കൊല്ലം ∙ ദേശീയപാത 66ലെ വികസനവുമായി ബന്ധപ്പെട്ട കൊട്ടിയം മേഖലയിൽ നിർമിക്കുന്ന മൺമതിൽ തകർച്ചയുടെ വക്കിലെന്ന പൊലീസ് റിപ്പോർട്ടിന്മേൽ തുടർ നടപടികളില്ലെന്നു നാട്ടുകാർ.
ഈ മേഖലയിലെ തകരാൻ സാധ്യതയുള്ള ഭാഗങ്ങളുടെ ഫോട്ടോകൾ സഹിതമായിരുന്നു പൊലീസ് റിപ്പോർട്ട്. അപകടസാധ്യത ഒഴിവാക്കാൻ നടപടിയില്ലാതെ നിർമാണവുമായി മുന്നോട്ടുപോകുന്നതിലും നാട്ടുകാർക്ക് ആശങ്കയുണ്ട്.
പൊലീസ് റിപ്പോർട്ടിൽ നാലിടങ്ങളിൽ അപകട
സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കൊട്ടിയം ജംക്ഷന് സമീപം, പട്ടരുമുക്കിൽ നിപ്പോൺ ടൊയോട്ട
ഷോറൂമിന് സമീപം, തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിൽ മാർക്കറ്റിന് സമീപം, ബ്രദേഴ്സ് കോസ്മെറ്റിക് ഷോപ്പിന് സമീപം എന്നിങ്ങനെയാണ് പൊലീസ് ചൂണ്ടിക്കാട്ടിയ അപകട സാധ്യതയുള്ള സ്ഥലങ്ങൾ.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) സംഘമെത്തി പരിശോധന നടത്തി തകരാൻ സാധ്യതയില്ലെന്നാണ് അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇപ്പോഴും പലഭാഗത്തും സ്ലാബുകൾ പുറത്തേക്ക് തള്ളിയാണ് നിൽക്കുന്നത്.
ഈ ഭാഗത്തു കൂടി യാത്ര ചെയ്യുമ്പോൾ എപ്പോഴും ഭയമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. ഏകദേശം 40 അടി ഉയരത്തിലാണ് റോഡ് ഉയർത്തിയിട്ടുള്ളത്.
ഈ മൺമല കാണുമ്പോൾ എപ്പോഴും ആശങ്കയുള്ളതായി ഈ മേഖലയിലെ കച്ചവടക്കാരും പറയുന്നു.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ ബസ് കയറാനും എല്ലാം മൺമതിലിന് അടുത്തായാണ് നിൽക്കുന്നത്. മഴക്കാലമാകുമ്പോൾ ആശങ്ക കൂടുമെന്നും ഇവർ പറയുന്നു.
പൊട്ടിയ സ്ലാബുകൾ സിമന്റ് കൊണ്ട് അടച്ച് ബലപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. സ്ലാബുകളിലെ വിള്ളൽ സിമന്റ് കൊണ്ട് അടയ്ക്കില്ലെന്ന് കലക്ടറുടെ സാന്നിധ്യത്തിൽ കരാർ കമ്പനിക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെടുന്നതായും ആരോപണമുണ്ട്.
കൊട്ടിയത്തിന്റെ ദുഖം
കൊട്ടിയത്ത് മ ൺമതിലിന് പകരം തുണുകളിലെ ഉയരപ്പാത വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നു സംയുക്ത സമരസമിതി നേതാക്കൾ പറയുന്നു. മൺമതിൽ കൊണ്ട് കൊട്ടിയത്തെ ആർക്കും പ്രയോജനമില്ല, മറിച്ച് നഷ്ടം മാത്രമാണ്.
കൊട്ടിയം ജംക്ഷനിൽ നിന്ന് ഇരുവശത്തേക്കും 700 മീറ്റർ വീതം ഭാഗത്ത് സ്പാനുകൾ സ്ഥാപിക്കണമെന്ന നിർദേശം ദേശീയപാത അതോറിറ്റിക്ക് സമർപ്പിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. നിലവിലെ സ്പാനുകൾക്ക് പകരം ഇരുവശത്തേക്ക് അഞ്ചു വീതം സ്പാനുകൾ സ്ഥാപിച്ച് കൊട്ടിയത്തിന്റെ പ്രതാപം വീണ്ടെടുക്കണം.
