കോഴിക്കോട്∙ നാളെ മഹാശിവരാത്രി പുണ്യം. പാലാഴിമഥനം നടന്ന സമയത്ത് വാസുകി വിസർജിച്ച കാളകൂട
വിഷം, ഭൂമിയിൽ പതിച്ചാൽ ലോകസംഹാരം ഉണ്ടാകുമെന്നതിനാൽ ശിവഭഗവാൻ അതു വിഴുങ്ങുകയും വിഷം ഉള്ളിലെത്താതിരിക്കാനായി പാർവതി ദേവി പരമശിവന്റെ കഴുത്തിൽ പിടിച്ച് പഞ്ചാക്ഷര മന്ത്രം ചൊല്ലി ആ വിഷത്തെ ശിവകണ്ഠത്തിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്തു. വിഷജ്വാലയിൽ നിന്നു ഭൂമിയെയും ജീവജാലങ്ങളെയും രക്ഷിച്ച ശിവഭഗവാനെ പ്രസാദിപ്പിക്കാനായി വാദ്യഘോഷങ്ങളോടും നാമജപത്തോടും ലോകം മുഴുവൻ ആഹ്ലാദം പങ്കിട്ട്, ആ രാത്രി ആരും ഉറങ്ങിയില്ല എന്നാണ് ശിവരാത്രി ഐതിഹ്യം.
അന്നു മുതൽ ശിവരാത്രി ദിവസം ശിവഭക്തർ ശിവക്ഷേത്രങ്ങളിൽ ഒത്തുകൂടി നാമജപവും ആഘോഷ പരിപാടികളുമായി ഉറക്കമിളയ്ക്കും.
ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. ഒട്ടു മിക്ക ശിവക്ഷേത്രങ്ങളിലെയും പ്രധാന ആഘോഷ പരിപാടികൾ ഇന്നും നാളെയുമായാണ് നടക്കുന്നത്.
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 4നു ക്ഷേത്രനടയിൽ ആറാട്ടുകുട കൈമാറ്റ ചടങ്ങ് നടക്കും.
തുടർന്ന് ക്ഷേത്രക്കുളത്തിൽ തെപ്പോത്സവം നടക്കും. ശ്രീകണ്ഠേശ്വര ക്ഷേത്രവാദ്യ സംഘത്തിന്റെ നാദസ്വര കച്ചേരിയോടെ പകൽപ്പൂരവും എഴുന്നള്ളിപ്പും ഉണ്ടാകും.
തുടർന്ന് ഭജനയും ക്ഷേത്രയോഗം യൂത്ത്വിങ് കമ്മിറ്റിയുടെ മേജർസെറ്റ് പഞ്ചവാദ്യവും അരങ്ങേറും. തുടർന്ന് ടീം സുവർണരാഗത്തിന്റെ രുദ്രസംഗീതവും അതിനുശേഷം വേദിക കോഴിക്കോടിന്റെ ഫ്യൂഷൻ സംഗീതവും അരങ്ങേറും.
മഹാശിവരാത്രി ദിനമായ നാളെ പുലർച്ചെ ശ്രീകണ്ഠേശ്വരന് വിശേഷാൽ മഹാരുദ്രാഭിഷേകത്തോടെയാണ് പരിപാടികൾ ആരംഭിക്കുക.
വൈകിട്ട് 4 മുതൽ ശിവസഹസ്രനാമാർച്ചന, ഭജന, അക്ഷരശ്ലോക സദസ്സ്, എഴുന്നള്ളിപ്പ്, സോപാന സംഗീത പരിപാടി എന്നിവയ്ക്കു ശേഷം സമാപന സമ്മേളനം നടക്കും. രാത്രി 9നു നടക്കുന്ന ആറാട്ട് പുറപ്പാട്, ആറാട്ട് ബലി, എഴുന്നള്ളിപ്പോടെ ശിവരാത്രി ഉത്സവത്തിനു കൊടിയിറങ്ങും.
രാത്രി 9.30നു മെഗാ ഗാനമേളയും രാത്രി 12നു ശിവരാത്രി വിശേഷാൽ പൂജയും നടക്കും.
തളി മഹാശിവക്ഷേത്രത്തിലെ ശിവരാത്രിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ രാവിലെ നടന്ന ഭാഗ്യസൂക്ത കലാശാർച്ചനയോടെയാണ് ആഘോഷം തുടങ്ങിയത്.
