സ്വർണവില വീണ്ടും കുതിച്ചുകയറ്റം തുടങ്ങി. കഴിഞ്ഞദിവസങ്ങളിലെ വിലയിടിവ് മുതലെടുത്തുള്ള വാങ്ങൽ താൽപ്പര്യമാണ് (ഡിപ്-ബയിങ്) ‘പ്രതികൂല കാലാവസ്ഥയിലും’ സ്വർണത്തിന് തിരിച്ചുകയറാനുള്ള ആവേശമായത്.
രാജ്യാന്തരവില ഔൺസിന് 110.81 ഡോളർ വർധിച്ച് 4493.79 ഡോളറിൽ എത്തി.
ഒരുഘട്ടത്തിൽ 4352.81 വരെ ഇടിഞ്ഞശേഷമാണ് കരകയറ്റം. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 230 രൂപ ഒറ്റയടിക്ക് കയറി വില 13,575 രൂപയിലെത്തി.
1840 രൂപ വർധിച്ച് 1,08,600 രൂപയാണ് പവൻവില.
ഇറാനും യുഎസും തമ്മിലെ ചർച്ചാസാധ്യത മങ്ങുകയും ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കുനേരെ ഉൾപ്പെടെ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം നടത്തുകയും ചെയ്തത് സംഘർഷം കൂടുതൽ കലുഷിതമായേക്കുമെന്ന സൂചനയാണ് നൽകുന്നത്. ഇറാൻ പ്രത്യാക്രമണവും തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ചൈനയുടെ കപ്പലുകളെ ഉൾപ്പെടെ ഇറാൻ തടഞ്ഞതും ആശങ്ക കടുപ്പിക്കുന്നു.
സുഹൃദ് രാഷ്ട്രമായ ചൈനയുടെ 2 എണ്ണക്കപ്പലുകളെയും തടഞ്ഞതുവഴി ഹോർമുസിൽ നിലപാട് കടുപ്പിക്കുകയാണ് ഇറാൻ. ഇറാന്റെ നടപടിക്ക് പിന്നാലെ രാജ്യാന്തര എണ്ണവില (ക്രൂഡ് ഓയിൽ) കുതിച്ചുയർന്നു.
എണ്ണവില ഉയരുന്നത് പണപ്പെരുപ്പം കൂടാനിടയാക്കും. ഈ സാഹചര്യത്തിൽ സ്വർണവില താഴേണ്ടതാണ്.
എന്നാൽ, കഴിഞ്ഞദിവസങ്ങളിലെ വിലയിടിവ് മുതലെടുത്തുള്ള ഡിപ്-ബയിങ് തകൃതിയായതോടെ വില കൂടുകയായിരുന്നു.
കരുതൽ ശേഖരത്തിലേക്ക് കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയത് വില കൂടാനൊരു കാരണമായി. ഗോൾഡ് ഇടിഎഫുകളിലേക്കും പണമൊഴുകിയെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ ആഭരണങ്ങൾക്കും മികച്ച ഡിമാൻഡ് ദൃശ്യമായിരുന്നെന്ന് വ്യാപാരികൾ വ്യക്തമാക്കി.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് ഇന്നു നൽകിയ വില ഗ്രാമിന് 190 രൂപ ഉയർത്തി 11,215 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 5 രൂപ ഉയർന്ന് 245 രൂപയായി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണവില ഗ്രാമിന് 185 രൂപ ഉയർത്തി 11,155 രൂപയായി നിശ്ചയിച്ചു. ഇവരുടെ കീഴിലെ ഷോറൂമുകളിലും ഇന്നു വെള്ളിക്കു വില ഗ്രാമിന് 245 രൂപ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

