പറവൂർ ∙ പുതിയ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം– വിപി തുരുത്ത് പാലത്തിന്റെ 2 തൂണുകളിലുണ്ടായ താഴ്ച സ്ഥിരീകരിച്ച ദേശീയപാത അതോറിറ്റി വിദഗ്ധ പരിശോധന ആരംഭിച്ചതായി അറിയിച്ചു. പദ്ധതി നിർവഹണത്തിനു നിയോഗിച്ച സ്വതന്ത്ര എൻജിനീയർ നടത്തിയ പരിശോധനയിൽ ഏകദേശം 500 മില്ലിമീറ്റർ വരെ താഴ്ച കണ്ടെത്തി.
ഇതിന്റെ കാരണങ്ങൾ കണ്ടെത്താനും പരിഹാര നടപടികൾ നിർദേശിക്കാനും വിദഗ്ധ സംഘം വിശദമായ സാങ്കേതിക പരിശോധന ആരംഭിച്ചെന്നും അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി.പ്രദീപ് ഹൈബി ഈഡൻ എംപിയെ അറിയിച്ചു. പരിശോധനയും തുടർന്നുള്ള പ്രവൃത്തികളും കരാർ കമ്പനിയുടെ ചെലവിലും ഉത്തരവാദിത്തത്തിലും നടത്തും.
ഡൽഹി കേന്ദ്രമായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇടപ്പള്ളി – മൂത്തകുന്നം റീച്ചിൽ നിർമാണം നടത്തുന്നത്.
കരാർ വ്യവസ്ഥകൾ പ്രകാരം പാലത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും രൂപകൽപന, നിർമാണം, പരിപാലനം, ഘടനാപരമായ സുരക്ഷ, സ്ഥിരത എന്നിവ 15 വർഷത്തേക്ക് ഉറപ്പാക്കേണ്ട പൂർണ ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്ന് അതോറിറ്റി വ്യക്തമാക്കി.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു ദേശീയ പാത അതോറിറ്റി ആസ്ഥാനത്തേക്കും വിവരങ്ങൾ കൈമാറി.
പാലത്തിന്റെ 7–ാം പില്ലറിനെ താങ്ങി നിർത്തുന്ന 2 തൂണുകളാണ് താഴേക്ക് ഇരുന്നത്. നിലവിൽ പാലത്തിലെ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രധാന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
നടപടി ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു നിവേദനം നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

