കാസർകോട് ∙ ജില്ലയിൽ അവശ്യസേവന വിഭാഗത്തിലും ഹോട്ടൽ മേഖലയിലും ഉൾപ്പെടെ വാണിജ്യ വിഭാഗത്തിൽ സിവിൽ സപ്ലൈസ് പോർട്ടൽ മുഖേന 90 പാചകവാതക സിലിണ്ടർ അപേക്ഷകൾ അനുവദിച്ചു. ഇതനുസരിച്ചു ജില്ലയിൽ പ്രതിദിനം 90 സിലിണ്ടർ അനുവദിക്കും.
നേരത്തെ പാചകവാതക സിലിണ്ടറിനു റജിസ്റ്റർ ചെയ്യാത്തവർക്കാണ് അപേക്ഷകളിൽ മുൻഗണനയനുസരിച്ച് അനുമതി നൽകിയത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ വാണിജ്യ സിലിണ്ടർ വിതരണത്തിൽ കടുത്ത നിയന്ത്രണം വന്നതും ഇതു മറയാക്കി സ്വകാര്യ കമ്പനി ഏജൻസികൾ പാചകവാതക സിലിണ്ടറിനു ഇരട്ടിയിലേറെ വില കയറ്റിയതും തുടർന്നുണ്ടായ പ്രതിസന്ധിയും പരാതികളും പരിഹരിക്കുന്നതിന്റെ ഭാഗമായാണു സർക്കാർ സിവിൽ സപ്ലൈസ് വകുപ്പ് മുഖേന പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. പാചകവാതക ഏജൻസി തന്നെയാണ് ഈ പാചകവാതക സിലിണ്ടർ നൽകുക.
ലഭിച്ചത് 15 പരാതികൾ
ജില്ലയിൽ പാചകവാതക വിതരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 15 പരാതികളാണു സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർക്കു ലഭിച്ചത്.
അതെല്ലാം ഗാർഹിക പാചകവാതക സിലിണ്ടർ ബുക്ക് ചെയ്ത് ഒടിപി വരാത്തതുമായി ബന്ധപ്പെട്ടാണ്. സാങ്കേതിക പ്രശ്നമാണെന്നു തിരിച്ചറിഞ്ഞ് അതു പരിഹരിച്ചെന്ന് അധികൃതർ പറഞ്ഞു.
വാണിജ്യ എൽപിജി വിഭാഗത്തിൽ 62 ശതമാനം സിലിണ്ടർ നൽകുന്നുണ്ട്. ഗാർഹിക പാചകവാതക വിതരണത്തിൽ നിലവിൽ പരാതികളില്ലെന്നാണു അധികൃതരും പാചകവിതരണ ഏജൻസികളും പറയുന്നത്.
ഗ്രാമീണ മേഖല, നഗരപ്രദേശം എന്നിങ്ങനെ പാചകവാതക സിലിണ്ടർ വിതരണത്തിൽ ദിവസപരിധി കൂട്ടിയ ബുദ്ധിമുട്ട് മാത്രമാണുള്ളത്.
കടമ്പകൾ കടക്കാതെ
വാണിജ്യവിഭാഗം സിലിണ്ടർ വിതരണത്തിൽ മാത്രമാണു ഭാഗികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാസർകോട് നഗരത്തിൽ ഒരു പാചകവാതക ഏജൻസിക്കു കീഴിൽ മാത്രമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോട്ടലുകളിലും മറ്റുമായി വാണിജ്യ വിഭാഗത്തിൽ 5000 സിലിണ്ടർ നൽകാനുണ്ട്.
രണ്ടാഴ്ചയ്ക്കകം അതു പരിഹരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഏജൻസി അധികൃതർ പറയുന്നു. ദിവസവും ഒരു ഹോട്ടലിൽ മൂന്നും നാലും സിലിണ്ടർ വേണം.
സ്വകാര്യ ഏജൻസി പാചകവാതകത്തിനു വില ഇരട്ടിയിലേറെ കയറ്റിയ സാഹചര്യത്തിലാണ് ഹോട്ടലുടമകൾ ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്. 3700 രൂപയുണ്ടായിരുന്ന 21 കിലോഗ്രാം സ്വകാര്യ പാചകവാതക സിലിണ്ടറിന് 4385 രൂപയാണ് ഈടാക്കുന്നത്.
ഇടപെടൽ
സ്വകാര്യ പാചകവാതക സിലിണ്ടറിന്റെ കൊള്ളവില തടയാനും ഇന്ധന കോർപറേഷൻ പാചകവാതക സിലിണ്ടർ പതിവുപോലെ ലഭ്യമാക്കുന്നതിലും സർക്കാർ കാര്യമായി ഇടപെടുന്നില്ലെന്നാണു ഹോട്ടലുടമകൾ പറയുന്നത്.
