കോഴിക്കോട്: പയ്യോളി സ്വദേശിനിയായ ഗർഭിണി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം രംഗത്ത്.
പയ്യോളി സ്വദേശിനിയായ ഷമീമയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഒന്നരമാസം മുൻപ് ഭർത്താവിന്റെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ആറു മാസം ഗർഭിണിയായ ഷമീമയെ ഒന്നരമാസം മുൻപ് അരിക്കുളത്തെ ഭർത്താവിന്റെ വീട്ടിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഷമീമ ഇന്നലെയാണ് മരണപ്പെട്ടത്. ഷമീമയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ വ്യക്തമാക്കി.
കുടുംബജീവിതത്തിൽ നേരിട്ടിരുന്ന പീഡനങ്ങളെക്കുറിച്ച് ഷമീമ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെയും ഷമീമയുടെ ഭർത്താവ് നവാസ് ആക്രമിച്ചതായും സഹോദരൻ കൂട്ടിച്ചേർത്തു.
മൂന്നു വർഷം മുൻപാണ് ഷമീമയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിവാഹത്തിൽ യുവതിക്ക് ഒരു മകളുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഷമീമയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ ഭർത്താവിന്റെ കുടുംബം പൂർണ്ണമായും നിഷേധിച്ചു. ഷമീമയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് അവരുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

