്തരമൊരു കടയ്ക്ക് മുൻപിലുണ്ടായ തർക്കത്തിന്റെ ബാക്കിയായാണ് എസി റോഡിലെ ബാർ ഹോട്ടലിൽ അടി പൊട്ടിയത്. ബൈപാസ് റോഡിലെ ചില കടകളിലും എംഡിഎംഎ അടക്കം മാരക ലഹരി കൈമാറ്റമുണ്ട്.
ഭക്ഷണ മെനുവിലുള്ള സാധനങ്ങളൊന്നും കടയിലുണ്ടാവില്ല. എന്നാൽ കടയ്ക്കുള്ളിൽ യുവതീയുവാക്കളുടെ വലിയ തിരക്കായിരിക്കും.
ലഹരി കൈമാറ്റം നടക്കുന്ന സ്ഥലങ്ങളെ അടയാളപ്പെടുത്താൻ പൊലീസ് തയാറാക്കിയ റെഡ് സോണുകളിൽ ഈ പ്രദേശവും കടകളുമുണ്ട്.
സഹികെട്ട് ജനം
ലഹരി ഉപയോഗിക്കാൻ എത്തിയവർക്കെതിരെ പ്രതികരിച്ച് നാട്ടുകാർ. വാഴപ്പള്ളിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയ യുവാക്കളുടെ സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്.
കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ വടിവാൾ ആക്രമണത്തെത്തുടർന്ന് വാഴപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. ലഹരി വിൽക്കുന്നവരെ തടയിടാൻ നാട്ടുകാരുടെ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

