തിരുവനന്തപുരം ∙ പാചകവാതക ക്ഷാമം തുടർന്നാൽ അടുത്ത 2 മാസത്തെ വൈദ്യുതിനിരക്കും വർധിക്കാൻ സാധ്യത. കൊടും ചൂടിനൊപ്പം പാചകവാതക ക്ഷാമം കൂടി രൂക്ഷമായതോടെ വൈദ്യുതി ഉപയോഗവും കുതിച്ചു കയറി.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയ 2024 മാർച്ചിനേക്കാൾ കൂടിയ വൈദ്യുതി ആവശ്യകതയാണ് ഇത്തവണയുണ്ടായത്. 2024ൽ മാർച്ച് അവസാനവാരം രേഖപ്പെടുത്തിയ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയെക്കാൾ ഉയർന്നതാണ് ഈ മാസം 12ന് ഉണ്ടായത്.
12ന് രാത്രി 10.44ന് 5420 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടിവന്നത്.
രാത്രി 10നു ശേഷം ഒന്നര മണിക്കൂറോളം ഉയർന്ന വൈദ്യുതി ആവശ്യകത തുടരുന്നുണ്ട്. 11ന് 5200 മെഗാവാട്ട് ആവശ്യകതയുണ്ടായിരുന്നു.
ഒറ്റദിവസം കൊണ്ട് 220 മെഗാവാട്ടിന്റെ വർധനയുണ്ടായതോടെ കെഎസ്ഇബി ജാഗ്രതയിലാണ്. ആകെ വൈദ്യുതി ഉപയോഗത്തിലും വലിയ വർധനയുണ്ടായി.
പാചകവാതക ക്ഷാമം ഭീഷണിയായി നിൽക്കുന്നതിനാൽ പലരും പാചകം ഇൻഡക്ഷൻ സ്റ്റൗവിലേക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും മാറിയതോടെ പകൽ വൈദ്യുതി ഉപയോഗം വർധിച്ചു. 12ന് ആകെ വൈദ്യുതി ആവശ്യകത 10.276 കോടി യൂണിറ്റ് ആയിരുന്നു.
ഈ മാസം ഇതു റെക്കോർഡ് ആണ്.
വൈദ്യുതി ചാർജ് കൂടിയേക്കും
നിലവിൽ ആവശ്യത്തിനു വൈദ്യുതി ലഭ്യമാണെങ്കിലും ആവശ്യകത ഈ തോതിൽ ഉയർന്നാൽ പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. ഉത്തരേന്ത്യയിലും പാചകവാതക ക്ഷാമം രൂക്ഷമായതിനാൽ അവിടെയും വൈദ്യുതി ആവശ്യകത ഉയർന്നാൽ വൈദ്യുതിയുടെ വില വർധിക്കും.
കൂടുതൽ വൈദ്യുതിക്കായി നാഫ്ത പോലുള്ള ഉയർന്ന വിലയുള്ള ഇന്ധനം ഉപയോഗിക്കുന്ന പ്ലാന്റുകൾ പ്രവർത്തിപ്പിക്കേണ്ടി വന്നാൽ വില വലിയ തോതിൽ വർധിക്കും. ഇത്തരത്തിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ അധിക വൈദ്യുതി കെഎസ്ഇബിക്ക് വാങ്ങേണ്ടി വന്നാൽ അതിന്റെ നിരക്ക് ഇന്ധന സർചാർജ് ആയി അടുത്ത മാസങ്ങളിൽ ബില്ലിൽ പ്രതിഫലിക്കും.
വൈദ്യുതി നിരക്ക് കുറയ്ക്കാം
രാത്രി വൈദ്യുതി ഉപയോഗം വർധിക്കുന്നത് ടൈം ഓഫ് ഡേ (ടിഒഡി) താരിഫിലുള്ള (പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരും പ്രതിമാസ ബില്ലിങ് ഉള്ളവരുമായ) ഉപയോക്താക്കൾക്ക് വൈദ്യുതി നിരക്ക് വർധിക്കാനിടയാക്കും.
സാധാരണ വൈദ്യുതി നിരക്കിന്റെ 25% അധികനിരക്ക് വൈകിട്ട് 6നും രാത്രി 10നും ഇടയിലെ വൈദ്യുതി ഉപയോഗത്തിനു നൽകേണ്ടി വരും. ഇത് ഒഴിവാക്കാൻ രാത്രി അത്യാവശ്യമല്ലെങ്കിൽ വൈദ്യുതി ഉപയോഗിച്ചുള്ള പാചകം രാവിലെ 6നും വൈകിട്ട് 6നും ഇടയിലാക്കിയാൽ മതി.
ഈ സമയത്ത് വൈദ്യുതിക്ക് സാധാരണ നിരക്കിനെക്കാൾ 10% കുറവാണ്. ഇത് വൈദ്യുതി നിരക്ക് കുറയാൻ സഹായിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

