പാപ്പിനിശ്ശേരി ∙ അറ്റകുറ്റപ്പണി നടത്തി റെക്കോർഡ് സൃഷ്ടിക്കുകയാണ് പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം. കഴിഞ്ഞ 8 വർഷത്തിനിടയിൽ ഒട്ടേറെത്തവണ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി.
തുടർച്ചയായി പണിയും പഠനവും നടത്തിയിട്ടും പാലത്തിലെ തകർച്ച ശാശ്വതമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണിയും പൂർത്തിയാകാതെ നീളുന്നതായി പരാതി.
നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ മേൽപാലം പണി പ്രചാരണ വിഷയമായി മാറും. പാലത്തിലെ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ നേരത്തെയുള്ളതിനെക്കാൾ കൂടുതൽ തകർച്ച കണ്ടെത്തുന്നതാണ് പ്രശ്നം.
പണി പൂർത്തിയാകാൻ ഇനിയും 2 ആഴ്ചയിലധികം കാത്തിരിക്കേണ്ടി വരും. ഒരു മാസത്തിനകം തുറന്നുകൊടുക്കുമെന്ന് അറിയിച്ചു ഫെബ്രുവരി 5നാണ് പണി തുടങ്ങിയത്.
കെഎസ്ടിപി പാപ്പിനിശ്ശേരി– പിലാത്തറ റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾ അടച്ചിട്ടതിനാൽ ഈ മേഖലയിൽ യാത്രാദുരിതം രൂക്ഷമാണ്.
ബദൽ റോഡുകളിലൂടെയാണ് ബസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. പാപ്പിനിശ്ശേരി വെസ്റ്റ് നിവാസികൾക്ക് കഴിഞ്ഞ ഒന്നരമാസമായി ബസ് യാത്രയ്ക്കായി മറ്റു വാഹനങ്ങളിൽ ഇരിണാവ് റോഡിലേക്ക് എത്തണം.
കഴിഞ്ഞ ദിവസം സംസ്ഥാന മരാമത്ത് വിഭാഗം ചീഫ് എൻജിനീയർ സ്ഥലത്തെത്തി പാലത്തിലെ പരിശോധന നടത്തി തകർന്ന എക്സ്പാൻഷൻ ജോയിന്റിന് സമീപം പുതുതായി കണ്ടെത്തിയ തകർച്ച പരിഹരിക്കാൻ നിർദേശം നൽകി. കാട്ടിലെപ്പള്ളി ഭാഗത്ത് വിവിധ സ്പാനുകളിലായി തകർച്ച നേരിട്ട
സ്ഥലത്തെ ഇരുമ്പുകമ്പികൾ പൂർണമായും നീക്കം ചെയ്തു പുതിയവ സ്ഥാപിച്ചു മൈക്രോ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചു സമയമെടുത്തു ചെയ്യേണ്ട
പ്രവൃത്തിയാണിതെന്ന് അധികൃതർ അറിയിച്ചു. ഇതിനിടയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പാലം വേഗത്തിൽ തുറന്നുകൊടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
2021ലടക്കം പലതവണ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല.
മാസങ്ങൾക്ക് മുൻപ് കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം എത്തി പരിശോധന നടത്തിയാണ് പണി നടത്താൻ നിർദേശിക്കുന്നത്. എക്സ്പാൻഷൻ ജോയിന്റിലും വിവിധ സ്പാനുകളിലും, അടിഭാഗത്തും ഉണ്ടായ തകർച്ച അന്നുതന്നെ സംഘം കണ്ടെത്തിയിരുന്നു.
അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കി പാലം അടിയന്തരമായി തുറന്നുകൊടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

