നീലേശ്വരം ∙ ജില്ലയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ തീർഥങ്കര തടാകം ഇന്ന് നാശത്തിന്റെ വക്കിലാണ്. പത്തേക്കറോളം വ്യാപിച്ചു കിടക്കുന്ന തടാകം ഇന്ന് ഏതാണ്ട് പൂർണമായും പായൽ മൂടിക്കിടക്കുകയാണ്.
കടലിനു വളരെ അടുത്തായിട്ടു പോലും ഉപ്പ് തീരെയില്ലാത്ത വെള്ളമാണ് തടാകത്തിലേത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കടിഞ്ഞത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തുന്ന തീർഥാടകരും, അയ്യപ്പ ഭക്തരും കുളിക്കുന്ന തീർഥക്കുളവും ഈ തടാകത്തോട് ചേർന്നുണ്ട്.
പണ്ടു തടാകം മുഴുവൻ താമര കൊണ്ട് സമ്പന്നമായിരുന്നു.
കടലാട്ട് വാവ് ദിവസം കടലിൽ കുളികഴിഞ്ഞ് വരുന്നവർ തീർഥക്കുളം കൂടി സന്ദർശിച്ചാണ് തിരിച്ചുപോകാറുള്ളത്. എന്നാൽ പരിസരം കാട് മൂടിക്കിടക്കുന്നതിനാലും മതിയായ സംരക്ഷണം ഇല്ലാത്തതിനാലും അടുത്ത കാലത്തായി ഇവിടെ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.
കേരള കാർഷിക സർവകലാശാലയുടെ അധീനതയിലാണ് തടാകം. പടന്നക്കാട് കാർഷിക കോളജിന്റെ നേതൃത്വത്തിൽ തടാകത്തിലെ പായൽ നീക്കി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പൂർണതയിൽ എത്തിയില്ല .
വേണം, പുതിയ പദ്ധതികൾ
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു ചെറുവത്തൂർ തിമിരിയിൽ നിർമിച്ച ‘വയൽക്കാറ്റ്’ ഇന്ന് പലഭാഗത്തു നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുകയാണ്.
‘വയൽക്കാറ്റ്’ മാതൃകയിൽ മികച്ച രീതിയിൽ ഇരിപ്പിടങ്ങളും വാക്ക്വേയും ഒക്കെ നിർമിച്ചാൽ തീർഥങ്കരയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുമെന്ന കാര്യത്തിൽ സംശയമില്ല. വർഷങ്ങൾക്കു മുൻപ് കാഞ്ഞങ്ങാട് നഗരസഭ തയാറാക്കിയ വികസനരേഖയിൽ തീർഥങ്കര ശുദ്ധജല തടാകം കേന്ദ്രീകരിച്ച് പക്ഷി വളർത്തു കേന്ദ്രം, അക്വേറിയം എന്നിവയ്ക്കുള്ള സാധ്യത പരിശോധിച്ചിരുന്നു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി തടാകത്തെ ടൂറിസ്റ്റ് സ്പോട്ട് ആക്കി വികസിപ്പിക്കാനുള്ള പ്രപ്പോസൽ കാർഷിക കോളജ് സമർപ്പിച്ചിട്ടുണ്ടങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. തടാകത്തെ സംരക്ഷിക്കാനും പ്രദേശത്തെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനും സർക്കാരും തദ്ദേശ സ്ഥാപനങ്ങളും പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം നാനാഭാഗത്തു നിന്നും ഉയരുന്നുണ്ട്.
തീർഥക്കുളം സംരക്ഷിക്കണം: കോൺഗ്രസ്
തീർഥങ്കര തടാകത്തെ സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കോൺഗ്രസ് തീർഥങ്കര വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി കെ.പി.പ്രകാശനെ തിരഞ്ഞെടുത്തു. വാർഡ് പ്രസിഡന്റ് ബാലകൃഷ്ണൻ മാടായി അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി എം.അസിനാർ യോഗം ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

