സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റിനെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്: സുരക്ഷാ മുൻകരുതലുകൾ * കാറ്റും മഴയും ഉള്ള സമയങ്ങളിൽ മരച്ചുവട്ടിൽ നിൽക്കുന്നതോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോ പൂർണ്ണമായും ഒഴിവാക്കുക. മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുണ്ട്.
വീട്ടുവളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ കൃത്യസമയത്ത് വെട്ടിയൊതുക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ ഇത്തരം മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട
തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
* പരസ്യ ബോർഡുകൾ, കൊടിമരങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ അവ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യുക. കാറ്റ് വീശുമ്പോൾ ഇത്തരം വസ്തുക്കളുടെ സമീപത്ത് നിൽക്കരുത്.
* വീടുകളിലെ ജനലുകളും വാതിലുകളും കാറ്റ് വീശിത്തുടങ്ങുമ്പോൾ തന്നെ അടച്ചിടാൻ ശ്രദ്ധിക്കുക.
വീടിന്റെ ടെറസിലും ജനൽവാതിലുകൾക്ക് സമീപവും നിൽക്കുന്നത് ഒഴിവാക്കണം.
* ഓല മേഞ്ഞതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും മുൻകൈ എടുക്കേണ്ടതാണ്.
* വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക.
അത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിലോ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം നമ്പറായ 1077-ലോ വിവരം അറിയിക്കുക. വൈദ്യുതി അറ്റകുറ്റപ്പണികൾക്കായി പൊതുജനങ്ങൾ നേരിട്ട് ഇറങ്ങരുത്.
* അതിരാവിലെ ജോലിക്ക് ഇറങ്ങുന്ന പത്രം, പാൽ വിതരണക്കാർ വൈദ്യുത ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മുന്നോട്ട് പോകുക.
കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാനും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാനും ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

