ബേക്കൽ ∙ ബേക്കൽക്കോട്ടയിൽ അഞ്ചു വർഷമായി മുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിക്കുന്നതിനു സാമഗ്രികൾ പുതുക്കാൻ ഉൾപ്പെടെ ഒരു കോടിയോളം രൂപ ചെലവ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഏജൻസി സമർപ്പിച്ച എസ്റ്റിമേറ്റ് ജില്ലാ ടൂറിസം വകുപ്പ് അധികൃതർ സംസ്ഥാന ടൂറിസം വകുപ്പിനു കൈമാറി.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കുമെന്ന പ്രഖ്യാപനംവന്നു വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ ബേക്കൽക്കോട്ടയിൽ 2020 ഡിസംബർ 20നു പ്രദർശനം തുടങ്ങിയത്. ബെംഗളൂരുവിലെ ഏജൻസി മുഖേന 4 കോടി രൂപ ചെലവിട്ടാണു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയത്.
തുടക്കത്തിൽ ഏറെ സന്ദർശകർ ഉണ്ടായിരുന്നെങ്കിലും പല ദിവസങ്ങളിലും ആളില്ലാത്തതിനാൽ ഷോ നടന്നില്ല. 2021 മാർച്ച് 28 മുതൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ റദ്ദാക്കി.
നടക്കാത്ത ഷോ; കെഎസ്ഇബിക്ക് വെറുതേ പണം
വൈദ്യുതിച്ചെലവ് ഇനത്തിൽ 2020 ഡിസംബർ മുതൽ 2021 ഡിസംബർ വരെ രണ്ടു ലക്ഷത്തോളം രൂപയാണു മുടക്കിയത്.
100 ദിവസത്തോളം മാത്രമാണു പ്രദർശനം നടന്നത്. 2020 ഡിസംബർ– 25264 രൂപ, 2021 ജനുവരി– 39511 രൂപ, ഏപ്രിൽ– 17821, മേയ്, ജൂൺ, ജൂലൈ– 32479, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ– 47309 രൂപയാണു കെഎസ്ഇബിക്കു അടച്ചത്.
വൈദ്യുതി കണക്ഷൻ നഷ്ടമാകാതിരിക്കാൻ ടൂറിസം വകുപ്പ് ഇടപെട്ടു പ്രത്യേക ഇളവ് അനുമതി ലഭ്യമാക്കി 2022 സെപ്റ്റംബർ മുതൽ രണ്ടു മാസം തോറും 1000 രൂപ മുതൽ 1500 രൂപ വരെ അടയ്ക്കുന്നുണ്ട്.
ഒറ്റരൂപ പോലും വരുമാനമില്ലാത്തപ്പോഴാണ് ഈ തുക അടയ്ക്കുന്നത്. 2020 ഡിസംബർ 20 മുതൽ ഇതുവരെ 3 ലക്ഷത്തിലേറെ രൂപ അടച്ചിട്ടുണ്ട്.
പുരാവസ്തു വകുപ്പ് കനിയണം
ഷോ പുനഃക്രമീകരണം ഉൾപ്പെടെ നടപ്പിലാക്കി ബേക്കൽക്കോട്ടയിൽ പ്രദർശനം പുനരാരംഭിക്കാൻ പുരാവസ്തു വകുപ്പിന്റെ തുടർ അനുമതി കിട്ടുകയെന്നതും പ്രധാനമാണ്.
അനുമതി നേടിയാൽ മാത്രം പോരാ, അറ്റക്കുറ്റപ്പണിക്കുള്ള ഫണ്ട് കിട്ടിയാൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയൂ. അറ്റകുറ്റപ്പണി ചെയ്യാനും ഷോ നടത്തിപ്പിനും ഫണ്ട് വേണം.
ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ അധികൃതർ.
പ്രദർശനം പുനരാരംഭിക്കും; ഫണ്ട് കിട്ടുമോ ?
അഞ്ചു വർഷത്തോളമായി മുടങ്ങിയ ഷോ പുനരാരംഭിക്കാനുള്ള നടപടികളിലാണ് അധികൃതർ. ഉപയോഗിക്കാതെ കിടക്കുന്ന ജനറേറ്റർ, സൗണ്ട് ബോക്സ് തുടങ്ങിയവ പ്രവർത്തനക്ഷമമാക്കുക, 58 മിനിറ്റ് ദൈർഘ്യമുള്ള ഷോ 28 മിനിറ്റായി കുറച്ചു ഷോ എണ്ണം കൂട്ടി കൂടുതൽ പേർക്കു കാണാനാവശ്യമായ രീതിയിൽ സ്ക്രിപ്റ്റ് മാറ്റം വരുത്തുക തുടങ്ങിയവ ഉൾപ്പെടെയാണ് ഒരു കോടി രൂപയുടെ ചെലവ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനി അറിയിച്ചിട്ടുള്ളത്.
വീണ്ടും തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ, ഷോ നടത്തിപ്പ് സമയം ഉൾപ്പെടെ ക്രമപ്പെടുത്തി വരുന്ന ചെലവ് സംബന്ധിച്ചുള്ള വിശദമായ എസ്റ്റിമേറ്റ് തയാറാക്കി ടൂറിസം വകുപ്പ്,
കേന്ദ്ര പുരാവസ്തു വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ബന്ധപ്പെട്ട ഏജൻസി അധികൃതർ ചർച്ച ചെയ്തശേഷമായിരിക്കും ഷോ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ.
ഷോ ടിക്കറ്റ് വരുമാനത്തിൽ പകുതി വീതം കേന്ദ്ര പുരാവസ്തു വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും എന്ന കരാർ പ്രകാരമായിരുന്നു 2020 ഡിസംബർ 20 മുതൽ പ്രദർശനം തുടങ്ങിയത്. പുതുക്കുന്ന ധാരണാപത്രവും ഷോ പുനരാരംഭിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക അനുവദിക്കുന്നതും ടിക്കറ്റ് വരുമാനം സംബന്ധിച്ചുള്ള രൂപവും അനുസരിച്ചായിരിക്കും ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഭാവി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

