തലശ്ശേരി ∙ സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പെരളം കൊഴുമ്മൽ കോട്ടൂൽ കുന്നുമ്മൽ വീട്ടിൽ കെ.രാജേഷ് (41) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് നാളെ ശിക്ഷ വിധിക്കും.
2024 നവംബർ 21ന് വൈകിട്ട് 5.30ന് ആയിരുന്നു കൊലപാതകം. ചന്തേര പൊലീസ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന പലിയേരിക്കൊവ്വൽ സൗഭാഗ്യം വീട്ടിൽ ദിവ്യശ്രീക്ക് കൊല്ലപ്പെടുമ്പോൾ 35 വയസ്സായിരുന്നു.
വിവാഹബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്ന് പിതാവിനൊപ്പമായിരുന്നു താമസം.
സംഭവദിവസം ഇവരുടെ വിവാഹമോചനക്കേസ് കോടതി പരിഗണിച്ചിരുന്നു. കോടതിയിൽനിന്നു വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് കൊടുവാളുമായി രാജേഷ് ബൈക്കിലെത്തിയത്.
വാൾകൊണ്ട് ഗ്രിൽസിൽ വെട്ടിയശേഷം കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ വരാന്തയിലേക്ക് ഒഴിച്ചു. വരാന്തയിൽ ഗ്യാസ് സിലിണ്ടർ ഇരിപ്പുണ്ടായിരുന്നു.
ഭയന്ന ദിവ്യശ്രീ നിലവിളിയോടെ പുറത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ പലതവണ വെട്ടേറ്റു.
വീടിന്റെ ഗേറ്റിനു സമീപം വീണപ്പോൾ തുരുതുരാ വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു.
സംഭവശേഷം കടന്നുകളഞ്ഞ രാജേഷിനെ പിന്നീടു ബാറിൽനിന്നാണു പിടികൂടിയത്. ദിവ്യശ്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ശശിമോഹന്റെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്.
പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.പി.ശ്രീഹരിയാണ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ ഹാജരായി.
ഡിജിറ്റൽ തെളിവുകൾ, 65 സാക്ഷികൾ; 36 ദിവസംകൊണ്ട് വിചാരണ പൂർണം
തലശ്ശേരി ∙ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കോടതിമുറിയിലെത്തിച്ചു നടത്തിയ വിചാരണയായിരുന്നു ദിവ്യശ്രീ വധക്കേസിലേത്.
നടുക്കുന്ന രംഗങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, കോടതിയിലുണ്ടായിരുന്നവർ തരിച്ചുനിന്നു. കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ പ്രതി രാജേഷ് പയ്യന്നൂരിലെ കടയിൽനിന്നു വാങ്ങുന്നത്, സംഭവശേഷം പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തെ എടിഎം കൗണ്ടറിൽനിന്നു പണം പിൻവലിക്കുന്നത്, പെരുമ്പപ്പുഴയിൽ ഉപേക്ഷിച്ച കൊടുവാൾ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം മുങ്ങിയെടുക്കുന്നത്, കൊലപാതകശേഷം കണ്ണൂർ പുതിയതെരുവിലെ ബാറിലെത്തി പ്രതി മദ്യപിക്കുന്നത്, ഇതിനിടെ പൊലീസെത്തി പിടികൂടുന്നത്….
ഈ ദൃശ്യങ്ങളെല്ലാം കോടതിയിൽ പ്രദർശിപ്പിച്ചു.
സംഭവംനടന്ന് ഒന്നരവർഷത്തിനകമാണ് കേസിൽ വിധി വരുന്നത്. 36 ദിവസംകൊണ്ടു വിചാരണ പൂർത്തിയാക്കി (2026 ജനുവരി 19 – ഫെബ്രുവരി 24).
അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി.ശ്രീഹരിയെ 5 ദിവസം വിസ്തരിച്ചു. പരാതിക്കാരനായ അയൽവാസി ശശിമോഹൻ, ദിവ്യശ്രീയുടെ അച്ഛൻ വാസു, സഹോദരി പ്രവിത, പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജ് ഫൊറൻസിക് സർജൻ ഡോ.
ടി.എം.പ്രജിത്ത് തുടങ്ങി 65 സാക്ഷികളെ വിസ്തരിച്ചു. 51 തൊണ്ടിമുതലുകൾ ഹാജരാക്കി.
102 രേഖകൾ മാർക്ക് ചെയ്തു. കൊലപാതകം, വധശ്രമം, തെളിവുനശിപ്പിക്കൽ, കൊലപാതകത്തിനായി വീട്ടിൽ അതിക്രമിച്ചുകയറൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.
എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ, 65 വയസ്സായ അമ്മയ്ക്കു ശാരീരിക – മാനസിക ബുദ്ധിമുട്ടുണ്ടെന്നും സംരക്ഷിക്കാൻ താനല്ലാതെ മറ്റാരുമില്ലെന്നും അതിനാൽ ഇളവു നൽകണമെന്നും പ്രതി പറഞ്ഞു.
അതിക്രൂരമായാണ് ഭാര്യയെ വെട്ടിക്കൊന്നതെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. നിരായുധയായ സ്ത്രീയെ മുൻകൂട്ടി ആസൂത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു – പ്രോസിക്യൂട്ടർ പറഞ്ഞു.
2011ൽ പ്രണയവിവാഹിതരായ രാജേഷും ദിവ്യശ്രീയും രാജേഷിന്റെ സ്ഥിര മദ്യപാനംമൂലം പിന്നീട് അകന്നു. വിവാഹബന്ധം വേർപെടുത്തണമെന്നും തന്റെ 7 ലക്ഷം രൂപ തിരികെക്കിട്ടണമെന്നും ആവശ്യപ്പെട്ട് ദിവ്യശ്രീ കണ്ണൂർ കുടുംബക്കോടതിയിലാണു പരാതി നൽകിയത്.
സംഭവദിവസം കോടതിയിൽനിന്നു തിരിച്ചെത്തിയ ദിവ്യശ്രീ, അന്നു വൈകിട്ട് ശബരിമല ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

