പാമ്പാടി (കോട്ടയം) ∙ രാഹുൽഗാന്ധിയെ കാണാൻ സമ്മേളന വേദിയിലേക്കു വരുംവഴി അപകടത്തിൽപെട്ടയാളെ രാഹുൽഗാന്ധിതന്നെ വാഹനവ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലേക്കയച്ചു. ഇന്നലെ വൈകിട്ട് 3ന് പാമ്പാടി വട്ടമലപ്പടയിൽ, ഒളശ്ശ സ്വദേശി ചാലാശ്ശേരിയിൽ ജിത്തു ഏബ്രഹാം ജോർജ് (37) ആണ് അപകടത്തിൽപെട്ടത്.
അശ്രദ്ധമായി പ്രധാന റോഡിലേക്ക് പ്രവേശിച്ച മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് ജിത്തു റോഡിൽ വീഴുകയായിരുന്നു.
പാമ്പാടി ആർഐടി മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം സമ്മേളന സ്ഥലത്തേക്കു രാഹുൽ ഗാന്ധി വരുന്നതിനിടെയാണു സംഭവം. ആളുകൾ കൂടിനിൽക്കുന്നതു കണ്ട
രാഹുൽ വാഹനത്തിൽ നിന്നിറങ്ങി. തന്റെ വാഹനവ്യൂഹത്തിന് ഒപ്പമുണ്ടായിരുന്ന ആംബുലൻസിൽ ജിത്തുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകി.
അദ്ദേഹം ഫോണിൽ ജിത്തുവിന്റെ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ഗൾഫിൽനിന്ന് അവധിക്കെത്തിയതാണ് ജിത്തു.
പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിത്തുവിനെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജിത്തുവിന്റെ കൈത്തണ്ടയ്ക്ക് ഒടിവുണ്ട്.
തിരക്കിനിടയിലും രാഹുൽ പറഞ്ഞു,
‘വോലറ്റ്, വോലറ്റ്!’
മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു സനൽ എഴുതുന്നു…
∙ ‘‘ വോലറ്റ്, വോലറ്റ്’’ എന്നെ നോക്കി കൈചൂണ്ടി രാഹുൽ ഗാന്ധി ഉറക്കെ വിളിച്ചുപറഞ്ഞു. പാമ്പാടിയിൽ സ്ഥാനാർഥി ചാണ്ടി ഉമ്മനൊപ്പം സൈക്കിൾ ചവിട്ടി വരുമ്പോഴായിരുന്നു സംഭവം.
തിക്കിലും തിരക്കിലുംപെട്ട് എന്റെ പോക്കറ്റിൽ നിന്നു പഴ്സ് തെറിച്ചുവീഴുന്നത് ശ്രദ്ധിച്ച രാഹുൽ അക്കാര്യമാണ് എന്നോട് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നത്. എങ്ങനെയെങ്കിലും ഒരു നല്ല ഫോട്ടോ വേണമെന്ന് ആഗ്രഹിച്ച് രാഹുലിന്റെ സൈക്കിളിനു മുൻപേ ഓടുകയായിരുന്നു ഞാൻ.
വീണ്ടും വീണ്ടും അദ്ദേഹം അതേകാര്യം തന്നെ പറയുന്നത് കേട്ട് സംശയം തോന്നി പാന്റ്സിന്റെ പോക്കറ്റിൽ പരിശോധിച്ചു. പഴ്സ് ഇല്ല!
തുടർന്ന് മൈക്കിൽ അനൗൺസ് ചെയ്തതോടെ ഒരു കോൺഗ്രസ് പ്രവർത്തകൻ പഴ്സ് കണ്ടെത്തി തിരികെത്തരികയായിരുന്നു. തിരക്കിനിടയിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചതും വിളിച്ചുപറഞ്ഞതും എന്നെ അതിശയിപ്പിച്ചു.
