രാജ്യത്തെ പാചക വാതക ക്ഷാമം പരിഹരിക്കുന്നതിനായി എൽപിജി സിലിണ്ടറിന്റെ അളവ് കുറയ്ക്കുന്നു. സിലിണ്ടറുകളിൽ 14.2 കിലോയ്ക്ക് പകരം 10 കിലോ പാചക വാതകം നിറയ്ക്കാനാണ് ആലോചന.
ഗാർഹിക സിലിണ്ടറുകൾക്ക് മാത്രമാണ് തൂക്കം കുറയ്ക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ പേർക്ക് എൽപിജി വിതരണം ചെയ്യാനാണിത്.
സിലിണ്ടർ മാറില്ല, പക്ഷേ തൂക്കം കുറയും. ഇതിനനുസരിച്ച് വിലയും താഴും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറക്കുമതിയും രാജ്യത്തെ എൽപിജി സ്റ്റോക്കും കുറഞ്ഞിട്ടുണ്ട്.
നിലവിലെ 14.2 കിലോഗ്രാം സിലിണ്ടർ 35–40 ദിവസം വരെ ഉപയോഗിക്കാമെന്നാണ് കണക്ക്. ഇത് 10 കിലോയിലേക്ക് ചുരുക്കിയാലും ഗാർഹിക ഉപയോക്താക്കൾക്ക് ഒരുമാസം വരെ ഉപയോഗിക്കാനാകുമെന്ന് എണ്ണക്കമ്പനികൾ കരുതുന്നു.
തൂക്കം കുറയ്ക്കുന്നതിലൂടെ പരമാവധി ഉപയോക്താക്കൾക്ക് സിലിണ്ടർ ഉറപ്പാക്കാം. തീരുമാനം നടപ്പായാൽ ‘10 കിലോ’ എന്ന പുതിയ സ്റ്റിക്കർ പതിപ്പിച്ച സിലിണ്ടറുകളാകും ഉപയോക്താക്കൾക്ക് കിട്ടുക.
വില ആനുപാതികമായി കുറയും.
വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിലിണ്ടറിന്റെ ഭാരം കുറയ്ക്കുന്നത് രാഷ്ട്രീയ വിവാദമായേക്കാം. ജനങ്ങളിൽ ആശയക്കുഴപ്പത്തിനും കാരണമായേക്കും.
ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ട ഇടവേളകളും കൂടും.
കമ്പനികളുടെ കണക്ക് അനുസരിച്ച് ഒരു ഗാർഹിക ഉപയോക്താവിന് പ്രതിവർഷം ശരാശരി 8 മുതൽ 10 സിലിണ്ടറുകളാണ് ആവശ്യമായി വരുന്നത്. പുതിയ തീരുമാനത്തോടെ ഇത് 12ന് മുകളിലെത്തും.
അതായത് ഒരു വർഷത്തിൽ കുറഞ്ഞത് മൂന്നിലേറെ തവണ അധികമായി ഗ്യാസ് ബുക്ക് ചെയ്യേണ്ടി വരും. കമ്പനികൾ വില കുറയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് ആനുപാതികമായിട്ട് ആകുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.
അങ്ങനെയെങ്കിൽ കുടുംബ ബജറ്റിനെയും തീരുമാനം ബാധിക്കും.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മറ്റു വഴികളില്ലെന്നാണ് കമ്പനികളുടെ വാദം. രാജ്യത്തിന് ആവശ്യമായി വരുന്ന എൽപിജിയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
ഇതില്‍ 90 ശതമാനം വരുന്നത് പശ്ചിമേഷ്യയിൽ നിന്ന്. ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇതുവഴിയുള്ള പാചകവാതക വരവും നിലച്ചു.
ഇന്ത്യയുടെ പ്രതിദിന എൽപിജി ഉപയോഗം 93,500 ടൺ ആണെന്നാണ് കണക്ക്. സംഘർഷം തുടങ്ങിയതിൽ പിന്നെ രാജ്യത്തേക്ക് രണ്ടു കപ്പലുകളിൽ എത്തിയത് 92,700 ടൺ എൽപിജി മാത്രം.
പുതിയ കപ്പലുകളൊന്നും എൽപിജിയുമായി രാജ്യത്തേക്ക് വരുന്നതുമില്ല. ആറു കപ്പലുകള്‍ ഹോർമുസ് കടക്കാൻ ഇറാന്റെ അനുമതി കാത്തു കിടക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

