ഇറാൻ – യുഎസ് മൂന്നാം ഘട്ട സമാധാന ചർച്ചയും സമവായത്തിലെത്താതെ പിരിഞ്ഞതോടെ മേഖലയിൽ യുദ്ധഭീഷണി വർധിച്ചു.
ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിച്ച ഒമാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗാച്ചിയും പറയുന്നുണ്ടെങ്കിലും വിപണിയുടെ ആശങ്ക മാറിയിട്ടില്ല. ആണവ പരീക്ഷണം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാത്തതാണ് തിരിച്ചടി.
ഇതോടെ തുടക്കത്തില് കുതിച്ച സ്വർണവില ലാഭമെടുപ്പിനെ തുടർന്ന് വീണ്ടും താഴ്ന്നു. മധ്യേഷയിൽ യുഎസും ഇറാനും നടത്തുന്ന സേനാ വിന്യാസമാണ് വിപണിയുടെ ആശങ്കയ്ക്ക് കാരണമാകുന്നത് .
ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ച വീണ്ടും നടക്കുമെന്നാണ് വിവരം.
അതേസമയം, യുഎസ് വീണ്ടും തീരുവ സമ്മർദ്ദം ശക്തമാക്കിയത് രാജ്യാന്തര തലത്തിൽ വ്യാപാര അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. ഇറക്കുമതി തീരുവ 15 ശതമാനമാക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഒപ്പിടുമെന്നാണ് അമേരിക്കൻ വ്യാപാര പ്രതിനിധി ജമൈസൺ ഗ്രീറിന്റെ പ്രസ്താവന.
നേരത്തെ 15 ശതമാനമാണ് തീരുവ പ്രഖ്യാപിച്ചതെങ്കിലും 10 ശതമാനം മാത്രമാണ് നടപ്പിലായത്.
അഫ്ഗാൻ–പാക്ക് യുദ്ധത്തിലേക്ക്?
അതിനിടെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും യുദ്ധത്തിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും വിപണിയെ സമ്മർദ്ദത്തിലാക്കുമെന്ന് ആശങ്ക. അഫ്ഗാൻ താലിബാനെതിരെ പാക്ക് പ്രതിരോധ മന്ത്രി തുറന്ന യുദ്ധം പ്രഖ്യാപിച്ചതാണ് കാരണം.
കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെയും സേനകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ കാബൂളിലും കാണ്ടഹാറിലും പാക് വ്യോമസേന ആക്രമണം നടത്തി.
ആക്രമണത്തിൽ ഇരുവിഭാഗത്തും നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
‘ഫ്ളാറ്റായി’ വിപണി
രാവിലെ മുതൽ ചുവപ്പിലും പച്ചയിലുമായി ചാഞ്ചാടിക്കളിഞ്ഞ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ‘ഫ്ളാറ്റായാണ്’ വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഓഹരികൾ ശക്തമായി തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫിനാൻഷ്യൽ ഓഹരികളിലെ വീഴ്ചയാണ് തിരിച്ചടിയായത്.
വിദേശ നിക്ഷേപകർ തിരിച്ചെത്തിയത് തുടക്കത്തിൽ വിപണിക്ക് നല്ല മുന്നേറ്റം നൽകിയിരുന്നു. എന്നാൽ ഉച്ചയോടെ കഥ മാറി.
3,465 കോടിയുടെ അറ്റ വിൽപനയാണ് വിദേശ നിക്ഷേപകർ നടത്തിയത്. പ്രാദേശിക നിക്ഷേപകർ 5,031 കോടിയുടെ അറ്റ വാങ്ങലുകാരായി.
ക്ലോസിങ്ങിൽ 14 പോയിന്റ് മാത്രം നേട്ടത്തിൽ 25,496.55 എന്ന നിലയിലായിരുന്നു നിഫ്റ്റി.
സെൻസെക്സ് ആകട്ടെ 27 പോയിന്റ് കയറി 82,486.61ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓഹരികൾ ഇന്നലെയും കയറ്റത്തിലായിരുന്നു.
