പാലക്കാട് ∙ അപകടാവസ്ഥയിലുള്ള ടൗൺ സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി ഷോപ്പിങ് കോംപ്ലക്സ് സഹിതമുള്ള പുതിയ ബസ് സ്റ്റാൻഡ് നിർമിക്കും. ഇതിനായി നഗരസഭ എൻജിനീയറിങ് വിഭാഗം തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് കൗൺസിൽ യോഗം അംഗീകരിച്ചു. പാർക്കിങ് സൗകര്യം സഹിതമാണു പുതിയ സ്റ്റാൻഡ് സജ്ജമാക്കുക.
സമീപത്തായി മൾട്ടി ലവൽ പാർക്കിങ് കേന്ദ്രത്തിനും പദ്ധതിയുണ്ട്. പാലക്കാട് വലിയങ്ങാടിയുടെ വികസനത്തോടൊപ്പം ലോക്കൽ ഏരിയ ഡവലപ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് ബസ് സ്റ്റാൻഡ് സഹിതമുള്ള ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുക.
ഫണ്ട് അനുവദിക്കുന്ന മുറയ്ക്കു തുടർ നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് അറിയിച്ചു.
അതിനു മുൻപ് കോംപ്ലക്സിലെ വ്യാപാരികളുമായി നഗരസഭ ചർച്ച നടത്തും. ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ചുനീക്കണമെന്നും എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. നിലവിലെ ബസ് സ്റ്റാൻഡ് ഉയരം കുറച്ച് അപകട ഭീഷണി ഒഴിവാക്കിയാകും പുതിയതു നിർമിക്കുക.
മേലാമുറി പിഎച്ച്സിക്ക് പുതിയ കെട്ടിടം
∙ മേലാമുറി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കും.
ഇതോടൊപ്പം ആലാംകോടുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് സുന്ദരം കോളനിയിൽ നഗരസഭയുടെ സ്ഥലത്തു പുതിയ കെട്ടിടം നിർമിക്കും. ഇരു പദ്ധതികൾക്കുമായി 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മേലാമുറി പിഎച്ച്സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സമീപത്തുള്ള നഗരസഭാ സ്ഥലം കൂടി അനുവദിക്കുന്നതും പരിഗണനയിലാണ്. മേലാമുറി പിഎച്ച്സിയിൽ വൈകിട്ടും ഒപി സൗകര്യം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ജല അതോറിറ്റിക്കെതിരെ പരാതി
∙ നഗരത്തിലെ ശുദ്ധജല ലഭ്യതയിൽ ജല അതോറിറ്റിക്കെതിരെ പരാതി തുടരുന്നു.
പൈപ് പൊട്ടിയത് അറിയിച്ചാൽ പോലും സമയത്ത് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും വടക്കന്തറ മനയ്ക്കൽത്തൊടി മേഖലകളിലുൾപ്പെടെ ശുദ്ധജലക്ഷാമമെന്നും പരാതി ഉയർന്നു. നഗരസഭാംഗങ്ങളുടെയും ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്ന് അധ്യക്ഷൻ അറിയിച്ചു.
∙ ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് നിർമാണം നഗരത്തിൽ നിന്നുള്ള ജലമൊഴുക്കിനെ ബാധിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ സംയുക്ത പരിശോധനയ്ക്ക് നഗരസഭ റെയിൽവേയ്ക്കു കത്തു നൽകും. ഒഴുക്കു സുഗമമാക്കിയില്ലെങ്കിൽ പരിസര കോളനികളിൽ വെള്ളക്കെട്ടിനു സാധ്യതയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

