കിണാശ്ശേരി ∙ പുതുനഗരം–കിണാശ്ശേരി റോഡിന്റെ വീതി കൂട്ടലുമായി ബന്ധപ്പെട്ട് റോഡിനിരുവശവും നെൽപ്പാടമുൾപ്പെടെയുള്ള സ്വകാര്യഭൂമികളിൽ മഞ്ഞക്കുറ്റി കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചതിൽ നാട്ടുകാർക്ക് ആശങ്ക. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡിന്റെ പുതുനഗരം മുതൽ കിണാശ്ശേരി വരെയുള്ള 8 കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിലാണ് വീതി കൂട്ടൽ നടപടിയുടെ ഭാഗമായി നിലവിൽ മഞ്ഞക്കുറ്റി സ്ഥാപിച്ചുവരുന്നത്.
കിഫ്ബിക്കാണ് റോഡ് വികസനത്തിന്റെ ചുമതല. ഒരാഴ്ച മുൻപാണ് പുതുനഗരം ഭാഗത്തുനിന്ന് കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു തുടങ്ങിയത്.
റോഡിന്റെ ഇരുവശവുമുള്ള വീടുകളുടെ മുറ്റം, പറമ്പ്, വയൽ ഉൾപ്പെടെയുള്ള സ്വകാര്യ ഭൂമികളിലെല്ലാം ഒരു മുന്നറിയിപ്പുമില്ലാതെ മഞ്ഞക്കുറ്റി കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചത് നാട്ടുകാരെ ആശങ്കയിലാക്കി.
വീടിന്റെ ചുമരിനോടു ചേർന്നും, വ്യാപാര സ്ഥാപനങ്ങളുടെ അകങ്ങളോടു ചേർന്നുമെല്ലാം മഞ്ഞക്കുറ്റി സ്ഥാപിച്ചിട്ടുണ്ട്. കൊയ്ത്തിന് പാകമായ വയലുകളിൽ മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെ കൊയ്ത്തു യന്ത്രത്തിന് ഈ ഭാഗത്തുകൂടി പോകാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു.
വീതി കൂട്ടുന്നതിനു മുന്നോടിയായി ആവശ്യമായ സ്ഥലത്തിന്റെ അളവെടുത്ത് അതിർത്തി അടയാളപ്പെടുത്തൽ മാത്രമാണ് നടന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇപ്പോൾത്തന്നെ കോൺക്രീറ്റ് ചെയ്ത് മഞ്ഞക്കുറ്റി സ്ഥാപിച്ചത് പലർക്കും വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
കിണാശ്ശേരി തോട്ടുപാലം ഭാഗത്ത് ചിലമ്പത്ത് വീട്ടിൽ പരമേശ്വരന്റെ വീടിന്റെ ഉമ്മറത്തോടു ചേർന്നാണ് കുറ്റി സ്ഥാപിച്ചത്. കുറ്റി സ്ഥാപിക്കാൻ വന്നപ്പോഴാണ് റോഡ് വീതി കൂട്ടുന്നതിന്റെ അടയാളപ്പെടുത്തലാണെന്ന് അറിയിച്ചതെന്നും, വീടിന്റെ ഉമ്മറത്ത് ആയതിനാൽ കോൺക്രീറ്റ് കുറ്റിക്കു പകരം മറ്റു രീതിയിൽ അതിർത്തി അടയാളപ്പെടുത്തണമെന്നു നിർദേശിച്ചത് കണക്കിലെടുത്തല്ലെന്നും പരമേശ്വരൻ പറയുന്നു.
കർഷകനായ എം.വേണുഗോപാലിന്റെ റോഡിന് ഇരുവശവുമുള്ള നെൽപ്പാടങ്ങൾക്കിടയിലും മഞ്ഞക്കുറ്റി സ്ഥാപിച്ചിട്ടുണ്ട്.
കൊയ്ത്തിന് സമയമായതിനാൽ യന്ത്രം ഇറക്കാൻ ഇതു പ്രയാസമാകുമെന്നും വേണുഗോപാൽ പറയുന്നു. ഒരു മുന്നറിയിപ്പും നൽകാതെയാണ് ഈ മഞ്ഞക്കുറ്റി സ്ഥാപിക്കൽ നടപടിയെന്നും നാട്ടുകാർ പറയുന്നു.
ഈ 8 കിലോമീറ്ററോളം ഭാഗത്തെ കടകളും വീടുകളുമുൾപ്പെടെ പല ഭൂമിയും ഇപ്പോൾ മഞ്ഞക്കുറ്റിക്കുള്ളിലായി. റോഡ് വീതി കൂട്ടുന്നതിന് എതിരല്ലെന്നും എന്നാൽ സർവേ എടുക്കുമ്പോൾ നാട്ടുകാരെ പ്രയാസപ്പെടുത്തി കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതിനു പകരം മറ്റു രീതികൾ ഉപയോഗിക്കണമെന്നും അധികൃതർ മുൻകൂട്ടി അറിയിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.
‘ആശങ്ക വേണ്ട, കുറ്റി സ്ഥാപിച്ച ഭൂമിയുടെ ഉടമകൾക്ക് നോട്ടിസ് നൽകും’
പുതുനഗരം– കിണാശ്ശേരി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി, എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നതിന്റെ അളവെടുത്ത് അതിർത്തി അടയാളപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്ന് അധികൃതർ പറയുന്നു.
ഇപ്പോൾ അടയാളപ്പെടുത്തിയത് അന്തിമമല്ല. റവന്യു വിഭാഗത്തിന്റെ സർവേ കൂടി കഴിഞ്ഞാലേ ഏറ്റെടുക്കേണ്ട
ഭൂമിയുടെ കൃത്യമായ അളവ് ലഭിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കിഫ്ബി സർവേ പൂർത്തിയാക്കി കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ വിഭാഗത്തിന് രേഖകൾ കൈമാറും.
അവർ സർവേ നടത്തുകയും നിലവിൽ കുറ്റി സ്ഥാപിച്ച ഭാഗത്ത് ഏറ്റെടുക്കേണ്ട
സ്ഥലം പരിശോധിച്ച് സ്കെച്ച് തയാറാക്കുകയും ചെയ്യും. ഇതിനു ശേഷമായിരിക്കും ഓരോ ആളുകളുടെയും എത്ര സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നു കാണിച്ച് ഉടമകൾക്ക് നോട്ടിസ് നൽകുക.
തുടർന്നു നഷ്ടപരിഹാര തുക ഉൾപ്പെടെ തീരുമാനിച്ച ശേഷമാകും നടപടികൾ തുടങ്ങുക. നിലവിലെ സർവേ നടത്തുന്നതിന്റെ വിജ്ഞാപനം വർഷങ്ങൾക്ക് മുൻപേ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