വിവിധ ഇന്ധന കോർപറേഷൻ കമ്പനികൾ ഹോട്ടലുകളിൽ ഇന്ധനവിതരണം മുൻഗണനാ മാനദണ്ഡം വച്ചു നൽകുന്നത് ഒന്നോ രണ്ടോ സിലിണ്ടറാണ്. ആശുപത്രി കന്റീനുകൾ ഉൾപ്പെടെ അവശ്യവിഭാഗത്തിനു മുഴുവനും നൽകി ശേഷിക്കുന്നതാണു ഹോട്ടലുകൾക്ക് അനുവദിക്കുന്നത്.
ഇതുകാരണം പല ഹോട്ടലുകളുടെയും പ്രവർത്തനസമയം രാവിലെ 7 മുതൽ രാത്രി 9 വരെ ഉണ്ടായിരുന്നത് രാവിലെ 9 മുതൽ രാത്രി 9 വരെയായി ചുരുക്കി. അടച്ചിട്ട
പല ഹോട്ടലുകളും തുറന്നിട്ടില്ല. വിറകടുപ്പ് സൗകര്യമില്ലാത്ത ചില ഹോട്ടലുകളിൽ ഊൺ ഒഴിവാക്കി.
ബദൽ സംവിധാനമുള്ള ഹോട്ടലുകൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്
നാട്ടിലേക്കുമടങ്ങി അതിഥിത്തൊഴിലാളികൾ
അതിനിടെ പാചകവാതക വിതരണ പ്രശ്നത്തിനൊപ്പം അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതു ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളിലെയും വിവിധ നിർമാണ മേഖലകളിലെയും അതിഥിത്തൊഴിലാളികളും പാചകവാതക പ്രതിസന്ധി ഉൾപ്പെടെ കാരണം നാട്ടിലേക്കു മടങ്ങി.
കൂട്ടമായി വാടകവീടുകളിലും മറ്റുമായി താമസിക്കുന്ന അതിഥിത്തൊഴിലാളികൾ പലരും ഭക്ഷണം പാകം ചെയ്യുന്നതിന് ഇന്ധന കോർപറേഷൻ കമ്പനികളിലെ പാചകവാതക വിതരണ സിലിണ്ടറാണ് ഉപയോഗിച്ചിരുന്നത്. അതു കിട്ടാതായതോടെ ജീവിതച്ചെലവേറി.
സ്വകാര്യ ഏജൻസിയുടെ പാചകവാതക വില താങ്ങാൻ കഴിയാത്തതായി. ഇതോടെ പലരും നാട്ടിലേക്കു മടങ്ങി.
അസം, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നു വന്നവർക്കു മടങ്ങാൻ അവിടത്തെ തിരഞ്ഞെടുപ്പും കാരണമായി. നാട്ടിലേക്കു പോയവർ തിരിച്ചുവന്നില്ലെങ്കിൽ ഹോട്ടലുകളിലും വിവിധ നിർമാണ മേഖലകളിലും പ്രവർത്തനസ്തംഭനം തുടരാൻ ഇടയാകുമെന്ന ആശങ്കയിലാണു ഹോട്ടൽ, നിർമാണ മേഖല ഉടമകൾ.
ഇന്ധന ദൗർലഭ്യം കാരണം ഹോട്ടലുകളിൽ ചായയക്കും മറ്റു ഭക്ഷ്യസാധനങ്ങൾക്കും വിലവർധന നിലവിൽവന്നു. നിർമാണ മേഖലയിലും മറ്റുമായി പൈപ്പ് തുടങ്ങി വിവിധ സാമഗ്രികൾക്ക് പരക്കെ വില വർധിച്ചു.
വീടുകളിൽനിന്ന് മടങ്ങി സിലിണ്ടർ
വാണിജ്യ വിഭാഗം പാചകവാതക വിതരണത്തിൽ കടുത്ത നിയന്ത്രണം തുടരുന്നതിനിടെ ഗാർഹിക വിഭാഗത്തിൽ വീടുകളിലെത്തിക്കുന്ന പാചകവാതകം സിലിണ്ടർ മടങ്ങുന്നു.
വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ ഒഴിയാതെ ബുക്ക് ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഏജൻസി അധികൃതർ പറയുന്നു. ബുക്ക് ചെയ്തപ്രകാരം കാസർകോട് നഗരത്തിലെ ഒരു ഏജൻസിയിൽ 21 ഡെലിവറി ജീവനക്കാർ മുഖേന വീടുകളിലെത്തിച്ച 100 മുതൽ 200 വരെ സിലിണ്ടറാണു മടങ്ങിയത്.
ഇതുകാരണം പലയിടങ്ങളിലും ഡെലിവറി ചെയ്യാൻ തൊഴിലാളികൾ മടിക്കുന്ന സാഹചര്യമുണ്ടെന്ന് ഏജൻസി അധികൃതർ പറയുന്നു. ഗാർഹിക പാചകവാതക സിലിണ്ടർ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ പലരും നേരത്തെ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനു നിർബന്ധിതരാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

