പറവൂർ ∙ പുതിയ ദേശീയപാത– 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം– വിപി തുരുത്ത് പാലത്തിന്റെ 2 തൂണുകളിലുണ്ടായ താഴ്ച പരിശോധിക്കാൻ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു.
താഴ്ന്ന തൂണുകൾ ഉയർത്താൻ ചിലപ്പോൾ പാലത്തിൽ ഭാഗികമായ പൊളിച്ചു പണിയൽ വേണ്ടി വരും. ഈ ഭാഗത്തു പാലത്തിൽ ഘടിപ്പിച്ച ഭാരമുള്ള സ്റ്റീൽ ഗർഡറുകളും മറ്റും നീക്കിയാൽ മാത്രമേ തൂണുകൾ ഉയർത്താനാകൂ.
എന്നാൽ, എന്തു പരിഹാരനടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല.
പാലം നിർമാണത്തിൽ വിദഗ്ധരായവർ ദേശീയപാത പ്രോജക്ട് ഡയറക്ടർ പി. പ്രദീപിനൊപ്പം എത്തിയാണു പരിശോധിച്ചത്.
തൂണുകൾ താഴ്ന്നതല്ലാതെ ഘടനാപരമായ മറ്റു പ്രശ്നങ്ങൾ പാലത്തിൽ കണ്ടെത്തിയിട്ടില്ല. താഴാനുള്ള യഥാർഥ കാരണം കണ്ടെത്താനും സ്വീകരിക്കേണ്ട
തുടർനടപടികൾ തീരുമാനിക്കാനും വിദഗ്ധരായ കൂടുതൽപേരുടെ സംഘം ഇനിയും പരിശോധന നടത്തുമെന്നു പ്രോജക്ട് ഡയറക്ടർ പറഞ്ഞു. തൂണുകൾ എവിടെവരെ താഴ്ന്നിട്ടുണ്ടെന്നും ഏതെങ്കിലും പാറയിൽ തങ്ങിനിൽക്കുകയാണോയെന്നും പരിശോധിക്കും.
ഏകദേശം 500 മില്ലിമീറ്റർ വരെ തൂണുകൾ താഴ്ന്നതായി ദേശീയപാത അതോറിറ്റി സ്ഥിരീകരിച്ചിരുന്നു.
പരിശോധനയും തുടർപ്രവൃത്തികളും കരാർ കമ്പനിയുടെ ചെലവിലും ഉത്തരവാദിത്തത്തിലുമാണു നടത്തുക. ഡൽഹി കേന്ദ്രമായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് എന്ന കമ്പനിയാണ് ഇടപ്പള്ളി– മൂത്തകുന്നം റീച്ചിൽ നിർമാണം നടത്തുന്നത്.
പൈലിങ്ങിൽ വന്ന അപാകതയാണു താഴ്ചയുടെ കാരണമെന്നാണു കരാർ കമ്പനി അധികൃതർ പറയുന്നത്.
ഇവർ ഉപകരാർ കൊടുത്ത ആലുവയിലെ റിയൽ ടെക് എന്ന സ്ഥാപനമാണു പൈലിങ് നടത്തിയത്. പാലത്തിന്റെ 7–ാം പില്ലറിനെ താങ്ങിനിർത്തുന്ന 2 തൂണുകളാണ് ഇരുന്നുപോയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

