ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വരവറിയിച്ചു മുന്നണികളുടെ രാഷ്ട്രീയജാഥകൾ ജില്ലയിലേക്ക്; ജാഥകളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ താഴേത്തട്ടിൽ സജീവമായതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. കഴിഞ്ഞദിവസം തൃശൂരിൽ ആരംഭിച്ച എൽഡിഎഫിന്റെ തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥ 7,8 തീയതികളിലാണു ജില്ലയിൽ പര്യടനം നടത്തുന്നത്.
നാളെ കാസർകോട് നിന്നാരംഭിക്കുന്ന യുഡിഎഫ് പുതുയുഗയാത്ര 25, 26 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. എൻഡിഎ ജാഥയുടെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങൾ സജീവമാണ്.
എൻഡിഎ തെക്കൻമേഖലാ യോഗം 9ന് ആലപ്പുഴയിൽ ചേരും. ഇതിനൊപ്പം സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ മൂന്നു മുന്നണികളും ബൂത്ത് അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്.
കമ്മിറ്റികൾ അഴിച്ചുപണിത് എൽഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎമ്മിൽ ഏരിയ കമ്മിറ്റികൾക്കു പകരം നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ താൽക്കാലിക കമ്മിറ്റികൾ നിലവിൽ വന്നു. മണ്ഡലം സെക്രട്ടറിമാരെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെയും ഉൾപ്പെടുത്തി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു.
ബൂത്ത് തലം വരെ എൽഡിഎഫ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
നിയമസഭാ മണ്ഡലം തലത്തിലെ എൽഡിഎഫ് കമ്മിറ്റികളിൽ മത്സരിക്കുന്ന പാർട്ടികൾക്കാണു കൺവീനർ സ്ഥാനം നൽകിയിട്ടുള്ളത്. ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങളിൽ സിപിഐക്കും കുട്ടനാട്ടിൽ എൻസിപിക്കും മറ്റ് 6 മണ്ഡലങ്ങളിൽ സിപിഎമ്മിനുമാണ് കൺവീനർ സ്ഥാനം.
എസ്ഐആർ കരട് പട്ടികയിലെ പിഴവുകൾ കണ്ടെത്തി പുതിയ വോട്ടർമാരെ ചേർക്കാനുള്ള പ്രവർത്തനങ്ങളും ബൂത്ത് തലത്തിലാണു നടക്കുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് 7ന് തൈക്കാട്ടുശേരി മാക്കേക്കടവ്, ചേർത്തല, മങ്കൊമ്പ്, ആലപ്പുഴ എന്നിവിടങ്ങളിലും 8ന് ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്വീകരണം നൽകും.
ബൂത്തുതല ഒരുക്കങ്ങളുമായി യുഡിഎഫ്
ബൂത്ത് തലത്തിലുള്ള എസ്ഐആർ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻഗണനയെന്നു യുഡിഎഫ് നേതാക്കൾ പറയുന്നു. ഇതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ മുതിർന്ന നേതാക്കൾക്കു ചുമതല നൽകിയിട്ടുണ്ട്.
ജെബി മേത്തർ എംപിക്കാണു ജില്ലാതല ചുമതല. എസ്ഐആറുമായി ബന്ധപ്പെട്ടു ബൂത്ത് കമ്മിറ്റികൾ സജീവമായെന്നും ഇതു തിരഞ്ഞെടുപ്പ് ഒരുക്കത്തിനു ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.
15ന് എസ്ഐആർ ഹിയറിങ് പൂർത്തിയാകുന്നതോടെ ബൂത്ത് കമ്മിറ്റികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കു കടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്ര 25നാണ് ജില്ലയിലെത്തുന്നത്.
ഇതിനു മുൻപ് നിയമസഭാ മണ്ഡലംതലത്തിൽ ജനസദസ്സുകൾ സംഘടിപ്പിക്കും. ഒരാഴ്ചയോളം ജില്ലയിലുടനീളം വിളംബരയാത്രകളും നടത്തും.
