കൽപറ്റ ∙ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് കർഷകരുടെ പേരുപറഞ്ഞ് സമീപകാലത്ത് രൂപംകൊണ്ട ചില സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി സംസ്ഥാന വനം വകുപ്പ് നിരാകരിച്ചത് കൊടിയ കർഷക ദ്രോഹമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
വിഷയത്തിൽ വനം മന്ത്രി കൈമലർത്തുന്നത് പരിഹാസ്യമാണെന്നും വന്യജീവി പ്രതിരോധത്തിന് മതിയായ ഫണ്ട് ലഭിക്കുന്നില്ലെന്ന് നിരന്തരം മുറവിളി കൂട്ടുന്നതിനിടെയാണ് വനം വകുപ്പ് കേന്ദ്ര പദ്ധതി തട്ടിമാറ്റിയതെന്നും യോഗം കുറ്റപ്പെടുത്തി.
കടുവ സങ്കേതങ്ങൾക്ക് പുറത്തുള്ള വനം ഡിവിഷൻ പരിധികളിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയിൽ രാജ്യവ്യാപകമായി 40 വനം ഡിവിഷനുകളെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് വയനാട്ടിലെ മൂന്ന് ഡിവിഷനുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
പദ്ധതി പ്രകാരം ഓരോ ഡിവിഷനും വർഷം ഒന്നരക്കോടി രൂപ ലഭിക്കും. ഫീൽഡ് ജീവനക്കാരെ ആധുനിക സാങ്കേതികവിദ്യയും മതിയായ പരിശീലനവും നൽകി സംഘർഷ ലഘൂകരണത്തിന് സജ്ജരാക്കുക, ക്യാമറ ട്രാപ്പുകൾ, ജിപിഎസ് അധിഷ്ഠിത മോണിറ്ററിങ്, ഡ്രോണുകൾ എന്നിവ ഉപയോഗപ്പെടുത്തി കടുവകളുടെയും മറ്റു വന്യജീവികളുടെയും സഞ്ചാരപഥം കണ്ടെത്തുക, കർഷകരെയും തദ്ദേശ സ്ഥാപനങ്ങളെയും ബോധവൽകരിക്കുക, പിടികൂടുന്ന കടുവകളെയും മറ്റും പാർപ്പിക്കാൻ ഷെൽട്ടറുകൾ ഒരുക്കുക തുടങ്ങിയവ കേന്ദ്ര പദ്ധതിയുടെ ഭാഗമാണ്.
കാടിന് പുറത്ത് കടുവകളെയും മറ്റു വന്യജീവികളെയും വളർത്തുന്നതിനുളള ഗൂഢനീക്കമെന്ന് മുദ്രകുത്തി ചില സംഘടനകൾ രംഗത്തുവരികയും ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന വനം വകുപ്പ് പദ്ധതിക്കു നേരെ മുഖംതിരിച്ചത്.
അതേസമയം കർണാടകയും തമിഴ്നാടും കേന്ദ്ര പദ്ധതി ഉപയോഗപ്പെടുത്തുന്നുണ്ട്. വയനാടുമായി അതിർത്തി പങ്കിടുന്ന കുടകിലും മടിക്കേരിയിലും ഗൂഡല്ലൂരിലും പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
വനം-വന്യജീവി സംരക്ഷണത്തിന് സംസ്ഥാനത്തിന് ഫണ്ട് നൽകുന്നതിൽ കേന്ദ്ര സർക്കാനുള്ള വിമുഖത തുടരാൻ വനം വകുപ്പിന്റെ നിലപാട് ഇടയാക്കിയേക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എൻ.ബാദുഷ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തോമസ് അമ്പലവയൽ, ട്രഷറർ ബാബു മൈലമ്പാടി പി.എം സുരേഷ്, സി.ഐ. ഗോപാലകൃഷ്ണൻ , സണ്ണി മരക്കാവ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

