സുരക്ഷിതമായ ഒരു ജോലി ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ, ആ സുരക്ഷയെക്കാൾ സ്വന്തം പാഷനും മറ്റുള്ളവർക്കു തൊഴിൽ നൽകാനുള്ള ആഗ്രഹവുമാണ് സെന്തിൽ പ്രകാശിനെ ‘മാറ്റ്സ് അവന്യു’ (Mats Avenue) എന്ന ബ്രാൻഡിന്റെ സ്ഥാപകനാക്കിയത്.
വെറും രണ്ടരലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടങ്ങി, ഇന്ന് ഒരു കോടിക്കു മുകളിൽ വിറ്റുവരവുള്ള ഒരു ഡിടുസി (D2C) ബ്രാൻഡായി മാറ്റ്സ് അവന്യു വളർന്നുകഴിഞ്ഞു.
‘ക്യാറ്റ് ലവറിൽ’നിന്നു സംരംഭകനിലേക്ക്
എംബിഎയ്ക്കുശേഷം കോഞ്ചേരി വ്യൂവേഴ്സിലും പിന്നീട് സംസ്ഥാന സർക്കാർ സ്ഥാപനമായ ഫോം മാറ്റിങ്സ് ഇന്ത്യയിലും കൊമേഴ്സ്യൽ മാനേജറായി പ്രവർത്തിച്ച പരിചയവുമായാണ് 2022ൽ ഈ സംരംഭത്തിലേക്ക് എത്തുന്നത്.
കുട്ടിക്കാലംമുതൽക്കെ പൂച്ചകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സെന്തിൽ പൂച്ചകൾ വീട്ടുപകരണങ്ങളിലും സോഫയിലുമൊക്കെ മാന്തുന്നതും ശ്രദ്ധിച്ചിരുന്നു.
അതുകൊണ്ടാണ് സ്വന്തമായൊരു സംരംഭം തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ ‘എന്തുകൊണ്ടു പൂച്ചകൾക്കു മാന്താനായി മാത്രം മാറ്റുകൾ (തടുക്ക്) നിർമിച്ചുകൂടയെന്നു ചിന്തിച്ചത്. ഇന്നു പൂച്ചകൾക്കു പുറമേ മറ്റു വളർത്തുമൃഗങ്ങൾക്കാവശ്യമായ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.
4 വിഭാഗങ്ങൾ
മാറ്റ്സ് അവന്യു പ്രധാനമായും നാലു വിഭാഗങ്ങളിലായാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്:
∙
പെറ്റ് കെയർ:
ക്യാറ്റ് സ്ക്രാച്ച് പാഡുകൾ, സ്ലീപ്പിങ് മാറ്റുകൾ, ലീറ്റർ സോയിൽ, കളിക്കോപ്പുകൾ എന്നിവ.
∙
ഹോം ഫർണിഷിങ്:
ഡോർമാറ്റുകൾ, കാർപെറ്റുകൾ, റബർമാറ്റുകൾ, പോളിപ്രൊപ്പലിൻ മാറ്റുകൾ. ∙ ഹോംകിച്ചൺ:
വുഡൻ ചോപ്പിങ് ബോർഡുകൾ, ചിരട്ടകൊണ്ടുള്ള തവികൾ, കിച്ചണ് ഓർഗനൈസർ തുടങ്ങിയവ.
∙ ബേർഡ് പ്രോഡക്ട്സ്:
ഹാൻഡ്മെയ്ഡ് ബേർഡ് ഫീഡറുകളും കൂടുകളും.
നിർമാണം തേർഡ് പാർട്ടിവഴി
സ്വന്തമായി ഉൽപാദന യൂണിറ്റ് ഇല്ലാതെ ‘തേർഡ് പാർട്ടി നിർമാതാക്കള്’വഴി സ്വന്തം ഡിസൈനിൽ ഉൽപന്നങ്ങൾ നിർമിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഉൽപന്നങ്ങൾ സ്റ്റോറുചെയ്യുന്നതും അയയ്ക്കുന്നതും വീട്ടിൽനിന്നുതന്നെയാണ്.
അവസാനവട്ട പണികളും വീട്ടിൽതന്നെ.
