അടുത്ത കാലയളവിൽ ഐടി മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാതെ, വൈറ്റ് കോളർ ജോലികളിൽ ഉൾപ്പെടെ 25 ശതമാനം വരെ എഐ ഓട്ടോമേഷൻ അനിവാര്യമായി മാറുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. സാങ്കേതികവിദ്യയുടെ ഈ മുന്നേറ്റം ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചാൽ ഉപഭോക്തൃ വിപണിയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകും.
എന്നാൽ, നിർമിത ബുദ്ധിയുടെ പേര് പറഞ്ഞ് കമ്പനികൾ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുന്നത് ഭാവിയിൽ വലിയ നയപരമായ വെല്ലുവിളിയായി മാറും. ഇന്നത്തെ ചാറ്റ് ബോട്ടുകളിൽ നിന്നും മാറി, ഒന്നിലധികം ഐടി ടൂളുകളെ സംയോജിപ്പിച്ച് സങ്കീർണ്ണമായ ജോലികൾ നിർവഹിക്കാൻ ശേഷിയുള്ള ഏജന്റിക് എഐ (Agentic AI) യുഗത്തിലേക്കാണ് ലോകം കടക്കുന്നത്.
ഇത് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്കും എൻട്രി ലെവൽ ജോലികൾക്കും വലിയ ഭീഷണി ഉയർത്തുന്നു. ഐടി മേഖലയ്ക്ക് പുറമെ അദ്ധ്യാപനം, അക്കൗണ്ടിംഗ്, ഫിനാൻസ് തുടങ്ങിയ വൈറ്റ് കോളർ ജോലികളിലും നിർമിത ബുദ്ധിയുടെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ആവർത്തന സ്വഭാവമുള്ള ജോലികൾ പൂർണ്ണമായും എഐ ഏറ്റെടുക്കുമ്പോൾ, മനുഷ്യബുദ്ധിയെ കൂടുതൽ ക്രിയാത്മകമായ കാര്യങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നാണ് പുതിയ കാലം മുന്നോട്ടുവെക്കുന്ന ആശയം. ഉൽപ്പാദനച്ചെലവ് കുറയുന്നത് വിപണിയിൽ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുമ്പോഴും, മനുഷ്യവിഭവശേഷിയുടെ ഭാവി സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നു.
നിലവിൽ, എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് തൊഴിൽ വിപണിയിൽ കൂടുതൽ മുൻതൂക്കം ലഭിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഐടി സേവന മേഖല വിപുലമാണെങ്കിലും, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് എഐ അടിസ്ഥാന സൗകര്യ വികസനത്തിൽ നമ്മൾ ഏറെ പിന്നിലാണ്.
ഹാർഡ്വെയർ, ഊർജ്ജ ഉത്പാദനം, ഡാറ്റാ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ വേഗത്തിലുള്ള പുരോഗതി ഉണ്ടായില്ലെങ്കിൽ ആഗോള വളർച്ചയിൽ ഇന്ത്യ പിന്നിലായേക്കാം. കമ്പനികൾ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലുകൾ സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ കടന്നുവരവ് പോലെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെങ്കിലും, നിലവിലെ ഡിജിറ്റൽ അന്തരം മറികടന്ന് മുന്നേറുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്, ഈ മാറ്റങ്ങളെ നയപരമായി നേരിടാൻ സാധിച്ചില്ലെങ്കിൽ അത് വലിയ തിരിച്ചടിയായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