കൊട്ടുംപുറം ഉന്നതിയിൽ നിന്ന് ആശുപത്രിയിലേക്ക് നേരത്തെ നടന്നു പോകാമായിരുന്നു. ഇപ്പോൾ 200 മുതൽ 220 രൂപ വരെ ഓട്ടോറിക്ഷയ്ക്കു കൂലി കൊടുക്കണം.
കേസെടുക്കുമെന്ന ഭീഷണി ഉൾപ്പെടെ സമരത്തിന് എതിരെ പലഭാഗങ്ങളിൽ നിന്നു സമ്മർദമുണ്ടെന്നും നേതാക്കൾ പറയുന്നു.കൊല്ലത്തിന്റെ സാറ്റലൈറ്റ് നഗരമായി വളരേണ്ട കൊട്ടിയം ഈ മൺമതിൽ കൊണ്ട് തകർച്ചയുടെ വക്കിലാണ്.
വൻകിട ബ്രാൻഡ് ഷോറൂമുകൾ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണെന്നു സംയുക്ത സമര സമിതി വക്താവ് അസീർ കൊട്ടിയം പറയുന്നു.
കടവൂരിൽ നിന്നു തന്നെ ദേശീയപാത വികസനം ആരംഭിക്കും
കൊല്ലം ∙ ദേശീയപാത 183 ന്റെ വികസനം ദേശീയപാത 66 കടവൂരിൽ നിന്നു തന്നെ ആരംഭിക്കുമെന്ന് എൻ.കെ.
പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ദേശീയപാത 183 ന്റെ വികസന പദ്ധതി ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കടവൂരിനു പകരം കുണ്ടറ നിന്ന് ആരംഭിക്കുന്നതിനുള്ള നിർദേശം ദേശീയപാത മന്ത്രാലയം പരിഗണിച്ചിരുന്നു.
ഇന്നലെ ഡൽഹിയിൽ ദേശീയപാത മന്ത്രാലയം സെക്രട്ടറി ഉമാശങ്കറും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് റോഡ് വികസനം കടവൂരിൽ നിന്നുതന്നെ ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചത്.
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ 978 കോടി രൂപയുടെ പദ്ധതി രേഖയാണ് അന്തിമ അനുമതിക്കായി സമർപ്പിക്കുന്നത്. ഇതു കൂടാതെ 780 കോടിയോളം രൂപ ഭൂമി ഏറ്റെടുക്കലിനും ചെലവുണ്ട്.
പദ്ധതി രേഖ പ്രകാരമുള്ള ചെലവ് 1000 കോടിയിൽ കൂടിയാൽ മന്ത്രിസഭയുടെ അംഗീകാരം തേടേണ്ടതുണ്ട്. മഴവെള്ളം സർവീസ് റോഡിലേക്കോ ?
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മൺമതിലിന് (റീ–ഇൻഫോഴ്സ്ഡ് എർത്ത് വോൾ) മുകളിലെ റോഡിലെ മഴവെള്ളം വീഴുന്നത് സർവീസ് റോഡിലേക്ക്.
നിർമാണം പുരോഗമിക്കുന്ന ഭാഗങ്ങളിൽ മഴവെള്ളം ഒഴുകാൻ പൈപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഈ പൈപ്പുകളിലെ വെള്ളം എത്തുന്നത് താഴെയുള്ള സർവീസ് റോഡുകളിലേക്കാണ്.
വലിയ പൈപ്പുകളുടെ താഴത്തെ അഗ്രത്തിൽ സ്ഥാപിച്ച ബെൻഡുകളിൽ നിന്ന് വെള്ളം വീഴുന്നത് നേരേ സ്ലാബുകളിലേക്കാണ്.
അവിടെ നിന്നു സർവീസ് റോഡിലേക്കും വെള്ളമെത്തും. ഇരുവശങ്ങളിലും കടകളുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു.
കൂടാതെ, വെള്ളക്കെട്ടിലൂടെ ഉയർന്നു നിൽക്കുന്ന മൺമതിലിന്റെ അടിസ്ഥാനം ഇളകി അപകടത്തിനു സാധ്യതയുണ്ട്. മുകളിലെ റോഡിൽ വീഴുന്ന വെള്ളം പൈപ്പ് വഴി സർവീസ് റോഡിനോട് ചേർന്നു നിർമിച്ച വലിയ ഓടിയിൽ എത്തിക്കാനുള്ള ശ്രമം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