അതുകൊണ്ടാണ് കുറഞ്ഞ നിക്ഷേപത്തിൽ സംരംഭം തുടങ്ങാനായത്. ബന്ധുകൂടിയായ വിനായക് വിജയനും സെന്തിലിനൊപ്പം പൂർണമായും സംരംഭത്തിൽ സഹായത്തിനുണ്ട്.
80% ആമസോണിൽ
ഇപ്പോഴുള്ള വിൽപനയുടെ 80 ശതമാനവും ആമസോൺവഴിയാണ്.
ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെയും മാറ്റ്സ് അവന്യു വെബ്സൈറ്റിലൂടെയും ഉൽപന്നങ്ങൾ വിറ്റിരുന്നു. ഇപ്പോൾ ‘Made for Amazon’ എന്ന ടാഗോടെ ആമസോണിൽ മാത്രം ഉൽപന്നങ്ങൾ വിൽക്കാനുള്ള ഓഫർ ലഭിച്ചിട്ടുണ്ട്.
ഈ ടാഗ് ലഭിക്കുന്നതോടെ കൂടുതൽ വിൽപന നടക്കുമെന്നാണ് പ്രതീക്ഷ.
വിറ്റുവരവ് 1.25 കോടി
ആദ്യ വർഷം 40,000 രൂപ മാത്രമായിരുന്നു വിറ്റുവരവ്. കഴിഞ്ഞവർഷം അത് 1.25 കോടി രൂപയിലെത്തി.
ഉത്തരേന്ത്യയിൽനിന്നാണ് ഭൂരിഭാഗം ഓർഡറുകളും ലഭിക്കുന്നത്. ഒരുദിവസം 75 മുതൽ 125 ഉൽപന്നങ്ങൾവരെ ഷിപ്പ് ചെയ്യുന്നുണ്ട്.
ഓഫർ സെയിലിന്റെ സമയത്ത് വിൽപന ഉയരും.
ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ കമ്മിഷനും പരസ്യച്ചെലവുമൊക്കെ കഴിഞ്ഞ് 20 ശതമാനത്തോളമാണ് അറ്റാദായം. ഈ വർഷം 1.5 കോടി രൂപയുടെ വിൽപന നേടുകയാണ് ലക്ഷ്യമെന്ന് സെന്തിൽ പറയുന്നു.
നിലവിൽ അഞ്ചു പേർക്ക് നേരിട്ടും മുപ്പതോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ ഈ സംരംഭകനാകുന്നുണ്ട്.
വിപണി വളർത്തണം
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിറ്റുവരവ് 10 കോടിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി നിക്ഷേപകരെ കണ്ടെത്താനും സ്വന്തമായി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഉൽപാദനം ആരംഭിക്കാനുമുള്ള ശ്രമത്തിലാണ്.
ഒപ്പം ആഗോള വിപണിയിലെ അവസരങ്ങളും പ്രയോജനപ്പെടുത്തും.
താൽപ്പര്യമുള്ളവർക്ക് ട്രെയിനിങ്
‘ഡ്രീം ബിഗ് ഇ-കൊമേഴ്സ് കൺസൾട്ടിങ്’ എന്ന പേരിൽ ഈ മേഖലയിലേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനവും സെന്തിൽ നൽകുന്നുണ്ട്. ഇതുവരെ 1നൂറ്റിയെൺപത്തിയഞ്ചോളം സെല്ലർമാർ പരിശീലനം പൂർത്തിയാക്കി.
‘നല്ലൊരു ഉൽപന്നമുണ്ടെങ്കിൽ, ആരുടെയും പിന്നാലെ പോകാതെ നമുക്കു വിജയിക്കാൻപറ്റുന്ന മേഖലയാണ് ഇ-കൊമേഴ്സ്.
കഷ്ടപ്പെടാനും നിരന്തരം പഠിക്കാനും തയാറാകണമെന്നുമാത്രം. മാറ്റ്സ് അവന്യു ഒരു രൂപപോലും കടമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
നിങ്ങളുടെ ഉൽപന്നത്തിനു വ്യക്തമായ ഐഡന്റിറ്റി ഉണ്ടെങ്കിൽ ലോകം നിങ്ങളെ തേടിവരും,’ – സെന്തിൽ പറയുന്നു. (മലയാള മനോരമ സമ്പാദ്യം മാർച്ച് 2026 ലക്കത്തിൽ നിന്ന്) – …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

