ബസ് സ്റ്റോപ്പിൽ കാത്തുനിന്ന് മുഷിയാത്തവരുണ്ടാവില്ല. ദിവസവും ബസ് പിടിച്ച് ജോലിക്കും മറ്റും പോകുന്ന ഇത്തരക്കാർക്ക് സമയം ലാഭിക്കാനായി മലപ്പുറത്തെ ഒരുകൂട്ടം ചെറുപ്പക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്പാണ് ‘എവിടെ’.
മലപ്പുറം സ്വദേശികളായ ഇർഫാനുൽ റഹ്മാൻ, അൻവർ സ്വാദിഖ്, അമൽ കൃഷ്ണ എന്നിവരാണ് ആപ്പിന്റെ സ്രഷ്ടാക്കൾ. കൊച്ചിയിൽ ജോലിക്ക് പോകാനായി ബസ് സ്റ്റാൻഡിൽ രാവിലെയും വൈകിട്ടുമുള്ള കാത്തിരിപ്പ് നീണ്ടപ്പോഴാണ് ഇങ്ങനെയൊരു ആശയം ഇർഫാനുലിന്റെ മനസ്സിൽ തോന്നിയത്.
അൻവറും അമലും ഒപ്പം ചേർന്നു.
∙‘എവിടെ’യുടെ പിറവി
‘‘എനിക്ക് പോകാനുള്ള ബസ് ഇപ്പോൾ എവിടെ എത്തിയിട്ടുണ്ടാകും. ചന്ദ്രനിൽ വരെ പോയ മനുഷ്യനെന്താ ഈ സൗകര്യം കണ്ടുപിടിക്കാൻ പറ്റാത്തത്?’’, ഇർഫാനുലിന്റെ ഈ ചിന്തയിലാണ് ‘എവിടെ’ എന്ന സ്റ്റാർട്ടപ്പിന്റെ പിറവി.
ബസ് എവിടെ എത്തിയെന്ന് ആപ്പിൽ നോക്കി മനസ്സിലാക്കിയ ശേഷം സമയമാകുമ്പോൾ സ്റ്റോപ്പിലെത്തിയാൽ മതി. വിദേശരാജ്യങ്ങളിൽ മാത്രം ലഭ്യമായ ഈ പ്രീമിയം സേവനം ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ‘എവിടെ’ നൽകുന്നത്.
സ്വപ്നസംരംഭങ്ങൾ സാക്ഷാത്കരിക്കാൻ സംരംഭകർക്ക് പിന്തുണയേകാനായി മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്- ഡ്രീംസ് ടു റിയാലിറ്റി’ സീസൺ-2ൽ പങ്കെടുത്ത് ‘എവിടെ’ ടീം നേടിയത് ലക്ഷങ്ങളുടെ നിക്ഷേപമാണ്.
ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് മനോരമ ഓൺലൈൻ ഒരുക്കിയ മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2 ആദ്യ എപ്പിസോഡ് ഇവിടെ കാണാം.
∙ അരക്കോടിപ്പേരുടെ പ്രശ്നത്തിന് പരിഹാരം
കേരളത്തിൽ അരക്കോടിയിലധികം പേർ സ്ഥിരമായി ബസ് യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പലരും ബസ് കാത്തുനിന്ന് മുഷിയുന്നവർ.
പരിഹാരം കാണാൻ ജിപിഎസ് ഘടിപ്പിച്ച ടിവി സ്ക്രീനുകൾ ബസിനുള്ളിൽ സ്ഥാപിക്കുകയാണ് ഇർഫാനും കൂട്ടരും ചെയ്തത്. ഇതിലൂടെ ബസ് ട്രാക്ക് ചെയ്യാം.
മാത്രമല്ല, ഈ സ്ക്രീനിലൂടെ പരസ്യങ്ങൾ കാണിച്ചുലഭിക്കുന്ന പണമാണ് കമ്പനിയുടെ വരുമാനവും.
ഇനി അറിയാത്ത ഒരു സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ സ്റ്റോപ്പ് എത്തിയോ എന്ന ടെന്ഷനും വേണ്ട. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് ടിവി സ്ക്രീനിലൂടെ അനൗൺസ് ചെയ്യുന്ന സംവിധാനവുമുണ്ട്.
നിലവിൽ മലപ്പുറം ജില്ലയിലെ ഇരുപതോളം ബസുകൾ ലൈവായി ട്രാക്ക് ചെയ്യാൻ കഴിയും. വൈകാതെ കോഴിക്കോട് ജില്ലയിൽ 10 ബസുകൾ കൂടി ‘എവിടെ’ ആപ്പിന്റെ ഭാഗമാകും.
∙ ബുക്കിങ്ങും നടത്താം
ഏറെ വൈകാതെ കേരളത്തിൽ 140 ബസുകളിലേക്ക് ‘എവിടെ’യുടെ സേവനം വ്യാപിപ്പിക്കാനാണ് ഇർഫാനും ചങ്ങാതിമാരും ലക്ഷ്യമിടുന്നത്.
ഭാവിയിൽ മൾട്ടിപ്പിൾ ട്രാവൽ സൊല്യൂഷൻസ് മോഡലിലേക്ക് മാറാനും പ്ലാനുണ്ട്. ഉദാഹരണത്തിന്, കൊച്ചിയിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുന്നവർക്ക് ബസ്, ടാക്സി, ഓട്ടോറിക്ഷ എന്നിങ്ങനെയുള്ള വിവിധ യാത്രാമാർഗങ്ങൾ ഒരൊറ്റ ആപ്പിലൂടെ ബുക്ക് ചെയ്യാം.
കേരളത്തിൽ പ്രവർത്തിച്ച് വലിയ ബ്രാൻഡായി വളരുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ഇർഫാനുൽ റഹ്മാൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

