തൊണ്ടർനാട്∙ കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ഉയരുന്നു. കുഞ്ഞോം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയവും തൊട്ടടുത്തായി വിശാലമായി പരന്നു കിടക്കുന്ന ചിറയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്.
ജില്ലയുടെ മുഖമുദ്രയായ ഗോത്ര വിഭാഗത്തിന്റെ സംസ്കാരവും വിവിധ കലാരൂപങ്ങളും കാർഷിക ഉപകരണങ്ങളും ദൃശ്യമാകുന്ന മ്യൂസിയം സഞ്ചാരികൾക്ക് മികച്ച അനുഭവമാണു നൽകുന്നത്. എന്നാൽ ഇവയെല്ലാം കേട്ടറിഞ്ഞ് ഇവിടെ എത്തുന്നവരെ കൂടുതൽ ആകർഷിക്കുന്ന വിധത്തിൽ വിവിധ വിനോദോപാധികൾ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
ചിറയുടെ സമീപത്ത് പൂന്തോട്ടവും കുട്ടികളുടെ പാർക്കും നിർമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉദ്ഘാടനം നടന്ന് 2 വർഷം കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
മ്യൂസിയത്തിൽ കുങ്കിയുടെ ചരിത്രം രേഖപ്പെടുത്താത്തതും സന്ദർശകരെ നിരാശരാക്കുന്നു. ജനറേറ്റർ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായെങ്കിലും അത് നന്നാക്കാൻ നടപടിയില്ല.
വൈദ്യുതി നിലച്ചാൽ ഇവിടെ എത്തുന്നവർ നിരാശയോടെ തിരികെ പോകേണ്ട അവസ്ഥയാണ്.
വിവിധ അറിവുകൾ പകരുന്നതിനു വിഡിയോ പ്രദർശനവും മ്യൂസിയത്തിലെ മറ്റ് കാഴ്ചകളും വെളിച്ച സംവിധാനം ഉപയോഗിച്ച് നടത്തുന്നതിനാൽ വൈദ്യുതി നിലയ്ക്കുന്നതോടെ ഇവ കാണാൻ പറ്റാത്ത അവസ്ഥയാകുന്നു.
അടിയന്തരമായി വെളിച്ച സംവിധാനവും പൂന്തോട്ടം, കുട്ടികളുടെ പാർക്ക് അടക്കമുള്ളവയും ഒരുക്കി ഇവിടെ മികച്ച ടൂറിസം കേന്ദ്രമാക്കണം എന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

