ഞീഴൂർ ∙ അവധി ദിനങ്ങൾ കണക്കാക്കി മണ്ണെടുപ്പും പാറ പൊട്ടിക്കലും ചെങ്കല്ല് ഖനനവും വ്യാപകം. ഞീഴൂർ, മുളക്കുളം, കുന്നപ്പിള്ളി മേഖലകളിലാണ് അനധികൃത മണ്ണെടുക്കലും കുന്നിടിക്കലും നടക്കുന്നത്.
അവധി ദിനങ്ങളായതിനാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകില്ല എന്ന കണക്കു കൂട്ടലിലാണു മണ്ണെടുപ്പു സംഘങ്ങൾ സജീവമായിരിക്കുന്നത്. കടുത്തുരുത്തി പൊലീസ് സ്റ്റേഷനു സമീപം പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ആളുകളെ നിയോഗിച്ചാണ് മണ്ണെടുപ്പു സംഘങ്ങളുടെ പ്രവർത്തനം.
തളിയിൽ ക്ഷേത്ര റോഡിലും തോട്ടുവാ റോഡിലും പൊലീസിന്റെ നീക്കങ്ങൾ ശ്രദ്ധിക്കാൻ സംഘങ്ങളുണ്ട്.
പൊലീസ് വാഹനം സ്റ്റേഷനിൽനിന്നു പുറപ്പെട്ടാൽ മണ്ണെടുപ്പു കേന്ദ്രങ്ങളിലേക്ക് ഫോണിൽ സന്ദേശം എത്തും. ഉടൻ തന്നെ മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പറുകളും മാറ്റും.
മണ്ണെടുപ്പിനെപ്പറ്റി പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്ന് നാട്ടുകാർ പറഞ്ഞു.
നിരവധി സ്ഥലങ്ങളിൽ ഏക്കറുകണക്കിന് ഭൂമിയിൽനിന്നു പാറ പൊട്ടിക്കലും നടക്കുന്നുണ്ട്. നടപടി സ്വീകരിക്കേണ്ട
റവന്യു ജിയോളജി വകുപ്പുകളെ നോക്കുകുത്തിയാക്കി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പലയിടത്തും മണ്ണെടുക്കലും ഖനനവും നടക്കുന്നതെന്നാണ് പരാതി .
ടിപ്പറുകളിൽനിന്ന് മണ്ണ് വീണ് പൊടിശല്യം
കടുത്തുരുത്തി ∙ അമിതമായി മണ്ണ് നിറച്ച് പോകുന്ന ടിപ്പറുകളിൽനിന്നു മണ്ണ് റോഡിൽ വീണ് പൊടിശല്യം രൂക്ഷം. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി.
ഞീഴൂർ – കടുത്തുരുത്തി റോഡിലാണ് ദിവസവും മണ്ണ് വീണ് അപകടങ്ങളുണ്ടാകുന്നത്.
പഞ്ചായത്തിലെ പല ഭാഗത്തും മണ്ണെടുപ്പ് നടക്കുന്നുണ്ട്. നിരവധി ടിപ്പറുകളും ടോറസുകളും കടുത്തുരുത്തി ഭാഗത്തേക്ക് തുടർച്ചയായി ഓടുകയാണ്.
ഈ ലോറികളിൽനിന്നും മണ്ണ് വീണ് റോഡിൽ മണ്ണ് നിറഞ്ഞ നിലയിലാണ്. ഇതുമൂലം റോഡിന് സമീപത്തുള്ള വീടുകൾക്കും കാൽനട
യാത്രക്കാർക്കും പൊടിശല്യം സഹിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മണ്ണിൽ കയറി ഇരുചക്ര വാഹനങ്ങൾ മറിയുകയാണ്. നിയമപരമായ അളവിലും കൂടുതലാണ് മണ്ണു കയറ്റിപ്പോകുന്നത്.
മണ്ണിനു മുകളിൽ പടുതയോ മറ്റോ വിരിച്ച് പൊടി പറക്കാതെ കൊണ്ടുപോകണം എന്നാണ് നിയമം. എന്നാൽ ഇതു പാലിക്കാറില്ല.
അധികാരികളുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

