ഏറ്റുമാനൂർ∙ പട്ടിത്താനം– മണർകാട് ബൈപാസിൽ അപകടം തുടരുന്നു. റോഡിൽ ചോര വാർന്ന് അവസാനിക്കുന്നവരുടെ എണ്ണം കൂടിയിട്ടും അപകടകാരണം കണ്ടെത്താനോ പരിഹാരം കാണാനോ അധികൃതർക്ക് കഴിയുന്നില്ല.
ഒരു മാസത്തിനിടെ 16 അപകടങ്ങളാണ് ഉണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരും ഗുരുതരമായി പരുക്കേറ്റവരും ഉണ്ട്.
കഴിഞ്ഞ ഒന്നിന് കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചതാണ് ജീവനെടുത്ത അപകടങ്ങളിൽ അവസാനത്തേത്. അപകടം പെരുകിയതോടെ ജനം ഭീതിയിലാണ്.
പട്ടിത്താനം മുതൽ പാറേകണ്ടം വരെ ഭാഗത്താണ് അപകടം ഏറെയും. അനുനിമിഷം അപകടക്കെണി ഒരുക്കുന്ന ബൈപാസ് റോഡിനെക്കുറിച്ച് അപകടത്തിപെട്ടവർ പറയുന്നത് വായിക്കാം…
സുരക്ഷ ഒരുക്കാൻ അമാന്തിക്കരുത്
റോഡിലെ അപകടകാരണം കണ്ടെത്താൻ വിശദമായ പഠനം നടത്തണമെന്ന് നാട്ടുകാർ.
ഇതേ ആവശ്യം ഉന്നയിച്ച് സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് ബോർഡുകൾ, വേഗ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കണം.
അപകടസാധ്യത കൂടിയ പട്ടിത്താനം, തവളക്കുഴി, കിഴക്കേനട, വടക്കേനട ജംക്ഷനുകളിൽ അധികസുരക്ഷ ഏർപ്പെടുത്തണം.
കിഴക്കേനട, വടക്കേനട ഭാഗങ്ങൾ ടെംപിൾ സോൺ ആയി ഉയർത്തണം; ഇവയാണ് പ്രധാന ആവശ്യങ്ങൾ.
മരണത്തെ മുഖാമുഖം കണ്ടു
ജനുവരി 30നായിരുന്നു മരണത്തെ മുഖാമുഖം കണ്ട
സംഭവം. രാവിലെ 11ന് ഏറ്റുമാനൂർ ക്ഷേത്ര ദർശനത്തിന് ഇറങ്ങിയതായിരുന്നു.
ബൈപാസ് റോഡിൽ വടക്കേനട ഭാഗത്തു കൂടി ക്ഷേത്ര റോഡിലേക്ക് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം.
റോഡിന്റെ മറുവശത്ത് എത്തുമ്പോഴാണ് മിന്നൽവേഗത്തിൽ ആ ബൈക്ക് എന്റെ മുന്നിലെത്തിയത്. കണ്ണിൽ ഇരുട്ടു കയറിയതു പോലെ തോന്നി.
എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയി. ശരവേഗത്തിലാണ് ബൈക്ക് എന്നെ ഇടിച്ചു തെറിപ്പിച്ചത്.റോഡിലേക്ക് വീണപ്പോഴേ ബോധം നഷ്ടമായി.
കൈ ഒടിഞ്ഞതിനാൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നു. 4 വാരിയെല്ലുകൾ പൊട്ടി.
തോളിന്റെ ലിഗമെന്റിനു പരുക്കുണ്ട്. ഇപ്പോഴും ചികിത്സയിലാണ് ഭാഗ്യംകൊണ്ടാണ് മരണത്തിൽനിന്നു രക്ഷപ്പെട്ടത്.
അമിതവേഗമാണ് അപകടങ്ങൾക്ക് കാരണം. ദിശാ ബോർഡുകളോ സിഗ്നൽ സംവിധാനമോ ഇല്ല വേഗനിയന്ത്രണ സംവിധാനം വേണം.
പൊലീസിന്റെ പരിശോധനകളും വേണം. ജയശ്രീ ഗോപിക്കുട്ടൻ ,ഏറ്റുമാനൂർ നഗരസഭാ മുൻ ഉപാധ്യക്ഷ
പോക്കറ്റ് റോഡുകൾ കാണാതെ ഡ്രൈവർമാർ
ഒന്നര വർഷം മുൻപാണ് കിഴക്കെനടയിൽ മിന്നൽവേഗത്തിൽ വന്ന കാർ എന്റെ വാഹനത്തെ ഇടിച്ചുതെറിപ്പിച്ചത്.
പാലായിലേക്ക് പോകാൻ ക്ഷേത്ര റോഡിൽനിന്നു ബൈപാസ് റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് അപകടം. കാർ തകർന്നു.
സാരമായ പരുക്കാണ് എനിക്ക് സംഭവിച്ചത്. തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയെന്നു പറയാം.
ആ നിമിഷത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണ്. മാസങ്ങളോളം ചികിത്സിലായിരുന്നു.
ബൈപാസിലൂടെ വരുന്ന വാഹനങ്ങളുടെ അമിതവേഗം തന്നെയാണ് അപകടകാരണം. ബൈപാസിലേക്ക് തുറക്കുന്ന ഒട്ടേറെ പോക്കറ്റ് റോഡുകൾ ഉണ്ട്.
ഇവ ഡ്രൈവർമാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. സതീജ സന്തോഷ് കുമാർ, അഭിഭാഷക, ഏറ്റുമാനൂർ കോടതി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

