കൊച്ചി∙കേരളത്തിലെ പ്രൊഫഷണൽ സമൂഹത്തിൻ്റെ അന്തസ്സും സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (AIPC) കേരള ഘടകം “ഓഫീസ് വെൽനസ് പോളിസി 2026” പുറത്തിറക്കി. എ.ഐ.പി.സി സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബാലന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സമ്പൂർണ്ണ നയരേഖ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ, കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ ബെന്നി ബെഹനാൻ എം.പി എന്നിവർക്ക് കൈമാറി.
ആറുമാസക്കാലം സംസ്ഥാനത്തുടനീളം പ്രൊഫഷണലുകളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ നയരേഖ രൂപീകരിച്ചത്. ‘എ.ഐ.പി.സി കേരള സ്പീക്ക് അപ്പ്’ എന്ന പരിപാടിയിലൂടെ 2,500-ലധികം പ്രൊഫഷണലുകളുടെ അഭിപ്രായങ്ങൾ തേടിയിരുന്നു.
കൂടാതെ വിദഗ്ധരും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുത്ത പത്തോളം പൊതുസംവാദങ്ങളും ഇതിനായി സംഘടിപ്പിച്ചുവെന്ന് രഞ്ജിത്ത് ബാലൻ വ്യക്തമാക്കി.
ജോലിസ്ഥലത്തെ അമിത സമ്മർദ്ദം, തൊഴിൽ അരക്ഷിതാവസ്ഥ, സാങ്കേതിക വിദ്യയുണ്ടാക്കുന്ന വെല്ലുവിളികൾ എന്നിവ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നയരേഖയിലെ 10 പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്.
1.നിയമപരമായ തൊഴിൽ സംരക്ഷണം: ഓഫർ ലെറ്ററുകൾ, അപ്പോയിന്റ്മെന്റ് ലെറ്ററുകൾ, കരാറുകൾ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡം കൊണ്ടുവരികയും ഓഫർ ലെറ്ററുകൾക്ക് നിയമസാധുത ഉറപ്പാക്കുകയും ചെയ്യുക.
2. വ്യക്തിസ്വാതന്ത്ര്യ സംരക്ഷണം:
ജോലിസ്ഥലത്തെ വിവേചനങ്ങൾ അവസാനിപ്പിക്കുക.
പ്രൊഫഷണലുകളുടെ രാഷ്ട്രീയ നിലപാടുകൾക്കും ഡിജിറ്റൽ ഇടങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾക്കും സംരക്ഷണം നൽകുക.
3. നീതിയുക്തമായ വേതനവും സുരക്ഷയും: സുതാര്യമായ ശമ്പള സംവിധാനം, കുറഞ്ഞ വേതനം, നിശ്ചിത ജോലി സമയം, സുരക്ഷിതമായ നൈറ്റ് ഷിഫ്റ്റുകൾ എന്നിവ ഉറപ്പാക്കുക.
4.
ജോലിക്ക് ശേഷമുള്ള വിശ്രമം (Right to Disconnect):
ജോലി സമയം കഴിഞ്ഞാൽ ഔദ്യോഗിക ആശയവിനിമയങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശം നൽകുക.
5. പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം:
എ.ഐ (AI) കാലഘട്ടത്തിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ കാര്യങ്ങൾ പഠിക്കാനും പരിശീലിക്കാനും (Upskilling) ശമ്പളത്തോടു കൂടിയ നിർബന്ധിത അവധി അനുവദിക്കുക.
6.
മാനസികാരോഗ്യത്തിന് മുൻഗണന:ഓഫീസുകളിൽ ‘സ്ട്രെസ് ഓഡിറ്റ്’ നടത്തുക. കൗൺസിലിംഗ് സൗകര്യം, മാനസികാരോഗ്യ അവധി, ജോലിഭാരം മൂലം തളരുന്നവർക്ക് ‘സബാറ്റിക്കൽ’ അവധി എന്നിവ ലഭ്യമാക്കുക.
7.
ക്ഷേമ സൗകര്യങ്ങൾ: ഐ.ടി പാർക്കുകളിലും ഓഫീസുകളിലും വിശ്രമമുറികൾ (Relaxation Lounges), ഫിറ്റ്നസ് സോണുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഒരുക്കുക.
8. വെൽനസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം: ജോലിസ്ഥലത്തെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രൊഫഷണലുകളുടെ അഭിപ്രായങ്ങൾ തേടാനും പതിവായി സർവ്വേകൾ നടത്താനും സംസ്ഥാനതല സംവിധാനം ഉണ്ടാക്കുക.
9.
പ്രൊഫഷണൽ വർക്കേഴ്സ് ക്ഷേമ ബോർഡ്: പ്രൊഫഷണലുകളുടെ അവകാശങ്ങളും ദീർഘകാല താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമപരമായ ക്ഷേമ ബോർഡ് രൂപീകരിക്കുക.
10. ആർത്തവ അവധി: വനിതാ ജീവനക്കാർക്കായി ആർത്തവ അവധി (Menstrual Leave) നടപ്പിലാക്കി തൊഴിലിടങ്ങളെ കൂടുതൽ സ്ത്രീസൗഹൃദമാക്കുക.
സാമ്പത്തിക വളർച്ചയ്ക്കൊപ്പം തന്നെ ജീവനക്കാരുടെ അന്തസ്സും സന്തോഷവും ഉറപ്പാക്കുന്ന ഒരു ‘കേരള മോഡൽ’ സൃഷ്ടിക്കാനാണ് ഈ നയത്തിലൂടെ എ.ഐ.പി.സി ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും സർക്കാർ തലത്തിൽ നിയമപരമായി നടപ്പിലാക്കണമെന്നും എ.ഐ.പി.സി അഭ്യർത്ഥിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

