തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ശക്തമായ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. പാറശ്ശാല കറുങ്കൂട്ടി ഡിപ്പോയിലാണ് ഈ അത്യാഹിതം ഉണ്ടായത്.
സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ സാബുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. ഡിപ്പോയിലെ മറ്റ് ജീവനക്കാരായ സെലിൻമേരി, രേഖ, ശോഭ, ജയ എന്നിവരെ പാറശ്ശാല സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇടിമിന്നലിന്റെ ആഘാതത്തിൽ ഡിപ്പോയിലെ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കൂടാതെ, അപകടത്തിൽ ഓഫീസ് കെട്ടിടത്തിലെ സ്വിച്ച് ബോർഡ് പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. നിലവിൽ പാറശ്ശാലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്.
സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനു മുകളിലായി നിലവിലുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനം തുടരുന്നുണ്ട്. ഈ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട
ചക്രവാതച്ചുഴിയിൽ നിന്നും കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി (ട്രഫ്) സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

