പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ കുറവുണ്ടാകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര ഉപരിഗത ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. അംഗീകൃത ഡീലർമാരുടെ പക്കലുള്ള ശാസ്ത്രീയ പരിശോധനാ യന്ത്രങ്ങൾ ഉപയോഗിച്ചല്ലാതെ, വാഹന ഉടമകൾ സ്വന്തം നിലയ്ക്ക് കണക്കാക്കുന്ന മൈലേജ് വിവരങ്ങൾ കൃത്യമാകണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2023-ൽ വാങ്ങിയ വാഹനത്തിന്റെ മൈലേജ് നഗരത്തിലെ ഡ്രൈവിംഗിൽ ലിറ്ററിന് 11 കിലോമീറ്ററിൽ നിന്ന് 7 കിലോമീറ്ററായി കുറഞ്ഞതായി മാധ്യമപ്രവർത്തക ചൂണ്ടിക്കാണിച്ചപ്പോഴാണ് ഗഡ്കരി മറുപടി നൽകിയത്.
ഡാഷ്ബോർഡിലെ റീഡിംഗിനെ അടിസ്ഥാനമാക്കിയാണ് താൻ ഈ കണക്ക് പരിശോധിച്ചതെന്ന് മാധ്യമപ്രവർത്തക വിശദീകരിച്ചിരുന്നു. എന്നാൽ, വാഹനങ്ങളിലെ ഡാഷ്ബോർഡ് റീഡിംഗുകൾ പൂർണ്ണമായും വിശ്വസനീയമല്ലെന്നും, നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയ പ്രത്യേക ഉപകരണങ്ങളിലൂടെ മാത്രമേ ഇന്ധനക്ഷമത കൃത്യമായി അളക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മലിനീകരണം കുറയ്ക്കുന്നതിനും ക്രൂഡ് ഓയിൽ ഇറക്കുമതിയിലുള്ള അമിത ആശ്രയം ഒഴിവാക്കുന്നതിനും എഥനോൾ ചേർത്തുള്ള ഈ ഇന്ധനം അത്യന്താപേക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തുടനീളം ഇ20 ഇന്ധന വിതരണം നിർബന്ധമാക്കിയതോടെ വാഹന ഉടമകളിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും വ്യാപകമായ ആശങ്കകളാണ് ഉയർന്നുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

