പടിഞ്ഞാറത്തറ ∙ പൂഴിത്തോട്–പടിഞ്ഞാറത്തറ സംസ്ഥാന പാതയുടെ പുതിയ വിശദ പദ്ധതി രേഖ (ഡിപിആർ) പൊതുമരാമത്തിനു സമർപ്പിച്ചത് വൻ പ്രതീക്ഷയായി. പുറം നാടുകളിലേക്ക് മതിയായ യാത്രാസൗകര്യമില്ലാതെ പൊറുതിമുട്ടുന്ന ജില്ലയിൽ ചുരമില്ലാപ്പാതയെന്ന സ്വപ്നം എത്രയും വേഗം യാഥാർഥ്യമാക്കണമെന്നും ആവശ്യമുണ്ട്.
തുടർനടപടികളുടെ ഭാഗമായി ഡിപിആറിനു സർക്കാർ അംഗീകാരവും ഭരണാനുമതിക്കുള്ള നടപടിയും വേഗത്തിലാക്കണമെന്നും ആവശ്യം ഉയർന്നുകഴിഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പുതിയ സർക്കാർ രൂപീകരണവും മഴക്കാലവും തുടർപ്രവർത്തനങ്ങൾക്കു വിലങ്ങുതടിയാകുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
തുടർനടപടികൾ വേഗത്തിലാരംഭിച്ച് ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥ–രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകണം.
റോഡ് നിർമാണത്തിൽ പെരുമാറ്റച്ചട്ടം പ്രതികൂലമായി ബാധിക്കരുതെന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ആവശ്യമുയർന്നിട്ടും അത് അധികൃതർ ചെവിക്കൊള്ളാൻ തയാറാകാത്തതാണു ഡിപിആർ നടപടികൾ വൈകാൻ ഇടയാക്കിയത്. റോഡിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾക്കായി ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്.
10 ദിവസത്തിനകം ഇരു ജില്ലകളിലെയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് ഡിപിആർ സമർപ്പിക്കുന്നതിന് 2 വർഷം വേണ്ടി വന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
നടപടികൾ ഏകോപിപ്പിക്കുന്നതിന് 2 നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തി മാസങ്ങൾ പിന്നിട്ടെങ്കിലും അവർ പദ്ധതിപ്രദേശം സന്ദർശിക്കുകയോ ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗം ആദ്യം സമർപ്പിച്ച പ്രാഥമിക ഡിപിആറിൽ അധികൃതർ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ ഡിപിആർ സമർപ്പിച്ചത്.
പുതിയ അലൈൻമെന്റ് പ്രകാരം നിർദിഷ്ട റോഡിന് 6 കിലോമീറ്റർ ദൂരം കുറയും.
പഴയ അലൈൻമെന്റ് പ്രകാരം 27.225 കിലോമീറ്റർ ആയിരുന്ന ദൂരം 20.918 കിലോമീറ്റർ ആയി ചുരുങ്ങി.പൂഴിത്തോട് റോഡിന് ഭരണാനുമതി ലഭിക്കുകയും 70% പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തിട്ട് 3 പതിറ്റാണ്ട് കഴിഞ്ഞെങ്കിലും നിലവിലെ സർക്കാരിന്റെ കണക്കിൽ ഇത് പുതിയ പദ്ധതി ആയിട്ടാണു നടപടികൾ പുരോഗമിക്കുന്നത്.
1994ൽ ഭരണാനുമതി ആയ പദ്ധതിയാണിത്. അന്ന് വനം വകുപ്പിന്റെ അനുമതി നേടിയിരുന്നില്ല.
ഇരു ജില്ലകളിലെയും വനേതര ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാക്കുകയും വനത്തിലെ പ്രവൃത്തികൾക്കു വേണ്ടി വനം മന്ത്രാലയത്തിന്റെ അനുമതിക്ക് അപേക്ഷിക്കുകയുമായിരുന്നു. അവരുടെ അന്വേഷണത്തിൽ പാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് നൽകിയതായും തുടർന്നാണ് പ്രവൃത്തി മുടങ്ങിയതെന്നും അധികൃതർ അറിയിക്കുകയായിരുന്നു.
എന്നാൽ അത്തരം ഒരു റിപ്പോർട്ട് എങ്ങും കണ്ടെത്തിയിരുന്നില്ല. വിവരാവകാശം പ്രകാരം അപേക്ഷ സമർപ്പിച്ചപ്പോൾ ഇത്തരം ഒരു രേഖ കണ്ടെത്താനായില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് റോഡ് ജനകീയ കർമ സമിതി പ്രവർത്തകർ പറഞ്ഞു.
അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് റോഡ് യാഥാർഥ്യമാകാനുള്ള നടപടികൾ വൈകുന്നതെന്ന ആരോപണവും ശക്തമായി.
തുടർന്ന് 2016ൽ നാട്ടുകാർ ജനകീയ കർമ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതോടെയാണ് റോഡ് വിഷയം സജീവമായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചുരം പാതയിൽ അടിക്കടി സംഭവിച്ചു വരുന്ന വൻ ഗതാഗതക്കുരുക്കും മണ്ണിടിച്ചിലും ചുരം ബദൽ പാതയ്ക്കുള്ള ആവശ്യം ശക്തമാക്കി.
പുതിയ പാത, പുതിയ സ്വപ്നം എന്ന പേരിൽ മനോരമ വാർത്താ പരമ്പര അവതരിപ്പിക്കുകയും വകുപ്പ് മന്ത്രിമാരെ പങ്കെടുപ്പിച്ച് വികസന സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് റോഡ് നിർമാണ പദ്ധതി സജീവമായതും ഡിപിആർ അടക്കമുള്ള നടപടികൾക്ക് വേഗം കൈവരിച്ചതും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