ഉച്ചപൂജയോട് അനുബന്ധിച്ച് കലശാഭിഷേകവും നടന്നു. വൈകിട്ട് ഗണേശ ഭഗവാന് കാര്യസിദ്ധിപൂജ, സംഗീതവും നൃത്തവും ക്ഷേത്രകലകളും ഉൾക്കൊള്ളുന്ന 3 ദിവസത്തെ സാംസ്കാരിക പരിപാടികൾ സാമൂതിരി പി.കെ.കേരള വർമ രാജ ഉദ്ഘാടനം ചെയ്തു.
ഇന്നു രാവിലെ 7 മുതൽ ആയുർസൂക്ത മന്ത്രത്താൽ കലശാർച്ചനയും തുടർന്ന് ഉച്ചപൂജയോട് അനുബന്ധിച്ച് കലശാഭിഷേകവും ഉണ്ടാകും.
ശിവരാത്രി ദിവസമായ നാളെ രാവിലെ 10നു 108 കുടം അഭിഷേകവും തുടർന്ന് ശിവരാത്രി വിശേഷാൽ ഉച്ചപൂജയും ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ട്രിപ്പിൾ തായമ്പക.
തുടർന്ന് പഞ്ചദ്രവ്യാഭിഷേകവും നടക്കും.
കാരന്തൂർ ഹരഹര മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോട് അനുബന്ധിച്ച് ആഘോഷങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഇന്നു തുടക്കമാകും. രാവിലെ വിവിധതരത്തിലുള്ള പുഷ്പാഞ്ജലികൾ, പൂജകൾ, ശ്രീരുദ്രധാരാദി അഭിഷേകങ്ങൾ, ഉഷഃപൂജ, ഉച്ചപൂജ എന്നിവ ഉണ്ടാകും.
വിശേഷാൽ ഉഷഃപൂജയും ശ്രീരുദ്രാദി പ്രത്യേക അഭിഷേകങ്ങളും നടക്കും. നവകാഭിഷേകവും പഞ്ചഗവ്യാഭിഷേകത്തോടെയുള്ള വിശേഷാൽ ഉച്ചപൂജയും പ്രസാദ ഊട്ടും ഉണ്ടാകും.
വൈകിട്ട് ദീപാരാധനയ്ക്കും വിശേഷാൽ ചുറ്റുവിളക്കിനും ശേഷം 101 ഇളനീരാൽ നടത്തുന്ന പ്രത്യേക അഭിഷേകം നടക്കും. ക്ഷേത്രത്തിലെ പ്രധാന വേദിയിൽ സംഗീതവും നൃത്തവും ക്ഷേത്ര കലകളും ഉൾക്കൊള്ളുന്ന സാംസ്കാരിക പരിപാടികൾക്ക് ക്ഷേത്രം സെക്രട്ടറി സുനിൽകുമാറും ക്ഷേത്രം പ്രസിഡന്റ് നാരായണൻ ഭട്ടതിരിപ്പാടും നേതൃത്വം നൽകും.
തുടർന്നു കലാപരിപാടികൾ.
വടകര ലോകനാർക്കാവ് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും. ക്ഷേത്ര ചടങ്ങുകൾക്കും പൂജകൾക്കും പുറമേ രാത്രി 7ന് തിരുവാതിര കളി, 7.30ന് നൃത്താഞ്ജലി, 8ന് ഭക്തിഗാനസുധ, 9ന് നൃത്ത നൃത്യങ്ങൾ എന്നിവ നടക്കും.കൊയിലാണ്ടി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ നാളെ സർവൈശ്വര്യപൂജ, സഹസ്ര കുംഭാഭിഷേകം, ചതുഃശ്ശതപായസ നിവേദ്യം, ശിവദം ശാസ്ത്രീയ നൃത്താർച്ചന, ശയനപ്രദക്ഷിണം, ഭക്തിഗാനമേള ഇരട്ട
തായമ്പക എന്നിവ നടക്കും. 16നു പള്ളിവേട്ട.
17ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ നാളെ വരവാഘോഷങ്ങൾ, കലാസന്ധ്യ, പൂജകൾ നടത്തും. ഇന്ന് സാംസ്കാരിക സമ്മേളനം എഡിജിപി എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