ഐടി സൂചിക കയറിയത് 1.5 ശതമാനം.
ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ താഴ്ന്ന് വ്യാപാരം തുടങ്ങാനാണ് സാധ്യത. ഗിഫ്റ്റ് നിഫ്റ്റി നിലവിൽ താഴ്ന്നാണ് വ്യാപാരം നടത്തുന്നത്.
ഇന്നലെ യുഎസ് വിപണി ലാഭം മറന്ന ദിവസമായിരുന്നു.
ടെക് ഭീമനായ എൻവിഡിയയുടെ പാദഫലങ്ങൾ നിക്ഷേപകരെ ആവേശത്തിലാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ ടെക് ഓഹരികൾ ഇടിഞ്ഞു.
എൻവിഡിയ ഓഹരികൾ ഇടിഞ്ഞത് നാല് ശതമാനത്തോളം. ഡോ സൂചിക 0.3 ശതമാനം മാത്രം നേട്ടത്തിൽ ക്ലോസ് ചെയ്തു.
എസ് ആൻഡ് പി 0.54 ശതമാനവും നാസ്ഡാക് 1.18 ശതമാനവും ഇടിഞ്ഞു. നിലവിൽ അമേരിക്കൻ വിപണിയിലെ ഫ്യൂച്ചര് വ്യാപാരവും നഷ്ടത്തിലാണ്.
യുഎസ് വിപണിയിലെ ഇടിവ് ഏഷ്യയിലേക്കും വ്യാപിച്ചിട്ടുണ്ട്.
ജപ്പാനിലെ നിക്കെയ് സൂചിക 0.69 ശതമാനം നഷ്ടത്തിലായി. തുടക്കം മോശമാക്കിയെങ്കിലും ഹോങ്കോങ്, ഷാൻഹായ് സൂചികകൾ പിന്നീട് നേട്ടത്തിലേക്ക് മാറി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ അനിശ്ചിതത്വമാണ് വിപണികളെ ബാധിക്കുന്നതെന്നാണ് വിലയിരുത്തൽ.
ജിഡിപി കണക്കുകൾ ഇന്ന്
പുതിയ പരിഷ്ക്കാരങ്ങളോടെയുള്ള ആദ്യ ജിഡിപി കണക്ക് ഇന്ന് സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിടും. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ (ഒക്ടോബർ-ഡിസംബർ) ജിഡിപി വളർച്ചനിരക്കിനു പുറമേ, ഇക്കൊല്ലത്തെ ആകെ വളർച്ച സംബന്ധിച്ച അനുമാനവും പ്രസിദ്ധീകരിക്കും.
പുതിയ കണക്കുപ്രകാരം മൂന്നാം പാദത്തിൽ വളർച്ചനിരക്ക് 8 ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് എസ്ബിഐ ഗവേഷണവിഭാഗത്തിന്റെ വിലയിരുത്തൽ.
ആഭ്യന്തര ഉൽപാദനം (ജിഡിപി) കണക്കാക്കാൻ അടിസ്ഥാനവർഷമായി നിലവിൽ ഉപയോഗിക്കുന്നത് 2011-12 ആണ്. പുതിയ രീതിയിൽ ഇത് 2022-23 ആയിരിക്കും.
ജിഡിപി കണക്കാക്കുന്ന രീതികളിലും വിവരസ്രോതസ്സുകളിലും മാറ്റമുണ്ടാകും. കൂടുതൽ കൃത്യതയ്ക്കു പുറമേ സമ്പദ്വ്യവസ്ഥയിൽ കാലോചിതമായുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനുമാണ് പുതുക്കൽ.
സമ്പദ്വ്യവസ്ഥ യഥാർഥത്തിൽ എത്രത്തോളം വളർന്നുവെന്ന് മനസിലാക്കാനാണ് അടിസ്ഥാന വർഷം ഉപയോഗിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള വർഷങ്ങളിൽ യഥാർഥത്തിൽ വളർച്ചയോ തളർച്ചയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