ആൽവിനെ കാണാൻ ഇറങ്ങി രാഹുൽ
പാമ്പാടി ∙ വഴിയരികിൽ കാത്തുനിന്നപ്പോൾ പ്രതീക്ഷിച്ചത് മിന്നായം പോലെയൊന്നു കാണാമെന്നാണ്.
പക്ഷേ അടുത്തുചെന്നു മനസ്സുനിറച്ചു രാഹുൽഗാന്ധി. പൊത്തൻപുറം സ്വദേശി കുറ്റിപ്പുറത്ത് ആൽവിന് (25) ഇപ്പോൾ മനസു നിറയെ സന്തോഷമാണ്.
കാൻസർ ബാധിതനായ ആൽവിൻ രാഹുൽ പാമ്പാടിയിൽ വരുന്നത് അറിഞ്ഞതോടെ അദ്ദേഹത്തെ കാണണമെന്ന ആഗ്രഹം പിതാവ് ഷാജി പുതുപ്പള്ളി, അമ്മ ഷീജ എന്നിവരോട് പങ്കുവയ്ക്കുകയായിരുന്നു. വാക്കറിന്റെ സഹായം ആവശ്യമുള്ള ആൽബിന് വേദിയിൽ എത്താൻ സാധിക്കാത്തതിനാൽ ഒൻപതാം മൈലിൽ കാത്തുനിൽക്കുകയായിരുന്നു.
ചാണ്ടി ഉമ്മന്റെ സൈക്കിൾ സവാരിയിൽ പങ്കു ചേർന്ന് രാഹുൽ ഗാന്ധി
പാമ്പാടി ∙ ചാണ്ടി ഉമ്മന്റെ സൈക്കിൾ പ്രചാരണത്തിന് ലൈക്ക് അടിച്ച് രാഹുൽ ഗാന്ധിയുടെ സൈക്കിൾ യാത്ര.
എന്നും രാവിലെ സൈക്കിളിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തുന്ന ചാണ്ടി ഉമ്മന്റെ പ്രചാരണ രീതി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്നലെ പാമ്പാടിയിൽ പ്രചാരണത്തിന് എത്തിയ രാഹുൽ ചാണ്ടി ഉമ്മനൊപ്പം നഗരത്തിലൂടെ സൈക്കിൾ ചവിട്ടി.
സമ്മേളന വേദിയായ പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽനിന്നു ദേശീയ പാതയിലേക്കു പ്രവേശിക്കുന്ന ഭാഗം വരെ സൈക്കിൾ ചവിട്ടാനായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ചാണു സുരക്ഷ ഉദ്യോഗസ്ഥർ വാഹനങ്ങളും ക്രമീകരിച്ചത്.
എന്നാൽ സൈക്കിളിൽ കയറിയ രാഹുൽ പാമ്പാടി കാളച്ചന്തവരെ 300 മീറ്ററോളം ചാണ്ടി ഉമ്മനൊപ്പം സൈക്കിൾ ചവിട്ടി പ്രവർത്തകർക്ക് ആവേശം പകർന്നു. സൈക്കിൾ ചവിട്ടിയ രാഹുൽ ഗാന്ധിയുടെ പിന്നാലെ ഓടിയെത്തിയാണ് പ്രവർത്തകർ ആവേശം പങ്കുവച്ചത്.
കാളച്ചന്ത പടിയിൽ സൈക്കിൾ നിർത്തിയെങ്കിലും സമീപ കടകളിൽ കയറിയും രാഹുൽ ചാണ്ടി ഉമ്മന് വോട്ടുതേടി. പിന്നാലെയാണു വാഹനവ്യൂഹം രാഹുലിന്റെ അടുത്തെത്തിയത്.
50 വർഷം മണ്ഡലത്തിനും കേരളത്തിനും വഴികാട്ടിയായി, ജനപ്രതിനിധിയായി ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു.
യുഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 25 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ഉപയോഗിക്കുന്ന കുടുംബങ്ങൾ അദ്ദേഹത്തെ എക്കാലവും ഓർമിക്കും.
രാഹുൽ ഗാന്ധി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

