നെടുങ്കണ്ടം ∙ 2022ൽ പൂർത്തിയാക്കേണ്ടിയിരുന്ന നെടുങ്കണ്ടം താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടനിർമാണത്തിന്റെ 56% പൂർത്തിയായതായി മന്ത്രി വീണാ ജോർജ്. എം.എം.മണി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പരാമർശം.
കിഫ്ബി ഫണ്ടുപയോഗിച്ച് ജില്ലാ ആശുപത്രിയായി ഉയർത്തുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണം ഏതുഘട്ടത്തിലാണെന്നും പൂർത്തീകരണം വൈകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്നും നിർമാണം അടിയന്തരമായ പൂർത്തിയാക്കാൻ നാളിതുവരെ നടത്തിയ ഇടപെടലുകൾ എന്താണെന്നുമായിരുന്നു എംഎൽഎയുടെ ചോദ്യം.
സർക്കാർ തലത്തിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് തലത്തിലും കിഫ്ബി തലത്തിലും ജില്ലാ മെഡിക്കൽ ഓഫിസർ തലത്തിലും കൃത്യമായ ഇടവേളകളിൽ അവലോകനയോഗം ചേർന്ന് നിർമാണ പുരോഗതി വിലയിരുത്തുകയും കൃത്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നായിരുന്നു മറുപടി. കഴിഞ്ഞ ഒക്ടോബർ 22ന് നെടുങ്കണ്ടത്ത് എത്തിയ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിർമാണ മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ കരാറുകാർക്ക് മന്ത്രിയുടെ താക്കീതുണ്ടായെങ്കിലും പ്രവൃത്തിക്ക് പുരോഗതിയുണ്ടായില്ല.
യോഗത്തിൽ കരാർ കമ്പനിയെ അതൃപ്തി അറിയിച്ച് കമ്പനി പ്രതിനിധിക്കു താക്കീത് നൽകി. വേണ്ടത്ര തൊഴിലാളികൾ ഇല്ലാതെ ഇഴഞ്ഞുനീങ്ങിയിരുന്ന നിർമാണം പൂർത്തിയാക്കാൻ അടിയന്തരമായി 150 ജോലിക്കാരെ നിയമിക്കണമെന്നും 15 ദിവസത്തെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം ജീവനക്കാരുടെ എണ്ണം 200 ആയി കൂട്ടണമെന്നും അലംഭാവമുണ്ടായാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
നിർമാണ ഏജൻസിയും കരാറുകാരും തമ്മിൽ തർക്കമുണ്ടാവുകയും നിർമാണം മുടങ്ങുകയും ചെയ്തതോടെ നിർമാണ ഏജൻസിക്ക് രണ്ട് തവണ ടെർമിനേഷൻ കത്തും നൽകി.
2025 ഒക്ടോബറിൽ പൂർത്തീകരിക്കുമെന്നായിരുന്നു ആദ്യ ഉറപ്പ്. പിന്നീട് ആരോഗ്യ മന്ത്രി ഇടപെട്ട് നടത്തിയ ചർച്ചയിൽ ഡിസംബർ 31ന് കെട്ടിട
നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പും പാഴായി. കരാറുകാരനെതിരെ അടുത്തഘട്ട
നടപടിക്കൊരുങ്ങുകയാണ് അധികൃതർ.
കെട്ടിടത്തിൽ എന്തൊക്കെ?
കിഫ്ബി ഫണ്ടായ 149 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഒന്നാം ഘട്ടം. ഏഴ് നിലകളിലായി 13,6084 ചതുരശ്രമീറ്റർ അളവിലുള്ള രണ്ട് കെട്ടിടങ്ങൾ.
എന്തൊക്കെ മാറും
നാലു പതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിലെ ഐപി വിഭാഗം പ്രവർത്തിക്കുന്നത്.
പല ഘട്ടങ്ങളായി നിർമിച്ചിരിക്കുന്ന നിലവിലെ കെട്ടിടം ശോചനീയമായ അവസ്ഥയിലാണ്. മേൽക്കൂരയും ടൈലുകളും ഇളകിത്തുടങ്ങി.
നിലവിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ പ്രീ-ഓപ്പറേഷൻ, പോസ്റ്റ്-ഓപ്പറേഷൻ ചികിത്സയ്ക്കും തീവ്രപരിചരണ വിഭാഗവും ഉൾപ്പെടെയുള്ള കിടക്കൾ ഉണ്ടാവുമെങ്കിലും ഐപി കെട്ടിടത്തിന്റെ പ്രവർത്തനം പൂർണമായി മാറണമെങ്കിൽ പുതിയ കെട്ടിടം നിർമിക്കേണ്ടി വരും.
ആദ്യഘട്ടത്തിൽ പൂർത്തിയാക്കുന്ന കെട്ടിടത്തിലേക്ക് ഒപി വിഭാഗമാണ് മാറ്റി പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നിലവിലെ ഐപി കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി.
ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ ഐപി കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതും നടപ്പായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

