ഹോർമുസിന് പിന്നാലെ മറ്റൊരു വ്യാപാരപാത കൂടി അടയ്ക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ നിർണായകമായ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്.
ഖാർഗിൽ യുഎസ് ആക്രമണം ഉണ്ടായാൽ ചെങ്കടലിനെ ഗൾഫ് ഓഫ് ഏദനുമായി ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാര പാതയായ ബാബ് അല്‍–മന്ദബ് ഹൂതികളെ ഉപയോഗിച്ചു തടയുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇറാന് പിന്തുണയുമായി ലെബനനിലെ ഹിസ്ബുള്ള രംഗത്തിറങ്ങിയെങ്കിലും യെമനിലെ ഹൂതികളുടെ അസാനിധ്യം ചർച്ചയായിരുന്നു. എന്നാൽ യുദ്ധത്തിന്റെ അടുത്ത ഘട്ടമായി ഇവരെയും യുദ്ധത്തിലേക്ക് നേരിട്ടിറക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
രാജ്യത്തെ 90 ശതമാനം ക്രൂഡ് ഓയിൽ കയറ്റുമതിയും നടക്കുന്ന ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുത്താൽ ഇറാൻ സാമ്പത്തികമായി വീണ്ടും തകരും. ഇതൊഴിവാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് സൂചന.
ബാബ് അൽ മന്ദബ് അഥവാ ‘കണ്ണീരിന്റെ കവാടം’ എന്നറിയപ്പെടുന്നത് യെമൻ, ജിബൂട്ടി, എറിത്രിയ എന്നീ രാജ്യങ്ങൾക്ക് ഇടയിലുള്ള ഇടുങ്ങിയ കടൽ പ്രദേശമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട
സമുദ്ര പാതകളിലൊന്നു കൂടിയാണിത്. ഏറ്റവും ഇടുങ്ങിയ സ്ഥലങ്ങളിൽ 32 കിലോമീറ്റർ മാത്രമാണ് വീതി.
യെമനിലെ ഹൂതികൾക്ക് സ്വാധീനമുള്ള പല പ്രദേശങ്ങളും ഇവിടെയുണ്ട്. ഇതുകടക്കാതെ ഏഷ്യയിൽ നിന്ന് യൂറോപിലേക്കുള്ള കപ്പലുകൾക്ക് സൂയസ് കനാലിലേക്ക് പ്രവേശിക്കാൻ ആകില്ല.
പ്രതിവര്‍ഷം 17,000 കപ്പലുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷം കോടി ഡോളറിന്റെ വ്യാപാരം ഇതുവഴി നടക്കുമെന്നാണ് കണക്ക്. ലോക വ്യാപാരത്തിന്റെ 10–12 ശതമാനം വരുമിത്.
സൂയസ് കാനൽ വഴിയുള്ള ഗതാഗതം തടസപ്പെട്ടാൽ ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള വ്യാപാരവും വൈകും.
ഏഷ്യയിൽ നിന്ന് യൂറോപിലേക്കുള്ള കപ്പലുകൾക്ക് സൂയസ് വഴി പോകാൻ 25 ദിവസങ്ങൾ മതി. എന്നാൽ ഇതൊഴിവാക്കി ആഫ്രിക്കൻ മുനമ്പ് ചുറ്റിപ്പോകാൻ 10–15 ദിവസങ്ങൾ അധികം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഇത് ഗതാഗത ചെലവ് വലിയ തോതിൽ ഉയർത്താനും ചരക്കുകൾ വൈകാനും ഇടയാക്കും. ഗസ–ഇസ്രയേൽ യുദ്ധ സമയത്ത് ഇതുവഴി പോയ രണ്ടു ഇസ്രയേൽ കപ്പലുകളെ യെമനിലെ ഹൂതികൾ ആക്രമിച്ചിരുന്നു.
ഇതോടെ ബാബ് അൽ–മന്ദബ് വഴിയുള്ള കപ്പലുകളുടെ ഇൻഷുറൻസ് തുകയും വർധിച്ചു.
ഹോർമുസിന് പിന്നാലെ ബാബ് അല്‍–മന്ദബ് കൂടി ഇറാൻ അടച്ചാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുത്തനെ വർധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് അടഞ്ഞപ്പോൾ പല രാജ്യങ്ങളും ചെങ്കടലിലൂടെയാണ് ക്രൂഡ് ഓയിൽ പുറത്തെത്തിച്ചത്.
ഓരോ ദിവസവും ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ വിപണിയിലെത്തിയത് വില പരിധിവിട്ടു കുതിക്കാതിരിക്കാനും സഹായിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭീഷണി സത്യമായാൽ ഈ വഴിയും അടയും.
ഭീഷണി കേരളത്തിനും
ചെങ്കടൽ വഴിയുള്ള സമുദ്ര പാതയിൽ തടസം നേരിട്ടാൽ കേരളത്തിന്റെ ടൂറിസം മേഖലയിലും തിരിച്ചടിയാണ്.
കേരള ടൂറിസത്തിൽ നിർണായകമായ ക്രൂസ് കപ്പലുകളുടെ വരവ് കുറയുമെന്നതാണ് ആശങ്ക. ക്രൂസ് കപ്പലുകളിൽ ഭൂരിഭാഗവും സൂയസ് കനാലിലൂടെ ചെങ്കടലിൽ പ്രവേശിച്ച് ബാബ് അൽ–മന്ദബ് കടന്നാണ് കൊച്ചി തീരത്തേക്ക് എത്തുന്നത്.
ഈ പാതയിൽ തിരിച്ചടി നേരിട്ടാൽ മറ്റ് തീരങ്ങൾ തേടി കപ്പലുകൾ പോകാനുള്ള സാധ്യതയുണ്ട്. ആഫ്രിക്കൻ മുനമ്പ് ചുറ്റി കൂടുതൽ ദൂരം സഞ്ചരിച്ച് കപ്പലുകൾ വരാൻ തയാറാകില്ലെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

