വടക്കഞ്ചേരി ∙ പാലക്കാട്–തൃശൂർ ദേശീയപാതയിൽ പലയിടത്തും രാത്രിയിൽ വെളിച്ചമില്ല. വാഹനാപകടങ്ങൾ വർധിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും തയാറാകുന്നില്ല.
സർവീസ് റോഡുകളിലും മതിയായ വെളിച്ചമില്ല. പലയിടത്തും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും ട്രാഫിക് നിയന്ത്രണത്തിലെ വീഴ്ചകളും അപകടം ക്ഷണിച്ചു വരുത്തുന്നു.
രാത്രി സമയങ്ങളിൽ ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വടക്കഞ്ചേരി ഭാഗത്ത് സിഗ്നൽ സംവിധാനം പോലുമില്ല.
ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. കഴിഞ്ഞ് മൂന്നുമാസത്തിനിടെ 9 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
കൊമ്പഴയിൽ സർവീസ് റോഡിൽ ഉണ്ടായ ഇരുചക്രവാഹനാപകടത്തിൽ കൊമ്പഴ മുണ്ടേക്കാട്ടിൽ സണ്ണിയുടെ മകൻ ഫെബിൻ (28) മരിച്ചിരുന്നു. ദേശീയപാതയിലെ അടിപ്പാതകളുടെ നിർമാണവും സർവീസ് റോഡ് നിർമാണവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് മൂന്ന് വർഷം മുൻപ് 9 പേർ മരിച്ചു.
എന്നാൽ ഈ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കാൻ പോലും ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് കൃത്യമായി വർധിപ്പിക്കുന്ന ടോൾ കമ്പനി ദേശീയപാതയിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ദേശീയപാത ശങ്കരംകണ്ണൻതോട്ടിൽ വെള്ളച്ചാൽ നിർമിക്കുന്നത് കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു.
ഇവിടെ സർവീസ് റോഡ് നിർമിക്കാനുള്ള സ്ഥലത്താണ് വെള്ളച്ചാൽ നിർമിക്കുന്നത്. സർവീസ് റോഡ് ഇരുഭാഗത്തും നിർമിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

