ബിഹാറിലെ മുസാഫർപൂർ സ്വദേശിയായ 82 വയസ്സുകാരൻ കാമേശ്വർ മിശ്ര നേരിട്ട ഒരു സാങ്കേതിക പിഴവ് വാർത്തകളിൽ ഇടംപിടിക്കുന്നു.
വാർദ്ധക്യകാല പെൻഷൻ തുക പിൻവലിക്കുന്നതിനായി ജനസേവ കേന്ദ്രത്തിൽ (CSC) എത്തിയതായിരുന്നു അദ്ദേഹം. ഭിന്നശേഷി പെൻഷൻ കൈപ്പറ്റുന്ന മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പെൻഷൻ പിൻവലിച്ച ശേഷം അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സിഎസ്സി ഓപ്പറേറ്ററോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഈ പരിശോധനയിലാണ് കമ്പ്യൂട്ടർ സ്ക്രീനിൽ 759,69,51,951 രൂപ അക്കൗണ്ടിൽ ബാലൻസായി കാണിച്ചത്.
സംഭവം കൗതുകകരമായതോടെ മകന്റെ അക്കൗണ്ടും പരിശോധിക്കാൻ തീരുമാനിച്ചു. അതിലും സമാനമായ രീതിയിൽ വലിയ തുക കാണിച്ചതോടെ ഇരു അക്കൗണ്ടുകളിലുമായി ആകെ 1,500 കോടിയിലധികം രൂപ എത്തിയതായി തെളിഞ്ഞു.
ഈ തുക കണ്ട് താനും ഓപ്പറേറ്ററും ഒരുപോലെ അമ്പരന്നുവെന്ന് കാമേശ്വർ മിശ്ര പ്രതികരിച്ചു. “ഇത്രയും വലിയ തുക എവിടെ നിന്നാണ് വന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഈ തെറ്റ് പരിശോധിച്ച് പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.
ബാങ്കിംഗ് സംവിധാനത്തിൽ സംഭവിച്ച സാങ്കേതിക പിഴവാണിതെന്ന് കുടുംബം സംശയിക്കുന്നു. വിവരമറിഞ്ഞ് ബാങ്ക് അധികൃതർ പരിശോധന നടത്തുകയും മിനിറ്റുകൾക്കുള്ളിൽ തുക അക്കൗണ്ടുകളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
ഇത്തരത്തിൽ പെൻഷൻ അക്കൗണ്ടുകളിൽ വൻ തുക കാണിക്കുന്നത് ഇതാദ്യമല്ല. വൈശാലി, സമസ്തിപൂർ, നവാദ ജില്ലകളിൽ നിന്നും സമാനമായ സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അവിടെയെല്ലാം 740 കോടിയിലധികം രൂപ പെൻഷൻകാരുടെ അക്കൗണ്ടിൽ കാണിച്ചിരുന്നു. എന്നാൽ ഇവയൊന്നും യഥാർത്ഥത്തിൽ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആയിട്ടില്ലെന്നും കേവലം സാങ്കേതിക പിഴവ് മാത്രമാണെന്നും ബാങ്ക് അധികൃതരും പ്രാദേശിക ഭരണകൂടവും പിന്നീട് അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

