മധ്യേഷ്യയിലും ആഗോള സമ്പദ്മേഖലയിലും ആശങ്ക വിതച്ച് ഇറാൻ-യുഎസ് യുദ്ധഭീതി കനക്കുന്നു. ആണവ പദ്ധതി ഉപേക്ഷിക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്ക് സമയപരിധി കഴിഞ്ഞിട്ടും ഇറാൻ തയാറാകാത്തത് യുഎസ് പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഏത് നിമിഷവും യുഎസ് ‘അർമാഡ’യിൽ നിന്ന് ഇറാനെ ഉന്നമിട്ട് ആക്രമണമുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.
ഇറാന്റെ തിരിച്ചടി എങ്ങനെയാകുമെന്ന അവ്യക്തത യുഎസിനെ കുഴയ്ക്കുന്നുമുണ്ട്. ഇതിനിടെ ഇറാനിയൻ സൈന്യമായ ഇറാൻ റവല്യൂഷണറി ഗാർഡ് കോറിനെ (ഐആർജിസി) ‘ഭീകരവാദ സംഘടന’യായി പ്രഖ്യാപിക്കാനുള്ള നീക്കം യൂറോപ്യൻ യൂണിയൻ തുടങ്ങിയിട്ടുണ്ട്.
ഇറാനിൽ രാഷ്ട്രീയ മാറ്റം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരക്കണക്കിനു പേരെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ചാണ് ഇയുവിന്റെ നീക്കം.
അതേസമയം, ഇറാനെ ആക്രമിക്കുന്നതിലൂടെ ട്രംപ് എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ആണവ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റത്തിന് തയാറാകാത്തതാണോ ആക്രമണത്തിന് കാരണമായി യുഎസ് കാണുന്നതെന്ന് ചിലർ ചോദിക്കുന്നു.
അതോ, ഇറാനിലെ രാഷ്ട്രീയമാറ്റമാണോ? യുഎസിൽ നിന്നോ ഇയുവിൽ നിന്നോ ഏതുവിധേനയുള്ള ആക്രമണമുണ്ടായാലും അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആടിയുലഞ്ഞ് സ്വർണം, തിളച്ചുമറിഞ്ഞ് ക്രൂഡ് ഓയിൽ
ട്രംപിന്റെ താരിഫ് യുദ്ധം, ഇറാൻ-യുഎസ് സംഘർഷ ഭീതി, യുക്രെയ്ൻ-റഷ്യ യുദ്ധം, ഗ്രീൻലൻഡിനെ ചൊല്ലി യുഎസ്-യൂറോപ്പ് ഭിന്നത, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയം, ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനെ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കം തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 5,578 ഡോളർ എന്ന സർവകാല ഉയരത്തിലേക്ക് കയറിയിരുന്നു.
എന്നാൽ, ഈ കുതിപ്പ് മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ വില കുത്തനെ ഇടിഞ്ഞത് 5,261 ഡോളറിലേക്ക്. കേരളത്തിൽ ഇന്നലെ രാവിലെ പവന് 8,600 രൂപയിലേറെ വർധിച്ച് ‘അദ്ഭുത മുന്നേറ്റം’ നടത്തിയിരുന്നു.
വൈകിട്ട് 800 രൂപ കുറയുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ നിലവിലെ ട്രെൻഡ് തുടർന്നാൽ ഇന്നു രാവിലെ കേരളത്തിലെ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടാകും.
ഇറാൻ-യുഎസ് സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില തിളച്ചുകയറുകയാണ്. ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞ ഓഗസ്റ്റിനുശേഷം ഇതാദ്യമായി ബാരലിന് 70 ഡോളർ ഭേദിച്ചു.
ഡബ്ല്യുടിഐ വില 65 ഡോളറിലുമെത്തി.
ബജറ്റ് ‘ബൂസ്റ്റായാൽ’ ഓഹരി കുതിക്കും
ഇന്ത്യൻ ഓഹരി വിപണി ഇനി ഉറ്റുനോക്കുന്നത് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക്. ഞായറാഴ്ചയാണ് (ഫെബ്രുവരി ഒന്ന്) ബജറ്റ്.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപനവും ഇന്ത്യയ്ക്ക് മികച്ച ജിഡിപി വളർച്ചനിരക്ക് പ്രവചിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടും ഓഹരി വിപണിക്ക് ഇന്നലെ ഭേദപ്പെട്ട പിന്തുണ നൽകിയിരുന്നു.
എന്നാൽ, വൈദേശിക വെല്ലുവിളികൾ തിരിച്ചടിയാവുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 55 പോയിന്റ് താഴ്ന്നത് ഇന്നു സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെ തുടങ്ങിയേക്കാമെന്ന സൂചന നൽകുന്നു. യുഎസ് ഫെഡിന്റെ ചെയർമാൻ സ്ഥാനത്തു പവലിന്റെ പകരക്കാരനെ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് ഫ്യൂച്ചേഴ്സിൽ സൂചികകൾ നഷ്ടത്തിലേക്ക് വീണു. ഏഷ്യൻ വിപണികൾ സമ്മിശ്രമാണ്.
∙ യുകെയും ചൈനയും ബിസിനസ് ബന്ധം ശക്തമാക്കാൻ ശ്രമിക്കുന്നതിനെതിരെ ട്രംപ് രംഗത്തുവന്നു.
ഇരു രാജ്യങ്ങളും കൈകോർക്കുന്നത് യുഎസിന് അതീവ ഭീഷണിയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
∙ കാനഡ യുഎസിൽ വിമാനം വിൽക്കാൻ ശ്രമിച്ചാൽ 50% തീരുവ ചുമത്തുമെന്ന പുതിയ ഭീഷണിയും ട്രംപ് മുഴക്കി. അമേരിക്കൻ വിമാനങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ കാനഡ തയാറാകാത്തതാണ് കാരണം.
ഇന്ത്യ-യുഎസ് ഡീൽ ഉടൻ?
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രഖ്യാപനം ഇന്നുമുതൽ ഏതുദിവസവും പ്രതീക്ഷിക്കാമെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.
ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന സൂചന കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്നു. ഇന്ത്യ-ഇയു കരാറിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും ചർച്ച വീണ്ടും ഊർജിതമാക്കിയതെന്നും സൂചനകളുണ്ട്.
ഘട്ടംഘട്ടമായി നടപ്പാക്കുന്നവിധമുള്ള കരാറായിരിക്കും ഇന്ത്യയും യുഎസും തമ്മിലുള്ളത്.
ഇതിന്റെ ആദ്യഘട്ടത്തിന്റെ പ്രഖ്യാപനമാകും ഉടനുണ്ടാവുക. തർക്കവിഷയങ്ങളിൽ സമവായം കണ്ടെത്തിയാകും തുടർഘട്ടങ്ങൾ.
നിലവിൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 191 ബില്യൻ ഡോളറാണ്. 2030ഓടെ ഇതു 500 ബില്യനിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടാകും കരാർ.
ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തിയതും വ്യാപാരക്കരാർ പ്രഖ്യാപനത്തിന്റെ സാധ്യതകൾ കൂട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

