ചേർപ്പ് ∙ നെൽകർഷകരുടെ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും ചൂഷണം ചെയ്ത് സ്വകാര്യ മിൽ കമ്പനിക്കാർ കർഷകരുടെ അധ്വാനം കൊള്ളയടിക്കുന്നു. പതിവില്ലാത്ത രീതിയിൽ നെല്ലിന്റെ വിലയിൽ കിഴിവ് ചോദിച്ചാണ് മിൽ ഉടമകൾ രംഗത്ത് എത്തിയിരിക്കുന്നത്.
നിലവിൽ പ്രദേശത്ത് ചേനം, പള്ളിപ്പുറം പടവുകളിലാണ് കൊയ്ത്ത് ആരംഭിച്ചത്. ഒരു ക്വിന്റൽ നെല്ലിന് രണ്ടര ശതമാനം കിഴിവ് പതിവിന് വിപരീതമായി കമ്പനിക്കാർ ചോദിച്ചതാണ് പടവിലെ കൊയ്ത്ത് പ്രതിസന്ധിയിലാക്കിയത്.
ഇവരുടെ ആവശ്യം കർഷകരും പടവ് ഭാരവാഹികളും നിരസിച്ചതിനെ തുടർന്ന് കമ്പനിക്കാർ ചേനംപടവിൽ മൂന്ന് ദിവസമായി കൊയ്ത്ത് നിർത്തിവച്ചിരിക്കുകയാണ്. രണ്ടര ശതമാനം കിഴിവ് തന്നില്ലെങ്കിൽ കൊയ്ത് ചാക്കിലാക്കി വച്ച നെല്ല് പുറത്തെടുത്ത് വൃത്തിയാക്കി നെല്ലിലെ കറുത്ത മണികൾ മാറ്റി വീണ്ടും ചാക്കിലാക്കി നൽകണമെന്നാണ് മില്ലുടമകളുടെ ആവശ്യം.
മുൻ വർഷങ്ങളിൽ ഇല്ലാത്ത ഈ ആവശ്യം ഏറെക്കുറെ അസാധ്യവും വളരെ സാമ്പത്തിക ചെലവ് വരുന്നതുമായതിനാൽ നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
സ്വർണം പണയം വച്ചും വായ്പയെടുത്തും പലിശയ്ക്ക് പണം കടം വാങ്ങിയും കൃഷി ഇറക്കിയ കർഷകർക്ക് അത്യാവശ്യമായി പണം വേണ്ടതിനാൽ സമ്മർദത്തിന് വഴങ്ങും എന്നാണ് ഇവരുടെ ധാരണയെന്ന് കർഷകർ ആരോപിക്കുന്നു.
നിലവിൽ കിലോഗ്രാമിന് 30.20 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിൽ നിന്ന് മില്ലുടമകൾ ആവശ്യപ്പെടുന്ന കിഴിവ് നൽകിയാൽ തങ്ങൾക്ക് നഷ്ടം സംഭവിക്കുമെന്നും പാടശേഖരങ്ങളിൽ നിന്ന് ആയിരക്കണക്കിന് ക്വിന്റൽ നെല്ല് സംഭരിക്കുന്ന മിൽ ഉടമകൾക്ക് ഇതിലൂടെ വലിയ നേട്ടം ലഭിക്കുമെന്നും കൊയ്ത്തിന്റെ തുടക്കത്തിൽ തന്നെ ഈ തന്ത്രം എടുത്തത് വലിയ ചൂഷണത്തിന് മുന്നോടിയായിട്ടാണ് എന്നുമാണ് കർഷകർ പറയുന്നത്.
സിവിൽ സപ്ലൈസ് അധികൃതർ,
മിൽ ഉടമകൾ എന്നിവരുമായി ചർച്ച നടത്തിയതിനെ തുടർന്ന് കിഴിവ് ഒന്നര ശതമാനം ആക്കാം എന്ന് സമ്മതിച്ചിട്ടുണ്ട് എന്ന് ചേനം തരിശ് പടവ് സെക്രട്ടറി ടി.കെ.രാജു പറയുന്നു. എന്നാൽ മിൽ ഉടമകളുടെ സമ്മർദങ്ങൾക്ക് വഴങ്ങിയാൽ കൂടുതൽ ചൂഷണവുമായി ഇവർ രംഗത്തെത്തുമെന്ന് കർഷകർ ഭയക്കുന്നു.
സർക്കാർ തലത്തിലോ ജനപ്രതിനിധികൾ ഇടപെട്ടോ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

