പാലക്കാട് ∙ വിമാനത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർ ലൂപ് ട്രെയിനുകളുടെ അദ്ഭുതം ഇന്ത്യയിലെത്താൻ അധികകാലം വേണ്ടെന്നു റെയിൽവേ റിട്ടയേഡ് ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ എൻജിനീയറും ഇലക്ട്രിക്കൽ വെഹിക്കിൾ നിർമാണ മേഖലയിലെ കൺസൽറ്റന്റുമായ കെ.മദനമോഹൻ. ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ, മാഗ്ലെവ് ട്രെയിനുകളെക്കുറിച്ചു നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈപ്പർ ലൂപ് ട്രെയിനുകൾ നിർമിച്ചെടുക്കാനായി മദ്രാസ് ഐഐടിയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ നടത്തുന്ന ഗവേഷണം പുരോഗമിക്കുകയാണ്. യാഥാർഥ്യമായാൽ മണിക്കൂറിൽ ആയിരം കിലോമീറ്ററിലധികം വേഗത്തിൽ ഈ ട്രെയിനുകൾക്കു സഞ്ചരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐഇഐ ചെയർമാൻ എസ്.ജയകൃഷ്ണൻ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി കെ.പി.റജി, സി.രതി എന്നിവർ പ്രസംഗിച്ചു.
എന്താണ് ഹൈപ്പർ ലൂപ് ?
ട്രാക്കും ചക്രങ്ങളുമില്ലാത്ത ട്രെയിൻ നിലംതൊടാതെ വലിയൊരു ട്യൂബിനുള്ളിലൂടെ അതിവേഗത്തിൽ ‘പറന്നാൽ’ എങ്ങനെയുണ്ടാകും ? അതാണു ഹൈപ്പർ ലൂപ് സാങ്കേതിക വിദ്യ.
സാധാരണ ട്രെയിനുകളുടെ വേഗം കൂടുമ്പോൾ തടസ്സമായി പ്രവർത്തിക്കുന്ന വായു, ഘർഷണം (friction) എന്നിവയെ ഒഴിവാക്കിക്കൊണ്ടുള്ള നൂതന സാങ്കേതിക വിദ്യയാണിത്. വായു നീക്കം ചെയ്ത ഭീമൻ കുഴലിലൂടെ ട്രെയിനിന്റെ ബോഗികൾ കാന്തിക ശക്തിയുടെയും (magnetic power) കംപ്രസറിന്റെയും സഹായത്തോടെ സഞ്ചരിക്കുന്നു.
മാഗ്നറ്റിക് ലെവിറ്റേഷനിലൂടെ (കാന്തിക പ്ലവനശക്തി) ബോഗികൾ നിലത്തു തൊടാതെ ഉയർന്നാണു സഞ്ചരിക്കുക. ബോഗികൾ തമ്മിലും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടാവില്ല.
ഈ ബോഗികൾക്കുള്ളിലാണു യാത്രക്കാർ ഇരിക്കുക. കുഴലിനകത്തെ കുറഞ്ഞ വായു മർദം കാരണം ഘർഷണമില്ലാത്തതിനാലാണു ബോഗികൾക്ക് അതിവേഗം സഞ്ചരിക്കാൻ കഴിയുക.
1,000 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ഭൂമിക്കടിയിലൂടെയോ, മുകളിൽ തൂണുകളിലോ ട്യൂബ് പാത സ്ഥാപിക്കാൻ കഴിയും.
ഇതേ സാങ്കേതിക വിദ്യ ചൈനയിലും ജർമനിയിലും നിലവിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

