അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിനെ നാടിന്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ ആലപ്പാട്ടുകുന്നേലച്ചൻ (റവ. ഡോ.
സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ) വിടവാങ്ങി. 20 വർഷം അരുവിത്തുറ കോളജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി.
അരുവിത്തുറ കോളജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കാൻ 1997ൽ സർക്കാരിന്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ ക്രാന്ത ദർശനത്തിന്റെ ഉദാഹരണമാണ്.
അരുവിത്തുറ കോളജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു.
അരുവിത്തുറ കോളജിൽ സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു. പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും 15000ത്തോളം വിദ്യാർഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു.
പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളജിന് ഒരു വലിയ ഓഡിറ്റോറിയം നിർമിച്ചു. പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു.
ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി.
ഏഷ്യയിൽ തന്നെ ആദ്യമായി ക്യാംപസിൽ നിന്നും സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ ചാനലിനും ക്യാംപസ് കമ്യൂണിറ്റി ടെലികാസ്റ്റിങ് സെന്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെന്റ് ജോർജ് കോളജ് കേബിൾ നെറ്റ്വർക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും അദ്ദേഹം രൂപം നൽകി. വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരുപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആയിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നാക് അക്രഡിറ്റേഷനിൽ 4 സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളജ്.
1946 ജൂൺ 2ന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം, 1972 ജനുവരി 5 നാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം, മരങ്ങാട്ടുപള്ളി, ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച 2ന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിന്റെ സഹോദരന്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കോളജ് മാനേജർ വെരി.
റവ. ഫാ.
മാത്യു ചന്ദ്രൻ കുന്നേൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ്, കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
അരുവിത്തുറ കോളജ് പ്രിൻസിപ്പൽ ആയി റവ. ഡോ.
സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളജിന്റെ സുവർണ കാലഘട്ടമായിരുന്നുവെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

