കോതമംഗലം ∙ താലൂക്ക് ആശുപത്രിയിൽ ഉച്ചകഴിഞ്ഞാൽ അത്യാഹിത വിഭാഗം ഡോക്ടറുടെ മാത്രം സേവനം ലഭ്യമാകുന്നത് തിരക്ക് വർധിപ്പിക്കുന്നു.നഗരത്തിൽ തിരക്കേറിയ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒന്നിന് ഒപി അവസാനിച്ചാൽ രാവിലെ 8 വരെ അത്യാഹിത വിഭാഗത്തിലെ ഒരു ഡോക്ടർ മാത്രമാണുള്ളത്. എമർജൻസി, ഒപി, ഐപി കേസുകൾ ഈ ഡോക്ടർ തന്നെ നോക്കേണ്ടി വരുന്നതിനാൽ പലപ്പോഴും ചികിത്സ വൈകുന്നു.
ഡോക്ടറുടെ ജോലിഭാരം വർധിക്കുന്നതും പ്രശ്നമാണ്.കുട്ടമ്പുഴയിലെ ഗോത്രവർഗ ഉന്നതികളിൽ നിന്നുൾപ്പെടെ നിത്യവും നൂറുകണക്കിനു രോഗികളെത്തുന്ന ആശുപത്രിയിൽ സായാഹ്ന ഒപി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. കിടത്തി ചികിത്സയുള്ള ആശുപത്രിയിൽ രോഗികൾക്ക് ഓൺ കോൾ ഡോക്ടറുടെ സേവനവുമില്ല.
രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഒപി പ്രവർത്തനം. ടോക്കൺ സമ്പ്രദായമായതിനാൽ ഈ സമയം നിശ്ചിത രോഗികൾക്കു മാത്രമാണു ചികിത്സ ലഭിക്കുന്നത്.
ബാക്കിയുള്ള ഒപി കേസുകൾ അത്യാഹിത വിഭാഗത്തിലെത്തും.
ഈ സമയം എമർജൻസി കേസുകളോ വാർഡിലെ രോഗികൾക്ക് അത്യാവശ്യങ്ങളോ ഉണ്ടായാൽ ഒപി രോഗികൾക്കു ചികിത്സ വൈകും. മൂന്നും നാലും മണിക്കൂർ കാത്തിരുന്നാണു പലപ്പോഴും ഒപി രോഗികൾക്കു കാഷ്വൽറ്റി ഡോക്ടറെ കാണാനാകുന്നത്.
രാത്രി 8 വരെയാണു ഫാർമസി പ്രവർത്തനം. ഈ സമയം കഴിഞ്ഞാണു ഡോക്ടറെ കാണുന്നതെങ്കിൽ രോഗികൾക്കു മരുന്നും ലഭ്യമാകില്ല.
ഇതു പലപ്പോഴും ആശുപത്രിയിൽ ബഹളത്തിനു കാരണമാകുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ എമർജൻസി കേസുകളെത്തുമ്പോൾ ഡോക്ടർ വാർഡിലാണെങ്കിൽ ചികിത്സ വൈകുന്നതും ആശുപത്രിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
അടുത്തിടെ നെഞ്ചുവേദന അനുഭവപ്പെട്ടെത്തിയ രോഗിയെ ഡോക്ടർ പരിശോധിച്ചു റഫർ ചെയ്തപ്പോഴേക്കും വൈകി. അടുത്ത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഹൃദയാഘാതം മൂലം രോഗി മരിച്ചു.
ഇതു ബന്ധുക്കളുടെ പരാതിക്കിടയാക്കി. ആശുപത്രിയിൽ അടിയന്തരമായി സായാഹ്ന ഒപിയും ഐപി സെക്ഷനിൽ ഓൺ കോൾ ഡോക്ടർ സൗകര്യവും ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

