രാജാക്കാട് ∙ പാെലീസ് സ്റ്റേഷന്റെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന രാജേഷിന്റെ ഓട്ടോറിക്ഷ ഏതെങ്കിലും കേസിൽ കസ്റ്റഡിയിലെടുത്തതല്ല, കാണാമറയത്തുള്ള പ്രതി തീ വച്ച് നശിപ്പിക്കാതിരിക്കാൻ സംരക്ഷണം നൽകി സൂക്ഷിച്ചിരിക്കുന്നതാണ്. മുല്ലക്കാനം ചൂഴിക്കരയിൽ രാജേഷിന്റെ ഓട്ടോറിക്ഷ 2 വർഷത്തിനിടെ 3 തവണയാണ് സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചത്.
പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പാെലീസ് തന്നെയാണ് ഓട്ടോറിക്ഷ എല്ലാ ദിവസവും ഓട്ടം കഴിഞ്ഞ് സ്റ്റേഷന്റെ മുറ്റത്ത് കാെണ്ടുചെന്നിടാൻ നിർദേശിച്ചത്.
ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ സംരക്ഷിക്കാൻ വേണ്ടി രാജേഷ് ദിവസവും രാവിലെ ഒന്നര കിലോമീറ്ററിലധികം സഞ്ചരിച്ച് സ്റ്റേഷനിലെത്തി ഓട്ടോയുമായി മടങ്ങും. രാത്രി ഓട്ടം അവസാനിച്ചതിനു ശേഷം തിരികെ സ്റ്റേഷനിലെത്തിക്കും.
ഓട്ടോറിക്ഷ സുരക്ഷിതമായെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിയാത്തിടത്തോളം കാലം തന്റെ ജീവന് സുരക്ഷിതത്വമില്ലെന്നാണ് രാജേഷ് പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് രാജേഷിന്റെ തീരുമാനം.
വീട്ടിലേക്ക് വാഹനം എത്തുന്ന വഴിയില്ലാത്തതിനാൽ സമീപത്തെ വീട്ടുമുറ്റത്താണ് രാജേഷ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്. 2024 നവംബറിൽ ആദ്യമായി ഓട്ടോറിക്ഷ ആരോ കത്തിച്ചു.
അര ലക്ഷത്തിലധികം രൂപ മുടക്കി നന്നാക്കി വീണ്ടും ഓട്ടം പോകാൻ തുടങ്ങി. 2025 സെപ്റ്റംബറിൽ വീണ്ടും ഇതേ വീട്ടുമുറ്റത്ത് വച്ച് ഓട്ടോറിക്ഷ കത്തിച്ചു.
അന്നു പൂർണമായും വാഹനം കത്തിനശിച്ചു. 39,000 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി നൽകിയത്.
കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയം വച്ചും രാജേഷ് വീണ്ടുമാെരു ഓട്ടോറിക്ഷ വാങ്ങി.
ഓട്ടോറിക്ഷ നിർത്തിയിടുന്ന സ്ഥലത്ത് രാജേഷ് സിസിടിവി ക്യാമറയും സ്ഥാപിച്ചു. 2025 ഡിസംബറിൽ വീണ്ടും ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചു.
ഹെൽമറ്റും മാസ്കും ധരിച്ച ഒരാൾ കുടയുമായെത്തി ഓട്ടോറിക്ഷയിൽ എന്തോ ദ്രാവകം ഒഴിച്ച ശേഷം തീയിടുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ ലോക്കൽ പാെലീസിന് കഴിഞ്ഞില്ല.
മനോരമ വാർത്തയെ തുടർന്ന് ജില്ലാ പാെലീസ് മേധാവി മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.
എന്തായാലും സ്റ്റേഷന്റെ മുറ്റത്തു വന്ന് പ്രതി ഓട്ടോറിക്ഷയ്ക്കു തീയിടില്ലെന്ന ആശ്വാസത്തിലാണ് രാജേഷ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

