സ്വിറ്റ്സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ അക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്ത് ഭീകരവാദ സ്വഭാവമുള്ളതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
31 കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറെ ആണ് സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് പിടികൂടിയത്. അക്രമണ വേളയിൽ ഇയാൾ “അല്ലാഹു അക്ബർ” എന്ന് വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.
28, 43, 52 വയസ്സ് പ്രായമുള്ള മൂന്ന് പുരുഷന്മാർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇതിൽ 52 വയസ്സുള്ള വ്യക്തിയുടെ തുടയിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മറ്റ് രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമല്ല. പ്രതിക്ക് മുൻപ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രചാരണങ്ങളിൽ ഏർപ്പെട്ടതിന് നിയമനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, അക്രമത്തിന്റെ പ്രധാന പ്രേരണ തീവ്രവാദമാണെന്ന് പോലീസ് ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച അസ്വാഭാവികമായി പെരുമാറിയതിനെത്തുടർന്ന് പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ബുധനാഴ്ച ഇയാൾ സ്വയം ഡിസ്ചാർജ് വാങ്ങി പുറത്തിറങ്ങുകയായിരുന്നു.
ഇയാൾ സമൂഹത്തിന് ഭീഷണിയല്ലെന്ന ആശുപത്രി അധികൃതരുടെ വിലയിരുത്തൽ തെറ്റായിരുന്നുവെന്ന് സുരക്ഷാ വിഭാഗം മേധാവി മരിയോ ഫെഹ്ര് പ്രതികരിച്ചു. അക്രമം നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴ്പ്പെടുത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി.
സ്വിറ്റ്സർലൻഡിൽ ഇത്തരം അക്രമങ്ങൾ അത്യപൂർവ്വമായതിനാൽ സംഭവത്തിൽ ജനങ്ങൾ കടുത്ത ഞെട്ടലിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

