കൊടകര∙ കർഷകനും തൃശൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറുമായ നെല്ലായി പന്തല്ലൂർ സ്വദേശി കെ.എൻ. സുരേഷ് സ്വർണനിറമുള്ള വെള്ളരിയെക്കാൾ വലുതല്ല യഥാർഥ സ്വർണമെന്ന് ഔദ്യോഗിക ജീവിതത്തിനിടയിൽ തെളിയിച്ചിട്ടുണ്ട്.
ജനുവരിയിൽ ബസിലെ ജോലിക്കിടെ സ്ത്രീകളുടെ സീറ്റിൽ നിന്ന് കളഞ്ഞുകിട്ടിയ കൈചെയിൻ തൃശൂരിലെ സ്റ്റേഷൻമാസ്റ്റർക്ക് കൈമാറി മാതൃകയായ ജീവനക്കാരനാണ് സുരേഷ്. തൃശൂർ-കളിയിക്കാവിള ദീർഘദൂര സർവീസിനിടെയാണ് തൊടുപുഴയിൽ നിന്ന് കുട്ടിയുമായി കയറിയ വയോധിക ഇരുന്ന സീറ്റിൽ നിന്ന് കൈചെയിൻ ലഭിച്ചത്.
എന്നാൽ ജോലിക്കിടെ പന്തല്ലൂർ പാടത്ത് കൃഷിയിറക്കുന്ന വെള്ളരിയോളം മൂല്യമേറിയതല്ല സ്വർണമെന്ന് തെളിയിക്കുന്ന പോലെയാണ് സുരേഷിന്റെ കണിവെള്ളരിക്കൃഷിയിലെ വിളവെടുപ്പ്.
പുതുക്കാട്, ചാലക്കുടി ഡിപ്പോകളിൽ ജീവനക്കാരനായിരുന്ന സുരേഷ് വിഷുവിന് മുൻപേ പന്തല്ലൂർ പാടം കണിവെള്ളരിയാൽ സ്വർണപ്പാടമാക്കി മാറ്റാൻ തുടങ്ങിയിട്ട് 30 വർഷം. 1996 വരെ മൂന്നുപൂ കൃഷി ചെയ്തിരുന്ന പാടം മൂന്ന് പതിറ്റാണ്ടായി ഒരുപ്പൂകൃഷി ആക്കിയതു മുതലാണ് പച്ചക്കറിക്കൃഷി തുടങ്ങിയത്.
പച്ചക്കറിയിൽ പ്രധാനമായും കണിവെള്ളരി, പൊട്ടുവെള്ളരി, മത്തൻ, കുമ്പളം, പയർ എന്നിവയാണ് കൃഷിയിറക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഇറക്കുന്ന തലമുണ്ടകൻ കൃഷി ഡിസംബർ അവസാനത്തോടെ കൊയ്തെടുക്കും.
തുടർന്ന് ജനുവരി അവസാനത്തോടെ ആരംഭിക്കുന്ന വെള്ളരി കൃഷിയും മറ്റു പച്ചക്കറികളും വിഷുവിന് മുൻപേ വിളവെടുക്കും.
ആരംഭത്തിൽ 15 രൂപ വിലയുണ്ടായിരുന്ന വെള്ളരിക്ക് വിഷുക്കാലം ആയതോടെ 30 രൂപയായി. ദുബായിലേക്കു വരെ കണിവെള്ളരി കയറ്റി അയയ്ക്കുന്നുണ്ട്.
പയറിന് ഇപ്പോൾ 85 രൂപയുണ്ട്. സുരേഷിന്റെ ഭാര്യ പന്തല്ലൂർ പിഎച്ച്സിയിലെ ക്ലാർക്ക് നിഷയും മക്കളായ ആരവ് സുരേഷും ഷാരവ് സുരേഷും കൃഷിയിൽ സഹായികളായുണ്ട്.
പന്തല്ലൂരിലെ മറ്റു കർഷകരായ കോപ്പൻ വളപ്പിൽ ഹരിദാസ്, കിള്ളിക്കുളങ്ങര ചന്ദ്രശേഖരൻ, ചാലിപറമ്പിൽ പ്രഭാകരൻ, നടപറമ്പൻ ഉണ്ണിക്കുട്ടൻ, കൊല്ലാട്ടി വിജയൻ, മാനിങ്ങര ചന്ദ്രൻ കടുങ്ങാടൻ പുഷ്പാകരൻ, കിള്ളിക്കുളങ്ങര സുകു, കീഠായി ബാബു, കിള്ളിപറമ്പിൽ അനിലൻ തുടങ്ങിയ കർഷകരാണ് പ്രധാനമായും ഇവിടെ കൃഷിയിറക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

