തൃത്താല ∙ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ സംവാദം ഉറപ്പായ സാഹചര്യത്തിൽ തൃത്താല മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥി എം.ബി.
രാജേഷുമായി സംവാദത്തിന് തയാറാണെന്ന് യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാം.
സമൂഹമാധ്യമത്തിലൂടെയാണ് ബൽറാം ഇക്കാര്യം അറിയിച്ചത്.
വി.ടി. ബൽറാമിന്റെ കുറിപ്പ്
നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായി വാർത്ത വരുന്നു.
കഴിഞ്ഞ ഡിസംബർ മാസം മുതൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഇക്കാര്യം ഇപ്പോഴാണ് സ്വീകരിക്കപ്പെടുന്നത്. തീയതിയും സ്ഥലവും പ്ലാറ്റ്ഫോമും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നറിയുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥിയുമായി അത്തരമൊരു സംവാദത്തിന് ഞാനും യുഡിഎഫും തയാറാണ്.
പത്ത് വർഷവും അഞ്ച് വർഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എംഎൽഎ എന്ന നിലയിലെ 2011-16 കാലത്തെ എന്റെ അഞ്ച് വർഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിർ സ്ഥാനാർഥിയുടെ 2021-26 കാലത്തെ അഞ്ച് വർഷവും തന്നെ താരതമ്യത്തിനെടുക്കാം.
വസ്തുതകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാർ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയിൽ അവർ യഥാർഥത്തിൽ ഹാപ്പി ആണോ എന്ന്.
മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തും.
ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘എന്നാൽ ഇനി ഇതിൽ സംവാദമായാലോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി.
പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

