ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ‘ബ്രോക്കർ’ വേഷമിട്ട് പാക്കിസ്ഥാൻ. ചർച്ചയ്ക്കുള്ള സാധ്യത ഉയരുമ്പോഴും ഇറാനും യുഎസും പരസ്പരം പോർവിളി നിർത്താത്തതും കരയുദ്ധം ആസന്നമാകുന്നതും ഓഹരി വിപണികളെ തളർത്തും.
ഇസ്രയേലിനെതിരെ ഇതിനിടെ ഹൂതി വിമതരും യുദ്ധം തുടങ്ങിയോടെ, എണ്ണവില കൂടുതൽ ഉയരത്തിലേക്ക് കത്തിക്കയറി തുടങ്ങി. ‘സാഹചര്യം’ മുതലെടുത്ത് മറുവശത്ത് റഷ്യയും ‘കളി തുടങ്ങി’യത് എണ്ണവില കുതിപ്പിന്റെ ആക്കവും കൂട്ടുന്നു.
യുഎസിനും ഇറാനും ‘വിശ്വാസം’
‘‘സംഘർഷം അവസാനിപ്പിക്കാനുള്ള വേദിയാകുന്നതിൽ പാക്കിസ്ഥാന് അഭിമാനമുണ്ട്.
ഇറാൻ, യുഎസ് അധികൃതർക്ക് ഈ ചർച്ചയിലൂടെ സമാധാനത്തിന്റെ വഴി തുറക്കാനാകുമെന്ന ആത്മവിശ്വാസവുമുണ്ട്’’ – പാക്കിസ്ഥാന്റെ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാക് ദർ പറഞ്ഞു.
സൗദി അറേബ്യ, ടർക്കി, ഈജിപ്റ്റ് ഭരണകൂടങ്ങളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇഷാക്ക് ദർ ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്ന് അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇസ്ലാമാബാദിൽ ‘സമാധാന ചർച്ച’ നടക്കും.
ഇതിന് യുഎസ്, ഇറാനിയൻ അധികൃതർ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കരയുദ്ധവും സ്രാവിന്റെ ഭക്ഷണവും
മറുവശത്ത് ഇറാനെതിരെ കരയുദ്ധത്തിന് പടപ്പുറപ്പാട് നടത്തുകയാണ് യുഎസ് പ്രസിഡന്റ് ട്രംപ്. സാഹസത്തിന് മുതിർന്നാൽ യുഎസ് സൈനികർ സ്രാവിന് ഭക്ഷണമാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിൽവച്ച് ചർച്ച നടത്താനും ഇറാനോ യുഎസോ സമ്മതിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധം 5-ാം വാരം, ഓഹരിക്ക് നഷ്ടക്കാലം
ഒരു ശമനവുമില്ലാതെ ഇറാൻ-യുഎസ് യുദ്ധം 5-ാം ആഴ്ചയിലേക്ക് കടന്നതും കരയുദ്ധം ആസന്നമായതും ഓഹരി വിപണികളെ സാരമായി ഉലയ്ക്കുന്നു. യുഎസ് ഫ്യൂച്ചേഴ്സ് വിപണി ആഗോളതലത്തിൽ ഓഹരിവിപണികൾ ഇന്നും നഷ്ടത്തിന്റെ ട്രാക്കിലായിരിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു.
ഡൗ ജോൺസ് 0.6%, നാസ്ഡാക്, എസ് ആൻഡ് പി500 എന്നിവ 0.5% വീതം എന്നിങ്ങനെ ഇടിഞ്ഞു.
ഇനി ‘ഹോളിഡേയ്സ്’
ഓഹരി വിപണികൾക്ക് ഇത് ‘പൊതു അവധി’യുടെ ആഴ്ച കൂടിയാണ്. അവധിയുടെ ആലസ്യവും ഓഹരി വിപണികളെ തളർത്തിയേക്കും.
ഇന്ത്യൻ ഓഹരി വിപണികൾക്ക് ‘മഹാവീർ ജയന്തി’ പ്രമാണിച്ച് നാളെ അവധിയാണ്. വെള്ളിയാഴ്ച ‘ദുഃഖവെള്ളി’യുടെ അവധിയും.
യുഎസ് വിപണിയും വെള്ളിയാഴ്ച പ്രവർത്തിക്കില്ലെന്നും അന്ന് യുഎസിന്റെ മാർച്ചിലെ തൊഴിൽക്കണക്ക് പുറത്തുവരുമെന്നത് ആഗോളതലത്തിൽ തന്നെ വിപണികൾക്ക് നിർണായകമാണ്.
