കൊച്ചി ∙ പിങ്ക് ഉടുപ്പണിഞ്ഞ ഒരു ജാപ്പനീസ് പെൺകൊടിയാണിപ്പോൾ കൊച്ചി. തെരുവുകളിൽ പൂത്തുനിൽക്കുന്ന ഇളം പിങ്ക് നിറത്തിലുള്ള പൂമരങ്ങൾ കണ്ടാൽ അങ്ങ് ജപ്പാനിലുള്ള കൊച്ചിയാണോ ഇതെന്ന് ഒരു നിമിഷം ഓർത്തു പോകും.
കണ്ടെയ്നർ ടെർമിനൽ റോഡ്, എളംകുളം മെട്രോ സ്റ്റേഷൻ റോഡ്, വൈറ്റില, പനമ്പിള്ളി നഗർ തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ ഇത് ‘ചെറി ബ്ലോസം’ കാലം. ചെറി പൂക്കളെ കാണാൻ ഇനി ജപ്പാനിൽ പോകേണ്ടല്ലോയെന്ന് ആശ്വസിച്ച് കൊച്ചിയിലെ ജപ്പാൻ വസന്തം ആഘോഷമാക്കുകയാണ് സമൂഹമാധ്യമവും.
കാഴ്ചയിലെ സാമ്യമൊഴിച്ചാൽ ഏറെ വ്യത്യസ്തരാണ് ജാപ്പനീസ് ചെറി പൂക്കളും കൊച്ചിയിലെ പിങ്ക് പൂക്കളും.
‘ചെറി ബ്ലോസ’മല്ല, ‘മെക്സിക്കൻ ബ്ലോസ’മെന്നു വേണം കൊച്ചിയിലെ ഈ പൂക്കാലത്തെ വിളിക്കാൻ. മെക്സിക്കൻ, ഇക്വഡോർ വംശജരായ ‘താബേബുയ റോസിയ’ സസ്യമാണ് കൊച്ചിയുടെ തെരുവുകളിൽ പൂവണിഞ്ഞത്.
ബെംഗളൂരുവിലും ഹൈദരാബാദിലും റോഡരികിൽ സുലഭമായ ഇവ അലങ്കാര ചെടിയായാണ് ഇന്ത്യയിലേക്കെത്തുന്നത്. വിദേശിയായതു കൊണ്ടാകണം ‘താബേബുയ’യ്ക്ക് മലയാളത്തിൽ ഒരു വിളിപ്പേരിടാൻ നമ്മൾ മിനക്കെടാഞ്ഞത്.
ഏത് കാലാവസ്ഥയോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്ന അധിനിവേശ സസ്യങ്ങളാണ് ‘താബേബുയ റോസിയ’.
മണ്ണിലെ ജലാംശം കുറയുകയും അന്തരീക്ഷത്തിലെ ചൂട് കൂടുകയും ചെയ്യുമ്പോൾ ഇവ ഇല പൊഴിക്കും, പൂക്കൾ വിടർത്തും. കൊഴിഞ്ഞു വീഴുന്ന പൂക്കൾ താഴെ പരവതാനി വിരിക്കും.
വളർച്ചാശേഷി കൂടുതലുള്ള ഇവയുടെ വിത്തുകൾ ഏറെ ദൂരം യാത്ര ചെയ്യും. വീണിടങ്ങളിൽ വളരെ പെട്ടെന്ന് പച്ച പിടിക്കും.
താബേബുയ പോലെയുള്ള അധിനിവേശ സസ്യങ്ങൾ ഭാവിയിൽ സ്വാഭാവിക സസ്യങ്ങളുടെ വളർച്ചയ്ക്ക് ഭീഷണിയാകുമോയെന്ന ആശങ്കയ്ക്ക് വകയുണ്ട്.
എങ്കിലും ഒരു അലങ്കാര ചെടിയെന്ന നിലയിൽ രാജ്യത്തെ തിരക്കേറിയ നഗരങ്ങളിൽ ഇവയോടുള്ള പ്രിയം കൂടികൊണ്ടിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

