സ്വർണവില ഇന്നലെ നടത്തിയ ‘അദ്ഭുത മുന്നേറ്റത്തിന്റെ’ കടകവിരുദ്ധ പ്രകടനവുമായി ഇന്ന് കുത്തനെ താഴ്ന്നിറങ്ങി. രാജ്യാന്തര വിപണിയിൽ വിലയിന്നലെ ഔൺസിന് ‘തീ’ക്കുതിപ്പുമായി 5,570 ഡോളറിന് മുകളിലെത്തിയപ്പോൾ കേരളത്തിൽ ‘മിന്നൽപ്പിണറായി’ 1.31 ലക്ഷം രൂപ ഭേദിച്ച് പവനും കുതിച്ചിരുന്നു; ഗ്രാം 16,000 രൂപയും ഭേദിച്ചു.
എന്നാൽ, രാജ്യാന്തരവില ഇപ്പോഴുള്ളത് 5,171 ഡോളറിൽ. ഒരുവേള 5,131 ഡോളറിലേക്കും ഇടിഞ്ഞു.
4 ശതമാനത്തോളം വീഴ്ച.
ഇതോടെ, കേരളത്തിലും ഇന്നു രാവിലെ വില ശരവേഗത്തിൽ ഇടിയുകയായിരുന്നു. പവന് 5,240 രൂപ ഇടിഞ്ഞ് 1,25,120 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ രാവിലെ 1,31,160 രൂപയായിരുന്നു. 8,600 രൂപയിലധികമായിരുന്നു കൂടിയത്.
വൈകിട്ട് 800 രൂപ കുറയുകയും ചെയ്തു.
∙ഗ്രാം വില ഇന്ന് 655 രൂപ താഴ്ന്ന് 15,640 രൂപയായി.
∙ ഇന്നലെ രാവിലെ ജിഎസ്ടിയും (3%) പണിക്കൂലിയും (മിനിമം 10% പ്രകാരം), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേർത്ത് ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽ വില 1.48 ലക്ഷം രൂപയിൽ എത്തിയിരുന്നു.
∙ ഇന്നത് 1.45 ലക്ഷം രൂപയ്ക്ക് താഴെയായി കുറഞ്ഞിട്ടുണ്ട്.
ട്രംപിന്റെ താരിഫ് യുദ്ധം, ഇറാൻ-യുഎസ് സംഘർഷ ഭീതി, യുക്രെയ്ൻ-റഷ്യ യുദ്ധം, ഗ്രീൻലൻഡിനെ ചൊല്ലി യുഎസ്-യൂറോപ്പ് ഭിന്നത, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയം, ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനെ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കം തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു രാജ്യാന്തര സ്വർണവില ഇന്നലെ വമ്പൻ മുന്നേറ്റം നടത്തിയത്.
എന്നാൽ, ഈ മുന്നേറ്റം മുതലെടുത്ത് നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ വില കുത്തനെ താഴ്ന്നു. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.33% ഉയർന്ന് 96.58ലേക്ക് മെച്ചപ്പെട്ടതും സ്വർണവിലയുടെ തിരിച്ചിറക്കത്തിന് വഴിവച്ചു.
എങ്കിലും, രാജ്യാന്തരതലത്തിൽ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതും യുഎസ് സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളും സ്വർണവിലയിൽ വീണ്ടും കുതിപ്പിന് ഇടയാക്കിയേക്കാമെന്ന് വിലയിരുത്തലുകളുണ്ട്.
പ്രത്യേകിച്ച്, യുഎസ് ഏത് നിമിഷവും ഇറാനെതിരെ ആക്രമണം തുടങ്ങിയേക്കാമെന്ന റിപ്പോർട്ടുകൾ സ്വർണത്തിനാണ് നേട്ടമാവുക.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയായി. രാജ്യാന്തര തലത്തിലെ ലാഭമെടുപ്പ് വെള്ളിവിലയെയും ബാധിച്ചു.
കേരളത്തിൽ ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 395 രൂപയായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 535 രൂപ കുറഞ്ഞ് 12,845 രൂപയാണ്.
വെള്ളിക്കു ഇവരും നൽകിയവില 395 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