എണ്ണയുടെ കുതിപ്പ്, ഇന്ത്യയുടെ ബാസ്കറ്റ്
യുദ്ധത്തിന് അറുതിയില്ലാത്തതും ഹോർമുസ് കടലിടുക്കിൽ ഇറാൻ നിലപാട് കടുപ്പിക്കുന്നതും കരയുദ്ധത്തിന്റെ സാധ്യതകളും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയെ കൂടുതൽ ഉയരത്തിലേക്ക് നയിക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഇസ്രയേലിനെതിരെ യുദ്ധം തുടങ്ങിയത് എണ്ണവില വർധനയുടെ ആക്കംകൂട്ടി.
യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 3.25% ഉയർന്ന് 102.9 ഡോളറിലാണ് രാവിലെയുള്ളത്. ബ്രെന്റ് വില 3.23% വർധിച്ച് 116.2 ഡോളറിലെത്തി.
‘അവധി വ്യാപാരത്തിന്’ (ഫ്യൂച്ചേഴ്സ്, ഭാവിയിലേക്കുള്ള ഇറക്കുമതിക്കായി) അല്ലാതെ ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് നൽകേണ്ടവില (ഇന്ത്യൻ ബാസ്കറ്റ്) ബാരലിന് 157.04 ഡോളറാണ്.
‘സാഹചര്യം’ മുതലെടുത്ത് റഷ്യ, ആഘാതം ഇന്ത്യയ്ക്ക്
ഇറാൻ-യുഎസ് യുദ്ധം മറുവശത്ത് റഷ്യയ്ക്ക് അനുഗ്രഹമാവുകയാണ്. എണ്ണവില കത്തിക്കയറിയതിനൊപ്പം യുഎസ് താൽക്കാലികമായി ഉപരോധം റദ്ദാക്കിയതും റഷ്യയ്ക്ക് വൻ എണ്ണവിൽപന വരുമാനം നേടാനുള്ള വഴിയായി.
വരുമാനത്തളർച്ച മൂലം ബജറ്റ് ചെലവുകൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കേയായിരുന്നു ഈ അപ്രതീക്ഷിത ‘ലോട്ടറി’. ഇതോടെ വെട്ടിച്ചുരുക്കൽ തീരുമാനം മാറ്റി.
എന്നാൽ, റഷ്യയുടെ എണ്ണവിതരണ സംവിധാനങ്ങളെ ഉന്നമിട്ട് ഡ്രോൺവച്ച് തകർക്കുകയാണ് യുക്രെയ്ൻ.
ഇതു തുടർന്നാൽ എണ്ണവിതരണം നിർത്തിവയ്ക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ രാജ്യാന്തര എണ്ണവില കൂടുതൽ കത്തിക്കയറും.
ഇത് ഏറ്റവുമധികം തിരിച്ചടിയാകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയുമായിരിക്കും. ഉപരോധ ഭീഷണി ഇല്ലാത്തതിനാൽ റഷ്യൻ എണ്ണ വലിയതോതിൽ ഇന്ത്യ വീണ്ടും വാങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വില കൂടുന്നത് തിരിച്ചടിയാകും. റഷ്യയാകട്ടെ ഡിസ്കൗണ്ട് ഓഫർ നിർത്തിയെന്നും സൂചനകളുണ്ട്.
സ്വർണവില ഇടിയുന്നു, കുതിച്ചുകയറി ഡോളർ
രാജ്യാന്തര എണ്ണവില കത്തിക്കയറുന്നത് ആഗോളതലത്തിൽ വീണ്ടും പണപ്പെരുപ്പപ്പേടി ശക്തമാക്കിക്കഴിഞ്ഞു.
യുഎസ് ഡോളർ ഇൻഡക്സ് വീണ്ടും മുന്നേറി 100 കടന്നതും സ്വർണവിലയുടെ വീഴ്ചയ്ക്ക് വഴിയൊരുക്കുന്നു. ഇന്നു രാവിലെ ഔൺസിന് 56 ഡോളർ താഴ്ന്ന് 4,438 ഡോളറിലാണ് രാജ്യാന്തര സ്വർണവിലയുള്ളത്.
∙ ഇന്ത്യയിൽ, രൂപ ഡോളറിനെതിരെ വലിയതോതിൽ തളരുന്നതിനാൽ ആഭ്യന്തര സ്വർണവിലയിൽ രാജ്യാന്തര വിലയിടിവിന്റെ ആനുപാതികമായ കുറവിന് സാധ്യത മങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

