നിക്ഷേപകരുടെ നെഞ്ചിടിപ്പേറ്റി രാജ്യാന്തര വിപണിയിൽ സ്വർണം ചാഞ്ചാട്ടത്തിൽ. കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായോടെ വില ഇടിഞ്ഞു.
നിലവിൽ ഒരു ശതമാനത്തോളം നഷ്ടത്തിൽ ഔണ്‍സിന് 4,975 ഡോളറെന്ന നിലയിലാണ് സ്വർണവില. 5,041 ഡോളറിലേക്ക് ഉയർന്ന ശേഷമാണ് ഇടിവ്.
ഡോളർ സൂചിക മെച്ചപ്പെട്ടതും യുഎസ് പണപ്പെരുപ്പ കണക്കുകളും വില ഇനിയും കുറയാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇറാൻ – യുഎസ് സമാധാന ചർച്ചകളും വിലയെ സ്വാധീനിക്കും.
പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക മെച്ചപ്പെട്ടിട്ടുണ്ട്.
ജനുവരിയിലെ യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതാണ് ഡോളറിന് തുണയായത്. ഇതോടെ അടുത്ത ഫെഡ് റിസർവ് യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് മാറ്റമുണ്ടാകുമെന്ന കാര്യം അനിശ്ചിതത്വത്തിലായി.
നിരക്ക് കുറയ്ക്കുമെന്ന് ചിലർ വിലയിരുത്തുമ്പോൾ സാധ്യത കുറവാണെന്ന് മറ്റ് ചില വിദഗ്ധരും പറയുന്നു. ഇതോടെ സ്വർണവിലയും ചാഞ്ചാട്ടത്തിലായി.
കേരളത്തിൽ സ്വർണം, വെള്ളി വില ഇടിഞ്ഞു.
സ്വർണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയിലെത്തി. പവൻ വില 960 രൂപ ഇടിഞ്ഞ് 1,14,720 രൂപയിലുമെത്തി.
രാജ്യാന്തര വിപണിയിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ ഇനിയും വില മാറാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ആഭരണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമാകും.
എന്നാൽ കേന്ദ്ര ബാങ്കുകൾ സ്വർണ നിക്ഷേപം വർധിപ്പിക്കുന്നതും വില കുറയുമ്പോൾ നിക്ഷേപകർ വാങ്ങാൻ തിരക്കു കൂട്ടുന്ന ‘ബയ് ദി ഡിപ്പ്’ പ്രവണത നിലനിൽക്കുന്നതും സ്വർണത്തിന് പിന്തുണയാണ്.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇന്നും രണ്ടു വിലയാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്നത് ഗ്രാമിന് 11,850 രൂപയാണ്. എന്നാൽ കേരള ഗോൾഡ് ആൻഡ് സില്‍വർ മര്‍ച്ചന്റ്സ് അസോയിഷന്‍ കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 11,785 രൂപയാണ് ഈടാക്കുന്നത്. വെള്ളി വില ഗ്രാമിന് 268 രൂപയായി.
കേരളത്തില്‍ ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1.30 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.
സ്വർണാഭരണത്തിന് സാധാരണ മൂന്നു മുതൽ മുപ്പതു ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. സ്വർണവിലയിൽ മൂന്ന് ശതമാനം ജിഎസ്ടിയും നൽകണം.
കൂടാതെ ഹോൾമാർക്കിങ് ചാര്‍ജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്ടിയും ബാധകമാണ്. ഇതെല്ലാം ചേർന്ന തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