പുതുയുഗയാത്രയ്ക്ക് 25ന് തുറവൂർ, ചേർത്തല, ആലപ്പുഴ 26ന് അമ്പലപ്പുഴ, രാമങ്കരി, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണു സ്വീകരണം.
നേതൃയോഗങ്ങളുമായി എൻഡിഎ
നാളെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച അന്തിമ രൂപരേഖ തയാറാക്കുമെന്നു ബിജെപി നേതാക്കൾ പറയുന്നു. 9ന് എൻഡിഎ ദക്ഷിണമേഖലാ നേതൃയോഗം ആലപ്പുഴയിൽ ചേരുന്നുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ പങ്കെടുക്കും.
കഴിഞ്ഞദിവസം എൻഡിഎ നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ സംയുക്തയോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ബിജെപി ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചും നിശ്ചിത എണ്ണം വീടുകൾക്കു ചുമതലക്കാരെ നിശ്ചയ്ക്കും താഴേത്തട്ടിൽ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്.
10 ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു ബിഡിജെഎസ്
ചേർത്തല ∙ ബിഡിജെഎസ് സീറ്റ് നിർണയം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും 10 ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
പാർട്ടിയുടെ സീറ്റുകൾ ഒന്നും വിട്ടുകൊടുക്കുകയോ വച്ചുമാറുകയോ ചെയ്യില്ലെന്നും ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തിനു ശേഷം അദ്ദേഹം അറിയിച്ചു.
സീറ്റുകളുടെ കാര്യത്തിൽ ആരുടെയും സമ്മർദത്തിനു വഴങ്ങി വിട്ടുവീഴ്ച വേണ്ടെന്നു യോഗം തീരുമാനിച്ചു. 2016ൽ 32 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 2021ൽ 23 സീറ്റേ കിട്ടിയുള്ളൂ.
ഇത്തവണയും 23 സീറ്റ് ലഭിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും പാർട്ടിക്ക് അർഹമായ സീറ്റുകൾ കിട്ടിയില്ല.
തുടർച്ചയായി മത്സരിച്ചവരെ ഇനി പരിഗണിക്കേണ്ടെന്നും ജയസാധ്യത മാത്രം നോക്കിയാൽ മതിയെന്നും അഭിപ്രായമുണ്ടായി.
കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ തഴഞ്ഞില്ലെന്നു തുഷാർ പറഞ്ഞു. കൂടുതൽ പണം കിട്ടി.
എയിംസ് ലഭിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. സംസ്ഥാനമാണു സഹകരിക്കാത്തത്.
200 ഏക്കർ സ്ഥലം നൽകിയാൽ പറയുന്ന സമയത്ത് എയിംസ് ലഭിക്കും. ഇ.ശ്രീധരന്റെ റെയിൽവേ പദ്ധതി അദ്ദേഹത്തിന്റെ സ്വന്തം കാര്യമാണ്.
കേന്ദ്ര സർക്കാരിന് അതുമായി ബന്ധമില്ല. ജനങ്ങളെ ബോധവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തുഷാർ പറഞ്ഞു.
9ന് ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ നടക്കുന്ന എൻഡിഎ തെക്കൻ മേഖലാ ശിൽപശാലയിലും മലപ്പുറത്തു നടക്കുന്ന ശിൽപശാലയിലും മുഴുവൻ നേതാക്കളും പങ്കെടുക്കും.
140 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഒരുക്ക നേതൃക്യാംപുകൾ നടത്താനും ബൂത്തു കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന എൻഡിഎ യാത്ര വിജയിപ്പിക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.
കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു. അരയക്കണ്ടി സന്തോഷ്, സിനിൽ മുണ്ടപ്പള്ളി, പി.ടി.മന്മഥൻ, എ.എൻ.അനുരാഗ്, പൈലി വത്യാട്ട്, കെ.എൻ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ജ്യോതിസ്, എ.ബി.ജയപ്രകാശ്, തമ്പി മേട്ടുത്തറ, പ്രേംരാജ്, പച്ചയിൽ സന്ദീപ്, എസ്.ആർ.എം.അജി, അനീഷ് പുലുവേലി, രാകേഷ് കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

